| benny's profileബെന്നിPhotosBlogLists | Help |
|
October, 2005 ഭാഷാതല്‍പ്പരര്‍ക്ക് ജോലിസാധ്യതനൌകരിയിലും മോണ്‍സ്റ്ററിലും "ഇരകളെ" കിട്ടാതാവുമ്പോള്‍, കമ്പനികള്‍ക്ക് ദൈവം തമ്പുരാന്‍ തന്നെ ശരണം. ഹൈ എന്‍ഡ് പ്രോഗ്രാമിംഗും ക്രിയേറ്റീവ് ഡിസൈനിംഗും തൊട്ട് പാട്ടെഴുതാന്‍ വരെയുള്ള സകല ഗുലുമാല്‍ ജോലികള്‍ക്കും വേണ്ട റസ്യൂമെകള്‍ ജോബ് സൈറ്റുകളിലുണ്ട്. എന്നാല്‍ "water water everywhere, but, not a drop to drink at all" (വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിക്കാനില്ലെത്രെ എന്ന് ലോക്കലൈസേഷന്‍!) എന്നു പറഞ്ഞ പോലെയാണ് പല കമ്പനികളും, പ്രത്യേകിച്ച് ലാംഗ്വേജ് കമ്പ്യൂട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവ.
ലിനക്സിന്‍റെയും വിന്‍ഡോസ് എക്സ്പിയുടെയും മലയാളം പതിപ്പുകള്‍ അടുത്തുതന്നെ വിപണിയില്‍ ലഭ്യമാവും. (ലിനക്സ്, മലയാളം പതിപ്പ് ഇറക്കിക്കഴിഞ്ഞോ?) അവ എത്തിയാല്‍? കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മോണിറ്ററില്‍ തെളിയുന്നത് മലയാളമായിരിക്കും. എന്തിനും ഏതിനും കമ്പ്യൂട്ടറില്‍ മലയാളം എന്ന അവസ്ഥ. നമ്മളിത് അസ്സലായി പരിചയിച്ചു എന്നിരിക്കട്ടെ. ഇംഗ്ലീഷ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ നമ്മള്‍ വെറുത്തുപോവില്ലേ? അല്ലെങ്കില്‍ അവഗണിക്കില്ലേ? കേരളാ ബ്ലോഗ് റോളില്‍ കയറി, മലയാളം മാത്രം തെരഞ്ഞു പിടിച്ചു വായിക്കുന്നവരെ എനിക്കറിയാം. ഇംഗ്ലീഷ് വായിച്ചാല്‍ മനസ്സിലാകാത്തത് കൊണ്ടല്ല അവരിതു ചെയ്യുന്നത്. അവരുടെ ശീലമാണ് ഇവിടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
അപ്പോള്‍, മലയാളം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ നിലവില്‍ വന്നാല്‍, മലയാളികള്‍ അവഗണിച്ചേക്കാവുന്ന സോഫ്റ്റ്‌വെയറുകള്‍ നിരവധിയുണ്ട്. ഇവ നിര്‍മ്മിക്കുന്ന കമ്പനികള്‍ സ്വാഭാവികമായി എന്താണു ചെയ്യുക? ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നും! ഇവരും, നിര്‍മ്മിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ക്ക് മലയാളം പതിപ്പിറക്കാന്‍ തുടങ്ങും. ചില കമ്പനികള്‍ ഓടുന്ന നായയ്ക്ക് ഒരുമുഴം മുമ്പേ നീട്ടിയെറിയും. മലയാളം ഓപ്പറേറ്റിംഗ് സിസ്റ്റം വരും മുമ്പേ, ഇങ്ങിനെയുള്ള കമ്പനികള്‍ അവരുടെ സോഫ്റ്റ്‌വെയറുകള്‍ക്ക് മലയാളം പതിപ്പിറക്കും.
ഞാന്‍ ജോലി ചെയ്യുന്ന കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സോഫ്റ്റ്‌വെയറുകള്‍ക്ക് ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ ഇറക്കുന്നതിലാണ്. മൊബൈല്‍, പിഡിഎ, പാം, കമ്പ്യൂട്ടര്‍ എന്നിവയുടെയൊക്കെ ആപ്ലിക്കേഷനുകള്‍ (പ്രയോഗങ്ങള്‍) ഇന്ത്യന്‍ ഭാഷകളിലേക്ക് ലോക്കലൈസ് (പ്രാദേശികവല്‍ക്കരണം) ചെയ്യലാണ് ജോലി. ഒപ്പം മൊബൈല്‍ പോലുള്ള ഉപകരണങ്ങള്‍ക്കും സോഫ്റ്റ്‌വെയറുകള്‍ക്കും ഒപ്പം വരുന്ന യൂസര്‍ ഗൈഡുകള്‍ (ഉപയോക്തൃ സഹായികള്‍) മൊഴിമാറ്റം ചെയ്യലും.
ലോക്കലൈസേഷനെന്ന പദത്തിന് മൊഴിമാറ്റം എന്ന അര്‍ത്ഥം പലരും കൊടുത്തു കണ്ടിട്ടുണ്ട്. അതു ശരിയാണെന്ന് തോന്നുന്നില്ല, പകരം, മൊഴിമാറ്റവും ഉള്‍പ്പെടുന്ന ഒരു പ്രോസസ്സ് (പ്രക്രിയ) ആണത്. പ്രാദേശിക ഭാഷയില്‍, സ്പെല്‍ ചെക്കറും (ലിപി പരിശോധനോപാധി) ഗ്രാമര്‍ ചെക്കറും (വ്യാകരണ പരിശോധനോപാധി) ഉണ്ടാക്കുക തൊട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഭാഷാന്തരീകരണം വരെ ലോക്കലൈസേഷന്‍റെ പരിധിയില്‍ വരുന്നു. ട്രാന്‍സ്‌ലിറ്ററേഷന്‍ (ലിപ്യന്തരണം?) അടിസ്ഥാനമാക്കി, മലയാളം ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന വരമൊഴിയുടെ സൃഷ്ടിയും ലോക്കലൈസേഷന്‍റെ പരിധിയില്‍ വരും.
ജോബ് സൈറ്റുകള്‍ വിളറിപ്പോവുന്ന തൊഴില്‍ മേഖലകളില്‍ ഒന്നാണ്, ലാംഗ്വേജ് കമ്പ്യൂട്ടിംഗും ഭാഷാപരിജ്ഞാനവും കൈകോര്‍ക്കുന്ന ലോക്കലൈസേഷന്‍ ഭൂമിക. സൈറ്റായ സൈറ്റൊക്കെ പരതിയിട്ടും, ഇണങ്ങുന്ന ഒരു റസ്യൂമെ കണ്ടെടുക്കാന്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ആവുന്നില്ല. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയും ഇതിന് അപവാദമല്ല.
Copy എന്ന പദം ഏതാണ്ടെല്ലാ ആപ്ലിക്കേഷനുകളിലും കാണാം. ക്രിയയായും നാമമായും ഈ ഇംഗ്ലീഷ് പദത്തിന് നിലനില്‍പ്പുണ്ട്. എന്നാലത് മലയാളത്തിലേക്ക് മാറ്റുമ്പോഴോ? "പകര്‍ത്തുക" എന്നും "പകര്‍പ്പ്" എന്നും പറഞ്ഞ് ഒപ്പിക്കാം അല്ലേ? അപ്പോള്‍ Copy and Paste എന്നൊരു സ്ട്രിംഗ് (പദശ്രേണി) ഉപയോക്തൃ സഹായിയില്‍ ഉണ്ടെങ്കില്‍ മൊഴിമാറ്റം എങ്ങിനെ ചെയ്യും? "പകര്‍ത്തി, ഒട്ടിക്കുക" എന്നോ? "പകര്‍ത്തി" എന്നു പറയുമ്പോള്‍ തന്നെ ക്രിയ പൂര്‍ണ്ണമായിക്കഴിഞ്ഞു, പിന്നെ "ഒട്ടിക്കുക" എന്നു പറയുന്നതിന്‍റെ പ്രസക്തി?
അപ്പോള്‍ പിന്നെ "പകര്‍പ്പെടുക്കുക" എന്ന ക്രിയാരൂപമേ നമ്മുടെ മുന്നിലുള്ളൂ. ഇത് ഉപയോഗിച്ചാല്‍ എല്ലാം ഒരുവിധം ശരിയാവുമെന്ന് തോന്നുന്നു. "പകര്‍പ്പെടുക്കുക", "പകര്‍പ്പ്" എന്നിവയില്‍ പ്രാസമുണ്ട്. ഒപ്പം തന്നെ "പകര്‍പ്പെടുത്ത് ഒട്ടിക്കുക" എന്നു പറയുന്നതിന് സ്വാഭാവികതയും ഉണ്ട്.
പദത്തിന്, ആപ്ലിക്കേഷന്‍ അനുവദിച്ചേക്കാവുന്ന നീളം, കണക്കില്‍ എടുക്കാതെയാണ് ഞാന്‍ പ്രശ്നപരിഹാരം ഉണ്ടാക്കിയത്. ഞാനീ ചെയ്തതിനേക്കാള്‍ ഭംഗിയായി, Copy പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നവര്‍ ഏറെയുണ്ട്. അവര്‍ക്കു വേണ്ടിയാണ് ഈ കുറിപ്പ്. ലോക്കലൈസേഷനില്‍ ഹരമുള്ള, മലയാളഭാഷയെ സ്നേഹിക്കുന്ന ബിരുദധാരികള്‍ ആരെങ്കിലും ഇത് വായിക്കുകയാണെങ്കില്‍ എന്നെ ബന്ധപ്പെടുക. അഞ്ചോളം ഒഴിവുകള്‍ ഇപ്പോള്‍ കമ്പനിയിലുണ്ട്. Comments (3)
TrackbacksThe trackback URL for this entry is: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!183.trak Weblogs that reference this entry
|
|
|