| benny's profileബെന്നിPhotosBlogLists | Help |
|
October, 2005 ലളിത വായനയ്ക്കൊരു മഴപ്പുസ്തകംടോം ജെ മങ്ങാട്ട് എഡിറ്റ് ചെയ്ത് ഡിസി പ്രസിദ്ധീകരിച്ച മഴക്കാലം, വായനയ്ക്കൊരു മുതല്‍ക്കൂട്ടാണ്. മഴയുടെ തത്വശാസ്ത്രവും ശാസ്ത്രവും അന്വേഷിക്കുന്നവര്‍ക്ക് ഈ പുസ്തകം രസിക്കണമെന്നില്ല. മഴയെപ്പറ്റി പറഞ്ഞു തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ലെങ്കിലും, നമ്മുടെ സംവേദനക്ഷമതയുടെ രസമുകുളങ്ങള്‍ ത്വരിപ്പിക്കുന്ന മുപ്പതോളം ലേഖനങ്ങളിലൂടെ, അഴകാര്‍ന്ന ഒരു ചിത്രം കോറിയിടാന്‍ ടോമിന് കഴിയുന്നുണ്ട്.
മഴപ്പുസ്തകത്തില്‍ നിന്ന് പെറുക്കിയെടുത്ത നുറുങ്ങുകള്‍:
(മഴയെയും സംഗീതത്തെയും പറ്റി രവീന്ദ്രന്‍)
ആദ്യത്തെ മഴത്തുള്ളി ഒന്ന്, രണ്ട്.. എന്നു പതിയും. പിന്നെ ഇടി, മിന്നല്‍... ചെറിയൊരു ചാറല്‍ മഴയാണ് പിന്നെ. അത് ഒന്നുകൂടി വേഗത്തിലാവും. പിന്നെ ഭയങ്കര ഇടിവെട്ടും മിന്നലുമാണ്. "അരയന്നമേ... ആരോമലേ" എന്ന പാട്ട് ശ്രദ്ധിച്ചാലറിയാം. അവിടെ ഒരു ചാറ്റല്‍ മഴയുടെ ഈണമാണ്. "ഏഴു സ്വരങ്ങളും" എന്ന പാട്ടിലെ "ആരോ പാടും ലളിതമധുരമയ ഗാനംപോലും കരളിലമൃതമഴ ചൊരിയും.." മഴയ്ക്ക് ശക്തി കൂടി വരുന്നതുപോലെയാണ് ആ വരികളുടെ മട്ട്. (കുട്ടനാട്ടിലെ മഴയെപ്പറ്റി തകഴി)
മഴക്കാലത്ത്, രാത്രിയില്‍ ഒരു വിനോദമുണ്ട്. കാരി, വരാല്‍, കുറുവ തുടങ്ങിയ മീനുകള്‍ മുറ്റത്തും പറമ്പിലും ഓടിക്കളിക്കുകയല്ലേ. ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ അവയെ വെട്ടിപ്പിടിക്കും. വലിയ വരാലും ചമ്മ എന്നു പേരുള്ള ഒരു മീനുമാണ് മുഖ്യയിനങ്ങള്‍. ചമ്മ വരാലുപോലെ തന്നെയാണ്. പക്ഷേ രണ്ട് മീശയുണ്ട്. കുട്ടനാട്ടിലെ പെണ്ണുങ്ങളെല്ലാം ഇത്തരം മീന്‍പിടുത്തത്തില്‍ വിദഗ്ധരായിരുന്നു. (കടലിലെ മഴയെപ്പറ്റി സേവ്യര്‍ ബെഞ്ചമിന്‍)
രാത്രിയില്‍ കടലില്‍ മഴ വരുന്നതിന് മുമ്പേ അപകടകാരിയായ മറ്റൊന്നെത്തും. കുത്തിക്കീറുന്ന തണുപ്പ്. ഒപ്പം ദേഹം ചുളിക്കുന്ന കാറ്റും. പിന്നെ വലിയ ഹുങ്കാരശബ്ദമുണ്ടാകും. ആളെ വിഴുങ്ങാന്‍ വരുന്ന ഭൂതത്തെപ്പോലെ വള്ളങ്ങളെ വളഞ്ഞ് ചുറ്റുനിന്നും ആര്‍ത്തനാദത്തോടെ വീശിയടിക്കും. കാണാനാവില്ല. ശബ്ദം കൊണ്ട് മഴ അടുത്തെത്തുന്നതും നമ്മളെ മൂടുന്നതും തിരിച്ചറിയാം. ഒന്നും ചെയ്യാനാവില്ല. (മഴയും മനുഷ്യനും എന്ന വിഷയത്തെ അധികരിച്ച് മിനി ചന്ദ്രന്‍)
കോണ്‍ക്രീറ്റ് സൌധങ്ങള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും ഇടയില്‍ കഴിയുമ്പോഴും "ഇക്കൊല്ലവും മഴ ചതിക്കുമോ" എന്ന് നെഞ്ചത്തു കൈവച്ച് ആശങ്കപ്പെടുന്ന കര്‍ഷകന്‍റെ മനസ്സു കാത്തു സൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. (ഹൈറേഞ്ചിലെ മഴയെപ്പറ്റി സുസ്മേഷ് ചന്ത്രോത്ത്)
പാവുമുണ്ട് നെയ്യാനുപയോഗിക്കുന്ന നാല്‍പ്പതാം നമ്പര്‍ നൂലിന്‍റെ വണ്ണത്തില്‍ പെയ്യുന്ന മഴയാണ്‍ നാല്‍പ്പതാം നമ്പര്‍. നൂറാം നമ്പര്‍ നൂലുപോലെ തീരെ നേര്‍ത്തു പെയ്യുന്ന മഴ, നൂറാം നമ്പര്‍ മഴ. കൃഷിക്ക് ഏറ്റവും അനുയോജ്യമായ മഴ നാല്‍പ്പതാം നമ്പറാണ്. കുരുമുളക്, ഏലം, കാപ്പി എന്നിവയ്ക്കൊക്കെ ഈ മഴ ഗുണം ചെയ്യും. നൂറാം നമ്പര്‍ വിളകള്‍ക്ക് ദോഷമേ ഉണ്ടാക്കുകയുള്ളൂ. കാപ്പിയില്‍ കുരു കുറയും. ഏലത്തിനും ഇഞ്ചിക്കുമൊക്കെ വിളവ് കുറയും. തണുപ്പും കുളിരും കൂടുതല്‍ നൂറാം നമ്പറിനാണ്; അതുകൊണ്ടുതന്നെ അനാരോഗ്യകരവും. നൂറാം നമ്പറിന്‍റെ മറ്റൊരു പ്രത്യേകത ഒപ്പമെത്തുന്ന കനത്ത മഞ്ഞാണ്. (സാഹിത്യത്തിലെ മഴയെപ്പറ്റി ഇ സന്തോഷ്കുമാര്‍)
ഖസാക്കിലെ അവസാന മഴയ്ക്ക് കോപാവേശങ്ങളില്ല. ഇടിയും മിന്നലുമില്ലാതെ നിന്നുപെയ്യുന്ന കാലവര്‍ഷത്തിന്‍റെ വെളുത്ത മഴയാണത്. നാശം വിതച്ച കൊറ്റുങ്കാറ്റ് കഴിഞ്ഞിരിക്കുന്നു. കൂമന്‍കാവങ്ങാടിയിലെ ഏറുമാടങ്ങളത്രയും നിലംപൊത്തിയിരിക്കുന്നു. അങ്ങാടിയില്‍ മിക്കവാറും ഒന്നുംതന്നെ അവശേഷിച്ചിരുന്നില്ല. പിന്നെ മഴ മാത്രം പെയ്യുന്നു. ഉറങ്ങുകയും ശാന്തമാവുകയും ചെയ്യുന്ന മഴ. അനാദിയായ മഴവെള്ളത്തിന്‍റെ സ്പര്‍ശം. (രാഗങ്ങളും മഴയും എന്ന സമസ്യയെപ്പറ്റി രവിമേനോന്‍) അമൃതവര്‍ഷിണി പാടിയാല്‍ മഴ പെയ്യുമോ എന്ന ചോദ്യത്തിന് ഒരിക്കല്‍ ചെമ്പൈ നല്‍കിയ മറുപടി ഇതായിരുന്നു - "പെയ്യും. പാടുന്നവരുടെയും കേള്‍ക്കുന്നവരുടെയും മനസ്സിലാണെന്ന് മാത്രം'. (സിനിമയിലെ മഴയെപ്പറ്റി രമ എസ് കര്‍ത്ത)
നായികയുടെ നനഞ്ഞാട്ടം ചിത്രീകരിക്കാന്‍ മാത്രം ഉദ്ദേശ്യം വെച്ചുകൊണ്ടുള്ള മഴനൃത്തങ്ങള്‍ മലയാളസിനിമയിലെ ചൂടുള്ള മസാലകള്‍ മാത്രമാണ്. ഉധാഹരണത്തിന്, അഴകിയ രാവണന്‍ എന്ന സിനിമയിലെ "പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ" എന്നു തുടങ്ങുന്ന ഗാനത്തിന് സിനിമയുമായി പറയത്തക്ക യാതൊരു ബന്ധവുമില്ല. (മഴയുടെ വികൃതികളെപ്പറ്റി സുരേഷ് പിള്ള)
ലോകത്തില്‍ പല ഭാഗത്തും അസ്വാഭാവികമഴകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തവളകള്‍ മാത്രമല്ല, മത്സ്യവും കണവയും പുഴുക്കളും എന്തിനേറെ ചീങ്കണ്ണി പോലും മഴയായി പെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ജന്തുക്കളെ വര്‍ഷിച്ചതല്ലാതെയും മഴ കൌതുകം വിതയ്ക്കാറുണ്ട്. വര്‍ണ്ണമഴയും രക്തമഴയും അമ്ലമഴയും ആലിപ്പഴവുമെല്ലാം മഴയുടെ വികൃതികള്‍ തന്നെ. (മഴക്കാടിന്‍റെ ജൈവവൈവിധ്യത്തെപ്പറ്റി ജോര്‍ഡി ജോര്‍ജ്ജ്)
ആധുനികലോകത്ത് ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ 80 ശതമാനവും മഴക്കാടുകളില്‍ ഉത്ഭവിച്ചവയാണ്. ആധുനികമനുഷ്യര്‍ ഉപയോഗിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ 200 എണ്ണം വരും. എന്നാല്‍ മഴക്കാടുകളില്‍ എത്രതരം പഴങ്ങളാണ് ഉള്ളതെന്നോ - മൂവായിരം. ഇതില്‍ രണ്ടായിരം പഴങ്ങള്‍ ആദിവാസികള്‍ ഭക്ഷണമാക്കുന്നു. (അനുഭവത്തെപ്പറ്റി ജോണ്‍ എബ്രഹാം) പെരുമഴയത്താണ് ഞാന്‍ കുട്ടനാട്ടില്‍ പോയി ഇറങ്ങുന്നത്. കടത്തുകാരന്‍ ഒഴുക്കാണെന്ന് പറഞ്ഞു. എന്‍റെ അപ്പന്‍റെ മരണമാണെന്ന് ഞാന്‍ പറഞ്ഞു. അവനു മനസ്സിലായി. അവന്‍ കഴുക്കോല്‍ എടുത്ത് ഊന്നുന്നു. ആറ്റില്‍ വാസ്തവത്തില്‍ വെള്ളത്തിന്‍റെ ഒഴുക്കുണ്ടായിരുന്നു. അവന്‍റെ കൂടെച്ചേര്‍ന്ന് ഞാനും കഴുക്കോല്‍ എടുത്ത് ഊന്നിയപ്പോള്‍ മാത്രമാണ് എന്‍റെ അപ്പന്‍റെ മരണത്തേക്കാള്‍ വലുതാണ് ഒഴുക്കെന്ന് മനസ്സിലായത്. TrackbacksThe trackback URL for this entry is: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!175.trak Weblogs that reference this entry
|
|
|