| benny's profileബെന്നിPhotosBlogLists | Help |
|
October, 2005 പാപ്പാന്‍റെ കരിങ്കാലിക്കഥയ്ക്ക് ഒരു അനുബന്ധംപാപ്പാന്റെ കരിങ്കാലിക്കഥ വായിച്ചപ്പോഴാണ് ഉദ്വേഗജനകമായ ഒരു അനുഭവകഥ ഓര്‍മ്മ വന്നത്. കഴിഞ്ഞ വര്‍ഷം മൂന്നുമാസക്കാലത്തോളം, ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു, കേരള ഐടി മിഷന് "നിയമം - നീതിനിര്‍വഹണം" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഇന്‍ററാക്റ്റീവ് സിഡി ഉണ്ടാക്കാന്‍. വെബ്‌ദുനിയയുടെ (വെബ്‌ലോകത്തിന്‍റെ) ഓഫീസന്ന് വെള്ളയമ്പലത്ത് ആയിരുന്നു. ഞാന്‍ താമസിച്ചിരുന്നത് ആയുര്‍വേദ കോളേജിനടുത്തുള്ള പ്രതിഭ ഹെറിറ്റേജിലും.
അന്നൊരു ശനിയാഴ്ചയായതിനാല്‍ സിഡിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ രമേഷും (തമിഴന്‍, ചെന്നൈക്കാരന്‍), സിഡിയിലേക്ക് ആവശ്യമായ കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന സാജനും ഞാനും കൂടി പ്രതിഭ ഹെറിറ്റേജില്‍ ഒന്നുകൂടാം എന്ന് പ്ലാനിട്ടു. രാത്രി എട്ടിന് ജോലി അവസാനിപ്പിച്ച്, വെള്ളയമ്പലത്തുനിന്ന് ആയുര്‍വേദകോളേജ് ജംഗ്ഷനിലേക്ക് ഞങ്ങള്‍ ഓട്ടോ പിടിച്ചു.
ഓട്ടോയിലിരുന്ന് പലതും പറയുന്നതിന് ഇടയില്‍, രമേഷിനും എനിക്കും, ഞങ്ങളുടെ ചെന്നൈ ഓഫീസ് റിസപ്ഷനിസ്റ്റ് അയച്ചുതന്ന ഒരു മെയിലിനെപ്പറ്റി സംസാരമുണ്ടായി. സാജന് ഈ മെയിലിനെപ്പറ്റി അറിയണമെന്നായി. സാജനു വേണ്ടി മെയിലിന്‍റെ ഉള്ളടക്കം മലയാളത്തില്‍ പറഞ്ഞുകൊടുക്കുന്ന ചുമതല ഞാനേറ്റെടുത്തു.
ജിജ്ഞാസയുണര്‍ത്തുന്ന ഒരു സസ്പെന്‍സ് കഥയാണ് റിസപ്ഷനിസ്റ്റ് അയച്ചു തന്നെ മെയിലില്‍ ഉണ്ടായിരുന്നത്...
സെക്കന്‍റ് ഷോ കഴിഞ്ഞ് വരുന്ന ഒരു കൌമാരക്കാരന്‍ പയ്യന്‍. സൈക്കിളിലാണ് വരവ്. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന വയല്‍ മുറിച്ചുകടന്നു വേണം ഈ പയ്യന് വീട്ടിലെത്താന്‍. സമയം രാത്രി 12 കഴിഞ്ഞിരിക്കുന്നു. ആരും തുണയില്ലാത്തതിനാല്‍ പേടിച്ചരണ്ടാണ് പയ്യന്‍ സൈക്കിള്‍ ചവിട്ടുന്നത്. ചറ്റും നോക്കി കാതുകൂര്‍പ്പിക്കുന്നുമുണ്ട്. നിലാവില്ല. കൂരാകൂരിരുട്ടുമാത്രം. കഷ്ടിച്ച് വരമ്പു കാണാമെന്നു മാത്രം. സകലദൈവങ്ങളെയും വിളിച്ച് പയ്യന്‍ സൈക്കിള്‍ ആഞ്ഞുചവിട്ടി.
അധികം ചവിട്ടേണ്ടി വന്നില്ല, ആശ്വാസം വിളിച്ചറിയിക്കുന്ന ഒരു നിശ്വാസം പയ്യനില്‍ നിന്നുണ്ടായി. കാരണമെന്തെന്നല്ലേ, വയലിന് നടുക്ക് ഒരു വിളക്ക് കാണുന്നുണ്ട്. മനുഷ്യജീവികള്‍ പരിസരത്തുതന്നെ ഉണ്ടെന്ന അറിവാണ് പയ്യന്‍ ആശ്വാസമായത്. വെളിച്ചത്തിന് അടുത്തെത്താന്‍ പയ്യന്‍ ആഞ്ഞാഞ്ഞ് ചവിട്ടി.
വെളിച്ചത്തിന് അടുത്തെത്തിയതും പയ്യന്‍ അത്ഭുതം കൊണ്ട് വാ പിളര്‍ന്നു. വയലിന്‍റെ ഒത്ത നടുക്കിരുന്ന് ഒരാള്‍, സെക്കന്‍റ് ഹാന്‍ഡ് പുസ്തകങ്ങള്‍ വില്‍ക്കുകയാണ്. വഴിയാത്രക്കാരില്ലാത്ത ഈ അര്‍ദ്ധരാത്രിയില്‍, അതും വയലിന്‍റെ നടുക്കിങ്ങനെ കുത്തിയിരുന്ന് വില്‍പ്പന നടത്തുന്നയാളെ പയ്യന്‍ സൂക്ഷിച്ചു നോക്കി. മനുഷ്യന്‍ തന്നെ. കൂനിക്കൂടിയിരിക്കുന്ന ഒരു വൃദ്ധന്‍. പയ്യന് ആശ്വാസമായി.
പയ്യന്‍ താഴെയിറങ്ങി, സൈക്കിള്‍ സ്റ്റാന്‍റിലിട്ടു. വില്‍പ്പനക്കാരന്‍ പയ്യനെ പുസ്തകങ്ങള്‍ കാണാന്‍ ക്ഷണിച്ചു. നിരത്തി വെച്ചിരുന്ന പുസ്തകങ്ങള്‍ പയ്യന്‍ മറിച്ചുനോക്കി. അവസാനം, പഴകി ദ്രവിച്ച ഒരു പുസ്തകത്തിന് വില ചോദിച്ചു. വില്‍പ്പനക്കാരന്‍ 25 രൂപയാണ് പുസ്തകത്തിന് വില പറഞ്ഞത്. എന്നാല്‍ പയ്യന്‍റെ കയ്യില്‍ 10 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിരാശനായി സൈക്കിളില്‍ കയറാനൊരുങ്ങിയ പയ്യനെ വില്‍പ്പനക്കാരന്‍ തിരിച്ചു വിളിച്ചു. 10 രൂപ തന്നാല്‍ മതിയെന്നും പുസ്തകം എടുത്തുകൊള്ളൂ എന്നും അയാള്‍ പയ്യനോട് പറഞ്ഞു.
പുസ്തകം വാങ്ങി പോവാനൊരുങ്ങിയ പയ്യനെ വില്‍പ്പനക്കാരന്‍ തടഞ്ഞു നിര്‍ത്തി, ഇത്രയും കൂടി പറഞ്ഞു, "ഈ പുസ്തകം അമൂല്യമായ ഒന്നാണ്. നീയൊരു സാധാരണ കുട്ടിയല്ല എന്നതിനാലാണ് 10 രൂപയ്ക്ക് ഞാനീ പുസ്തകം തന്നത്. ഈ പുസ്തകം നിന്നെ രസിപ്പിക്കും. എന്നാല്‍ ഒരു കാര്യം ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നു. ഒരുകാരണവശാലും പുസ്തകത്തിന്‍റെ അവസാനതാള്‍ നീ തുറക്കുകയോ വായിക്കുകയോ ചെയ്യരുത്. നീയങ്ങനെ ചെയ്താല്‍ പിന്നെയുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കില്ല. ഇനി നിനക്ക് പോവാം."
ഒരിക്കലും അവസാനതാള്‍ മറിക്കില്ലെന്നും വായിക്കില്ലെന്നും ഉറപ്പു കൊടുത്തുകൊണ്ട് പയ്യന്‍ സൈക്കിളില്‍ കയറി. അവസാനം ഒന്നരമണിയോടെ പയ്യന്‍ വീട്ടിലുമെത്തി. വീട്ടില്‍ പിതാവ് ഉറങ്ങിയിരുന്നില്ല. എന്താണ് താമസിച്ചത് എന്ന പിതാവിന്‍റെ ചോദ്യത്തിന് പയ്യന്‍ മറുപടി പറഞ്ഞു; കൂടെ വയലില്‍ കണ്ട ഒരാളില്‍ നിന്ന് പുസ്തകം വാങ്ങിയ കാര്യവും.
അസമയത്ത് പുസ്തകം വിറ്റിരുന്നയാളെപ്പറ്റിയുള്ള വിവരണം കേട്ട് പിതാവ് വിളറിവെളുത്തു. അജ്ഞാതനായ വില്‍പ്പനക്കാരന്‍റെ കയ്യില്‍ നിന്ന് പുസ്തകം വാങ്ങിയതിന് പയ്യന്‍ പൊതിരെ ചീത്ത കേട്ടു. പിറ്റേന്ന് രാവിലെ തന്നെ എവിടെയെങ്കിലും കൊണ്ടുപോയി പുസ്തകം ഉപേക്ഷിച്ചു കളയണമെന്ന് പയ്യനോട് പിതാവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും ഉറങ്ങാന്‍ പോയി. പുസ്തകവുമായി മുറിയില്‍ കയറിയ പയ്യന്‍ ചിന്താമഗ്നനായി. എന്തുകൊണ്ടാണ് പുസ്തകത്തിന്‍റെ അവസാനതാള്‍ കാണരുതെന്ന് വില്‍പ്പനക്കാരന്‍ മുന്നറിയിപ്പ് തന്നത്? എന്നാലതൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യം, പയ്യന്‍ മനസ്സിലുറപ്പിച്ചു. കിടക്കയില്‍ കിടന്ന്, പുസ്തകത്തിന്‍റെ ആദ്യതാള്‍ മുതല്‍ പയ്യന്‍ വായിച്ചുതുടങ്ങി. അങ്ങിനെ ഓരോതാളും അവസാനിപ്പിച്ച്, പുലരാന്‍ അല്‍പ്പസമയം മാത്രം ബാക്കിയുള്ളപ്പോള്‍, പയ്യന്‍ പുസ്തകത്തിന്‍റെ അവസാന ഭാഗത്തെത്തി. തുടര്‍ന്ന്, ചിന്തിച്ചുറപ്പിച്ച്, പയ്യന്‍ അവസാന താള്‍ മറിച്ചു.....
"ക്ലൈമാക്സ് എത്തിയല്ലോ അല്ലേ. പക്ഷേ അതിനിടയില്‍ എന്‍റെ ക്ലൈമാക്സ്. ഓട്ടോ ഞാനിവിടെ നിര്‍ത്തുന്നു" രമേഷും സാജനും ഞാനും അതുഭത്തോടെ ഓട്ടോ ഡ്രൈവറെ നോക്കി. സ്റ്റാച്ച്യു ജംഗ്ഷന് തൊട്ടുമുമ്പായി ഓട്ടോ സൈഡാക്കിയിരിക്കുകയാണ് ഡ്രൈവര്‍. "നിങ്ങള്‍ മൂന്നുപേരും ഉടന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങണം." ഡ്രൈവര്‍ ആജ്ഞാപിച്ചു.
യുവജനവേദി പ്രവര്‍ത്തകനായ സാജന്‍ കാരണം ചോദിച്ചു. നടന്നതൊക്കെ കണ്ടു എങ്കിലും, മലയാളം അറിയാത്തതിനാല്‍ രമേഷ് മൌനം ഭജിച്ചു. ഞാനും കാരണം പറയാന്‍ ഓട്ടോക്കാരനോട് ആവശ്യപ്പെട്ടു. " ടയര്‍ പഞ്ചറായെന്നോ, പെട്രോള്‍ തീര്‍ന്നെന്നോ, അല്ലെങ്കില്‍ ഞാന്‍ ആവഴി പോവുന്നില്ല എന്നോ നിങ്ങള്‍ക്ക് കരുതാം. ദയവു ചെയ്ത് വണ്ടിയില്‍ നിന്ന് ഇറങ്ങുക. എനിക്ക് ഓട്ടോക്കൂലി വേണ്ട."
ഞങ്ങള്‍ മൂന്നുപേരും ഓട്ടോയില്‍ നിന്ന് ഇറങ്ങേണ്ട താമസം ഡ്രൈവറും വണ്ടിയും കുതിച്ചു പാഞ്ഞു. ഞങ്ങള്‍ക്കീ സംഭവം പേക്കിനാവായി അനുഭവപ്പെട്ടു. ഓട്ടോയില്‍ കയറി ഡ്രൈവര്‍ കുതിച്ചു പായുന്നത്, അത്ഭുതത്തോടു കൂടിയാണ് ഞങ്ങള്‍ കണ്ടുനിന്നത്.
എന്തായിരിക്കാം അയാളെ ഭയപ്പെടുത്തിയത്, അല്ലെങ്കില്‍ പ്രകോപിപ്പിച്ചത്? പുസ്തകത്തിന്‍റെ അവസാനതാളിനെപ്പറ്റി ഞാന്‍ പറയാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ വണ്ടി നിറുത്തി ഞങ്ങളോട് ഇറങ്ങാന്‍ ആജ്ഞാപിച്ചത്. അവസാനതാളില്‍ എന്തായിരിക്കും എന്നാണ് അയാള്‍ ചിന്തിച്ചിരിക്കുക. നൂറു സംശയങ്ങളോടെ, വേറൊരു ഓട്ടോയില്‍ കയറി, ഹോട്ടലിലെത്തി, കള്ളടിച്ച് ഞങ്ങള്‍, വാതോരാതെ സംസാരിച്ചുകൊണ്ട്, വൃഥാ, സംശയനിവര്‍ത്തിക്ക് ശ്രമിച്ചു. Comments (6)
TrackbacksThe trackback URL for this entry is: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!172.trak Weblogs that reference this entry
|
|
|