| benny's profileബെന്നിPhotosBlogLists | Help |
|
October, 2005 ലോകം ഒരു ഉണ്ടയാണ്!എഴുത്തൊരു ക്രാഫ്റ്റാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടാവുമെന്നു തോന്നുന്നില്ല. സിനിമയും അതുപോലെത്തന്നെ. എന്തിന് തെങ്ങു കയറ്റത്തിനുമുണ്ട് അതിന്‍റെ ക്രാഫ്റ്റ്. ഈ ക്രാഫ്റ്റൊന്നും ഭൂമിയില്‍ പിറന്നുവീണയുടനെ ആര്‍ക്കും കിട്ടാറില്ല. നിരീക്ഷിച്ചും പരീക്ഷിച്ചും വിജയിച്ചും പരാജയമടഞ്ഞും ഒക്കെയാണ് ഓരോരുത്തരുമിത് നേടിയെടുക്കുന്നത്. ഓരോരുത്തരും ഏറ്റവും നന്നായി ഈ ക്രാഫ്റ്റ് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. എന്നാല്‍ മലയാളത്തിലെ പല അക്ഷരകലാ വര്‍ക്കര്‍മാര്‍ക്കും എഴുത്തിനൊരു ക്രാഫ്റ്റുണ്ട് എന്നതുതന്നെ അറിയില്ല എന്നത് വാസ്തവം. "ലോകം ഒരു ഉണ്ടയാണ്" എന്നൊരാശയം കയ്യിലുണ്ടെന്ന് വെക്കുക. ഇതെനിക്ക് ഒരു ചെറുകഥയായി എഴുതാന്‍ പറ്റും എന്നാണ് ഹരി പറയുന്നത്. അപ്പോള്‍ ഞാന്‍ ഇങ്ങനെ എഴുതും: "ഉറുമ്പ് പറഞ്ഞു, ലോകം ഒരു ഉണ്ടയാണ്." ഇനിയെനിക്ക് ഈ ചിന്തയെ കവിതയുടെ കുപ്പിയിലും കയറ്റാം. ഇതാ ഇങ്ങിനെ ചെയ്യുകയേ വേണ്ടൂ: കെ.വി തമ്പി, നീലന്‍, അനിതാ തമ്പി, റോസ്മേരി, ചെറിയാന്‍ കെ ചെറിയാന്‍, അയ്യപ്പന്‍ എന്നിങ്ങനെ മലയാളത്തിലെ അസംഖ്യം കവികള്‍ക്കും, "എങ്ങിനെ എഴുതുന്നുവെന്ന് നോക്കേണ്ട എന്ത് എഴുതുന്നു എന്ന് നോക്കിയാല്‍ മതി" എന്ന ഹരിയുടെ വാദത്തോടാണ് പ്രതിപത്തി. പരിപ്പു കൊണ്ട് ഉപ്പേരിയും ഇറച്ചിക്കറിയും വരെ ഉണ്ടാക്കിക്കളയും ഇവര്‍. ആരുടെ രസമുകുളങ്ങളാണ് ഇവര്‍ കോരിത്തരിപ്പിക്കുന്നത് എന്ന് അറിഞ്ഞാല്‍ മതിയായിരുന്നു! ഏതു പോലീസുകാരനും എന്ന പ്രയോഗത്തെപ്പോലെ, ഏതു സിനിമാക്കാരനും എന്ന പ്രയോഗവും അടുത്ത കാലത്ത് നിലവില്‍ വന്നിട്ടുണ്ട്. "ലോകം ഒരു ഉണ്ടയാണ്" എന്ന് മമ്മൂട്ടിയെക്കൊണ്ട് പറയിച്ച് ശുഭം എന്ന് എഴുതിക്കാണിച്ചാല്‍ സിനിമയാവുമെന്ന് സിനിമാക്കാര്‍ (പോലീസുകാര്‍ എന്ന മട്ടില്‍) പോലും സമ്മതിക്കില്ല. ഹേയ്, സിനിമയ്ക്കൊരു കഥ വേണ്ടേ, പാട്ടു വേണ്ടേ, നായിക വേണ്ടേ, ഫൈറ്റ് വേണ്ടേ, കോമഡി വേണ്ടേ, ലൊക്കേഷന്‍ വേണ്ടേ എന്ന് സിനിമാക്കാര്‍ തിരിച്ചു ചോദിക്കും. നമ്മുടെ പല അക്ഷരകലാ വര്‍ക്കര്‍മാരേക്കള്‍ ബുദ്ധി സിനിമാക്കാര്‍ക്കുണ്ട്. എന്നാല്‍ നമ്മുടെ അക്ഷരകലാ വര്‍ക്കര്‍മാര്‍ക്ക് ആശയത്തില്‍ മാത്രമാണ് താല്‍പ്പര്യം. ആശയം കണ്ടാല്‍ ചാടിവീണ് കയറിപ്പിടിച്ച് കവിതയായും ലേഖനമായും കഥയായും ഇവരത് പലതാക്കിക്കളയും. ക്രാഫ്റ്റ് പഠിച്ചെടുക്കുക കുറച്ച് വിഷമമാണ്. കവിതയ്ക്ക് വൃത്തം വേണം, അതിലുപരി ആന്തരികമായ ഒരു താളം വേണം. വരികള്‍ക്കും അതിലെ ആശയങ്ങള്‍ക്കും നൈരന്തര്യം വേണം. ഇത് പഠിച്ചെടുക്കാന്‍ സമയവും സന്ദര്‍ഭവും മനസ്സും ആവശ്യമാണ്. പഠിച്ചെടുത്താല്‍ തന്നെ അത് എഴുത്തില്‍ ഫലിപ്പിക്കാന്‍ സ്കില്‍ വേണം. ഇതിനൊന്നും സന്ദര്‍ഭവും സമയവും മനസ്സും സ്കില്ലും ഇല്ലാത്ത അക്ഷരകലാ വര്‍ക്കര്‍മാരുടെ മറുകണ്ടം ചാടലാണ് ആണും പെണ്ണും കെട്ട ചില കവിതകള്‍. വൃത്തവും പ്രാസവുമൊക്കെ ആശയത്തെ തളച്ചിടുന്നു എന്നാണ് പരാതി. മറിച്ചൊരു ചോദ്യമുണ്ട്. എങ്കില്‍ പിന്നെ എന്തിനാണ് ഈ കിടിലന്‍ ആശയങ്ങളെ കവിതയാക്കി ഉരുട്ടുന്നത്. എളുപ്പം, ഈ ആശയങ്ങള്‍ ലഘുലേഖകളാക്കി വീടുവീടാന്തരം കൊണ്ടു നടന്നു കൊടുക്കലല്ലേ? വൃത്തവും പ്രാസവും സ്കില്ലുള്ളവരെ തളച്ചിടുന്നതായി ഞാന്‍ കണ്ടിട്ടില്ല. കവിത വഴി ആശയപ്രചരണം നടത്തുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. നല്ലത്. എന്നാല്‍ കവിതയിലെ വരികളിലൂടെ ആശയം ആശയം തന്നെയായി ഊര്‍ന്നിറങ്ങുമ്പോള്‍ എന്തോ ഒരു വല്ലായ്ക. ആശയപ്രചരണ ചായ്‌വുള്ള, എന്നാല്‍ കവിതയുടെ ക്രാഫ്റ്റ് കയ്യിലില്ലാത്ത അക്ഷരകല വര്‍ക്കര്‍, മിനിമം ശ്രദ്ധിക്കേണ്ടതാണ് ടിവിയിലെയും എഫ് എം റേഡിയോയിലെയും പരസ്യങ്ങള്‍. എത്ര ഭംഗിയുള്ള, പ്രാസമൊപ്പിച്ച വരികളിലൂടെയാണ് പരസ്യങ്ങള്‍, നമുക്ക് ആവശ്യമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ കൂടി നമ്മെക്കൊണ്ട് വാങ്ങിപ്പിക്കുന്നത്? (പോളിന്‍റെ ചിന്തയില്‍, വൃത്തത്തെയും പ്രാസത്തെയും പറ്റി, സുനില്‍ തുടങ്ങിവെച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് ഹരി പറഞ്ഞതിന് മറുപടിയായി എഴുതിയത്.) Comments (2)
TrackbacksThe trackback URL for this entry is: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!161.trak Weblogs that reference this entry
|
|
|