| benny's profileബെന്നിPhotosBlogLists | Help |
|
October, 2005 സോവിയറ്റെന്നൊരു നാടുണ്ട്സോവിയറ്റെന്നൊരു നാടുണ്ട്, പോവാന്‍ കഴിഞ്ഞെങ്കില്‍ എന്തു ഭാഗ്യം എന്ന പഴയ കമ്മ്യൂണിസ്റ്റ് രചനകളെ വിജയന്‍ പരിഹസിച്ചപ്പോള്‍ എനിക്കു ദ്വേഷ്യം തോന്നി. ഈ വരികള്‍ പരിചയിക്കും മുമ്പേ, ഏതാണ്ട് ഇതേ പോലൊരു സ്വപ്നം എനിക്കുമുണ്ടായിരുന്നു.
ജീവിതത്തില്‍ ഒരിക്കലെങ്കിലും സോവിയറ്റ് യൂണിയനില്‍ പോവാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഈയടുത്ത കാലത്തൊന്നുമല്ല, സ്കൂളില്‍ പഠിക്കുമ്പോള്‍. സോവിയറ്റ് യൂണിയന്‍റെ പുരോഗതിയിലോ, കമ്മ്യൂണിസത്തിലോ ആകൃഷ്ടനായല്ല, പകരം സുന്ദരമായ ഒരു നോവല്‍ വായിച്ചപ്പോള്‍ ഞാന്‍ ആഗ്രഹിച്ചതാണ്.
റഷ്യയില്‍ നിന്നിറങ്ങുന്ന പത്രമായ പ്രവ്ദയുടെ എഡിറ്ററുമായി, അടുത്തിടെ ഞാന്‍ ചില കത്തിടപാടുകള്‍ നടത്തിയിരുന്നു. പണ്ടെന്നോ വായിച്ച ഒരു റഷ്യന്‍ നോവലിന്‍റെ മലയാള പരിഭാഷ സമ്മാനിച്ച ചില കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രം ഓര്‍മ്മിച്ചുകൊണ്ട്, നോവലിസ്റ്റിനെ കണ്ടെത്താന്‍ ഞാന്‍ നടത്തിയ വൃഥാ പരിശ്രമങ്ങളായിരുന്നു അവ.
നോവലിന്‍റെ പേരും നോവലിസ്റ്റിന്‍റെ പേരും ഓര്‍മ്മയില്ലാതിരിക്കുക. കഥാപാത്രങ്ങളെ മാത്രം ഓര്‍ത്തെടുത്തുകൊണ്ട് നോവലിസ്റ്റിനെ ചികഞ്ഞെടുക്കാന്‍ ശ്രമിക്കുക - അതിനായിരുന്നു ഞാന്‍ ശ്രമിച്ചത്. മുമ്പുണ്ടായിരുന്ന സോവിയറ്റ് യൂണിയനിലെ പ്രശസ്ത എഴുത്തുകാരാരും അങ്ങിനെയൊരു നോവല്‍ എഴുതിയതായി ഓര്‍ക്കുന്നില്ലെന്ന് പ്രവ്ദ എഡിറ്റര്‍ എനിക്ക് മറുപടി മെയില്‍ അയച്ചു. ഏതെങ്കിലും മൈനര്‍ എഴുത്തുകാരുടെ കൃതിയാവാം ഞാന്‍ വായിച്ചതെന്നും പറ്റുമെങ്കില്‍ എഴുതിയ ആളുടെ പേര് കണ്ടെത്തി അറിയിക്കാമെന്നും എഡിറ്ററുടെ മെയിലില്‍ ഉണ്ടായിരുന്നു. കര്‍ക്കിടകത്തിലെ മഴ നിര്‍ദ്ദാക്ഷിണ്യം മുറ്റത്ത് പതിച്ചുകൊണ്ടിരുന്ന ഒരു ദിവസമാണ് ഞാനാ നോവല്‍ വായിച്ചതെന്ന് ഓര്‍ക്കുന്നു. തുള്ളിക്കൊരുകുടം പേമാരിയായി, പുരപ്പുറത്തും മുറ്റത്തും കലിതുള്ളിയ കര്‍ക്കിടകമഴയില്‍ നിന്ന്, നോവലിലൂടെ, ഞാന്‍ ചെയ്യുകയറിയത് കരം കോച്ചും തണുപ്പുള്ള ശീതകാല പ്രഭാതത്തില്‍, ഉണര്‍ന്നെണീക്കാന്‍ മടിയുള്ള ഏതോ ഒരു സോവിയറ്റ് കുഗ്രാമത്തിലാണ്. കൌമാരപ്രായം പോലും എത്താത്ത ഒരു ചേച്ചിയും അനുജനുമാണ് നോവലിലെ മുഖ്യകഥാപാത്രങ്ങള്‍ - നദിയയും മിഥേയോനും. ഇവരുടെ മാതാപിതാക്കള്‍ കോളറ പിടിച്ചോ വസൂരി ബാധിച്ചോ മരിച്ചുപോയി. പിതാവില്‍ നിന്ന് പഠിച്ചെടുത്ത ആശാരിപ്പണിയിലൂടെ മിഥേയോനും, അമ്മയുടെ പാത പിന്തുടര്‍ന്ന് കോഴിയേയും ആടിനേയും വളര്‍ത്തി നദിയയും, തട്ടിമുട്ടി ജീവിക്കുന്നു. നദിയ ചേച്ചിയാണെന്ന് പറഞ്ഞാലൊന്നും മിഥേയോന്‍ ചെവി കൊടുക്കില്ല. ആണായ താന്‍ തന്നെയാണ് ഗൃഹനായകന്‍ എന്നാണ് ചെറുക്കന്‍റെ ഭാവം. സത്യം അങ്ങിനെയല്ല എന്ന് ഉള്ളില്‍ കൊണ്ടു നടക്കുന്നുണ്ടെങ്കിലും നദിയ അത് സമ്മതിച്ചു കൊടുക്കാറാണ് പതിവ്. നദിയയുടെ മൂക്ക്, മുകളിലേക്ക് സ്വല്‍പ്പം ഉയര്‍ന്ന് മുയലിന്‍റേതു പോലെയാണ്. (പില്‍ക്കാലത്ത്, മുയല്‍ മൂക്കുള്ള പെണ്ണുങ്ങളോടുള്ള എന്‍റെ പ്രേമത്തിന്‍റെ കാരണം ഇതായിരുന്നിരിക്കാം.) മാതാപിതാക്കള്‍ ഇല്ലാത്തതിനാല്‍, നദിയയേയും മിഥേയോനെയും നാട്ടുകാര്‍ക്ക് പിടിപ്പത് കാര്യമാണ്. നാട്ടുകാരുടെ സഹായഹസ്തം ഇവര്‍ക്കെപ്പോഴും ലഭിച്ചിരുന്നു. ഈ രണ്ടു സഹോദരങ്ങളും ഒരു സാഹസിക യാത്രയ്ക്ക് പോവുന്നതാണ് നോവലിന്‍റെ ഇതിവൃത്തം. ഗ്രാമത്തിന് പുറത്തുള്ള ചതുപ്പുനിലക്കാടുകളില്‍, വിളഞ്ഞു കിടക്കുന്ന ക്രാന്‍ബറിപ്പഴം തേടിയാണ് അവരുടെ യാത്ര. ഒരു ദിവസം, സൂര്യനുദിക്കും മുമ്പേ, നാട്ടുകാര്‍ ഉണരും മുമ്പേ, അപകടം പിടിച്ച ചതുപ്പുനിലക്കാട്ടിലേക്ക് ഇരുവരും യാത്ര തിരിക്കുന്നു. ഗ്രാമവഴികളില്‍ നിന്ന് തീര്‍ത്തും അപരിചിതങ്ങളായ കാട്ടുവഴികളിലേക്ക് അവര്‍ ഊളയിട്ടിറങ്ങി. കിഴക്ക് വെള്ള കീറാന്‍ തുടങ്ങി. കാട്ടിലെ പ്രഭാതം കുട്ടികള്‍ക്ക് പുതുമയുള്ളതായി. കാട്ടുകിളികളും ചെറിയ മൃഗങ്ങളും ആലപിക്കുന്ന പ്രഭാതഭേരി ആസ്വദിച്ചുകൊണ്ട് ചേച്ചിയും അനിയനും മുന്നോട്ട് പോവുകയാണ്. പിതാവിന്‍റെ, വലിയ വേട്ടക്കുപ്പായവും പാന്‍റ്‌സും ധരിച്ച്, എടുത്താല്‍ പൊന്താത്ത ഇരട്ടക്കുഴല്‍ തോക്കും തോളില്‍ വെച്ച് നെഞ്ചും വിരിച്ച് മിഥേയോന്‍ മുമ്പില്‍ നടന്നു. നദിയയാവട്ടെ, ക്രാന്‍ബറിപ്പഴങ്ങള്‍ ശേഖരിക്കാനുള്ള വലിയ കൂടയില്‍ ഉച്ചഭക്ഷണവും താങ്ങിപ്പിടിച്ച് പിന്നാലെയും. വഴിനീളെ ഈ വായാടികള്‍ ചിലച്ചു കൊണ്ടിരുന്നു. കയ്യിലുള്ള വടക്കുനോക്കിയന്ത്രം നോക്കിയാണ്‍ മിഥേയോന്‍ വഴി നിശ്ചയിച്ചിരുന്നത്. കാട്ടിലെവിടെയോ ചതുപ്പ് ഉണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞ് കുട്ടികള്‍ക്കറിയാം. ചതുപ്പിനെ മുതിര്‍ന്നവര്‍ക്ക് പോലും ഭയമാണ്. ചതുപ്പില്‍ പെടാതെ, ക്രാന്‍ബറിപ്പഴങ്ങള്‍ വിളഞ്ഞു കിടക്കുന്ന, കാടിന്‍റെ പകുതിയിലെത്താന്‍ വടക്കുനോക്കിയന്ത്രം വഴി കാണിക്കും എന്നാണ് മിഥേയോന്‍റെ വിശ്വാസം. വാതോരാതെ സംസാരിച്ച് നീങ്ങുന്ന കുട്ടികളുടെ മുമ്പില്‍ വഴിത്താര രണ്ടായി പിരിഞ്ഞു. ആളുകള്‍ അധികമൊന്നും സഞ്ചരിച്ചിട്ടില്ലാത്ത വഴിയാണ് മിഥേയോന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ നദിഅയ അത് എതിര്‍ത്തു. ആളുകള്‍ നടന്നുപോയിട്ടുള്ള വഴിയാവും കൂടുതല്‍ സുരക്ഷിതമെന്ന് അവള്‍ പറഞ്ഞു. വഴക്കായി, വക്കാണമായി, അവസാനം കുട്ടികള്‍ വഴി പിരിഞ്ഞു. നദിയയും മിഥേയോനും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാട് രഹസ്യങ്ങള്‍ നിറഞ്ഞതാണ്. ചില സമയങ്ങളില്‍ ഇവിടെയൊരു നിലവിളി ഉയരും. ഏതൊക്കെയോ മരങ്ങളുടെ പഴങ്ങള്‍ തിന്ന് കിളികള്‍ കാഷ്ഠിച്ച്, ചതുപ്പില്‍ വീണ രണ്ട് വ്യത്യസ്ത വിത്തുകള്‍ ഒരേയിടത്ത് മുളപൊട്ടി, കിളിര്‍ത്തു, പരസ്പരം മത്സരിച്ച് മാനംമുട്ടെ വളരാന്‍ തുടങ്ങി. ശാഖകളും തായ്ത്തടികളും കെട്ടുപിണഞ്ഞ്, വളരേണ്ടി വന്ന മരങ്ങള്‍ പിന്നീട് സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ച് പഴിക്കാന്‍ തുടങ്ങി. നല്ലൊരു കാറ്റു വീശുമ്പോള്‍ ശിഖരങ്ങളും ഇലകളും ആട്ടി ഈ മരങ്ങള്‍ നിശ്വാസമുതിര്‍ക്കും. അതാവാം ഈ നിലവിളി. ചതുപ്പുനിലക്കാടുകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഫോറസ്റ്റര്‍ ആന്‍റണിയും, അയാളുടെ പട്ടി താരയും ഈ കാട്ടിലെവിടെയോ ആണ് കുടില്‍ കെട്ടിക്കഴിഞ്ഞിരുന്നത്. പുറംലോകമറിയാതെ ആന്‍റണി കുടിലില്‍ കിടന്നു മരിച്ചു. താരയിന്നും വേട്ടയാടി ചെറുമൃഗങ്ങളെ പിടിക്കും. കിട്ടിയ മൃഗത്തെ യജമാനന് കാഴ്ചവെക്കാന്‍ ശരവേഗത്തില്‍ ഓടി കുടിലില്‍ എത്തും. യജമാനന്‍ ജീവിച്ചിരുപ്പില്ലെന്ന ദുഖസത്യം, ഒരിക്കല്‍ക്കൂടി മനസ്സിലാക്കുന്ന താരയുടെ മോങ്ങലാവാം ഈ നിലവിളി. ഗ്രാമത്തിന് ശാപമായി ഒരു ചെന്നായ്ക്കൂട്ടം ഈ കാട്ടിലുണ്ടായിരുന്നു. തിമ്മന്‍ ചെന്നായ് ആയിരുന്നു ഈ കൂട്ടത്തിന്‍റെ നേതാവ്. ശല്യം സഹിക്കവയ്യാതായപ്പോള്‍ നാട്ടുകാര്‍ ശിക്കാരികളെ വാടകയ്ക്കെടുത്തു. കാടിളക്കി നാട്ടുകാര്‍, ചെന്നായ്ക്കളെ പുറത്തു ചാടിച്ചു. പുറത്തു ചാടിയ ചെന്നായ്ക്കളെ ശിക്കാരികള്‍ വെടിവെച്ചു വീഴ്ത്തി. കൂട്ടത്തില്‍ തിമ്മനും പുറത്തുചാടി. എന്നാല്‍ ശിക്കാരിയുടെ തോക്കില്‍ നിന്നുള്ള ഉണ്ടയ്ക്ക് തിമ്മന്‍റെ ഒരു ചെവി തെറിപ്പിക്കാനേ കഴിഞ്ഞുള്ളൂ. കൂട്ടരെല്ലാം നഷ്ടപ്പെട്ടതിന്‍റെ വിഷമത്തില്‍, ഒറ്റച്ചെവിയനായി കാട്ടിലെവിടെയോ ഇരുന്നുള്ള തിമ്മന്‍റെ, മനുഷ്യകുലത്തിനോടുള്ള വെറുപ്പിന്‍റെ, ഓലിയിടലാവാം ഈ നിലവിളി. ചതുപ്പിലേക്കെന്ന് അറിയാതെ ഇരുവഴികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന നദിയയ്ക്കും മിഥേയോനും എന്തു സംഭവിക്കും? അവര്‍ക്ക് ക്രാന്‍ബറിപ്പഴങ്ങള്‍ കിട്ടുമോ? ചതുപ്പ് അവരെ അപകടപ്പെടുത്തുമോ? കാട്ടിലെവിടെയോ ഉള്ള, തിമ്മന്‍റെയും താരയുടെയും ഭാഗധേയം എന്താണ്? ഇവയ്ക്കെല്ലാമുള്ള ഉത്തരമാണ് നോവലിന്‍റെ ബാക്കിഭാഗം. ഇത്രയും സുന്ദരമായ നോവലെഴുതിയ എഴുത്തുകാരാ (എഴുത്തുകാരീ) നിന്‍റെ പേരെന്താണ്? സോവിയറ്റ് റഷ്യ പൊട്ടിച്ചിതറിയപ്പോള്‍, ഏത് ഖണ്ഡത്തിലെ ചെറു ഗ്രാമത്തിലിരുന്നാണ് നീ പുതിയ കഥകള്‍ നെയ്തിരിക്കുക? എന്നെങ്കിലും, ആരെങ്കിലും നീയാരാണെന്ന് എന്നോടു പറയുമോ? Comments (9)
TrackbacksThe trackback URL for this entry is: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!141.trak Weblogs that reference this entry
|
|
|