| benny's profileബെന്നിPhotosBlogLists | Help |
|
March, 2005 ക്രിക്കറ്റ് വിരോധവും ഇന്ത്യന്‍ പൌരത്വവുംഅത്യാവശ്യം പ്രസിദ്ധ നിരൂപകനായ പി. കെ. രാജശേഖരന്‍ ക്രിക്കറ്റിനെപ്പറ്റി ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ഓര്‍മ്മയില്‍ നിന്ന് എഴുതുകയാണ്. (കൃഷ്ണന്‍ നായര്‍ ശൈലിയില്‍ ഒരു കാച്ച് കാച്ചിയതാണേ!) ഡി സി ബുക്ക്‌സാണ് അത് പ്രസിദ്ധീകരിച്ചത്. പുസ്തകം എന്‍റെ നാട്ടിലെ അലമാരയില്‍ ഇരിപ്പുണ്ട്. എന്നാല്‍ ഇതുവരെയും ഞാനത് വായിച്ചിട്ടില്ല - എന്തിന് കയ്യിലെടുത്ത് ഒന്നു മറിച്ചു നോക്കിയിട്ടുമില്ല. ഒ. വി. വിജയനെപ്പറ്റി എഴുതിയ പിതൃഘടികാരം വായിച്ചതു മുതല്‍ പി. കെ. രാജശേഖരന്‍റെ ഒരു സൃഷ്ടിയും ഞാന്‍ വിടാറില്ല. എന്നാല്‍ ഈ പുസ്തകം (ഡി സി അതിന്‍റെ മൂന്നും നാലും പതിപ്പുകള്‍ ഇറക്കിയെന്നു തൊന്നുന്നു.) ഞാന്‍ തൊട്ടു നോക്കാത്തത് എന്തുകൊണ്ടാണ് എന്നറിയാന്‍ എനിക്കും കൌതുകമുണ്ട്. അതു പരിശോധിക്കുകയാണ് ഇവിടെ. അപ്പാപ്പനും അപ്പനുമെല്ലാം നാട്ടിലെ വലിയ ഫുട്‌ബോള്‍ ആരാധകരായിരുന്നു. ലോകകപ്പ് നടക്കുമ്പോള്‍ ടിവിയില്‍ കളി കാണാനായി ഫുട്‌ബോള്‍ ആരാധകര്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നത് എനിക്കോര്‍മ്മയുണ്ട്. കളി നടന്നുകൊണ്ടിരിക്കുമ്പോള്‍ കളിയുടെ വിശകലനം നടത്തുന്ന അപ്പനുവേണ്ടിയാണ് ഇവരൊക്കെ വീട്ടില്‍ വരുന്നത്. കളി മുറുകുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അമ്മ കട്ടന്‍ ചായ ഉണ്ടാക്കിക്കൊടുക്കും. ലോകകപ്പ് ഫുട്‌ബോള്‍ അങ്ങിനെ വീട്ടില്‍ ഒരു രാത്രിയുത്സവമായിരുന്നു. കളിയുടെ സ്പിരിറ്റ് മാത്രമാണ് ഞങ്ങളുടെ രാത്രികളെ ഉത്സവങ്ങളാക്കിയത്. ഫുട്‌ബോള്‍ ആരാധകനായതുകൊണ്ടല്ല ഞാന്‍ ക്രിക്കറ്റ് വിരോധിയായി മാറിയത്. ഫുട്‌ബോള്‍ എന്നല്ല, അച്ചുട്ടി, കോട്ടിക്കായ കളി (ഗോലികളി എന്നും പറയും) തൊട്ട് കബഡി വരെ എനിക്കിഷ്ടമാണ്. ക്രിക്കറ്റിനും മറ്റുള്ള കായിക വിനോദങ്ങള്‍ക്കും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട് എന്നാണ് എന്‍റെ ആദ്യ നിരീക്ഷണം. നാടന്‍ കോഴിയും ബ്രോയിലര്‍ ചിക്കനും പോലെ. കളിക്ക് ഒരു നിയമമുണ്ട്. ഒന്നാമത്തെ നിയമം കളി കളിക്ക് വേണ്ടിയുള്ളതാവണം എന്നുള്ളതാണ്. ഒന്നാം നിയമം തന്നെ തെറ്റിക്കുന്ന ക്രിക്കറ്റിനെ ഒരു കായിക വിനോദമായി കാണാന്‍ മനസ്സില്ലാത്തതുകൊണ്ടാണ് ഞാന്‍ പി. കെയുടെ പുസ്തകവും തമസ്കരിച്ചത്. കഥകളിയിലെ കല്ലടിക്കോടന്‍ - കപ്ലിങ്ങാടന്‍ ശൈലികളെപ്പോലെ ഇന്ത്യാ - പാക് ടീമുകളെപ്പറ്റി സംസാരിക്കുന്ന national jingoist-കളാണ് ഭൂരിഭാഗം ആരാധകരും ക്രിക്കറ്റിനെ വിനോദമല്ലാതാക്കുന്നു. ടെന്നീസില്‍ എനിക്ക് സെറീനയെ ഇഷ്ടപ്പെടാം, ഫുട്‌ബോളില്‍ റൊനാള്‍ഡീഞ്ഞോയേയും. എന്നാല്‍ ക്രിക്കറ്റില്‍ ഞാന്‍ ശോയേബ് അക്തറെ ഇഷ്ടപ്പെട്ടുകൂട എന്നു പറയുന്ന ഒരു സംസ്കാരമാണ് നമ്മുടേത്. ഒരു നസ്രാണിയായതിനാല്‍, ഷോയേബിനോടുള്ള എന്‍റെ ഇഷ്ടം പലരും സഹിച്ചേക്കും. എന്നാല്‍ ഞാനൊരു മുസ്ലീമാണെങ്കില്‍, ഷോയേബ് എന്‍റെ ഇഷ്ടതാരമാണെങ്കില്‍, ഇഷ്ട നടനുവേണ്ടി വാദിക്കുന്ന അതേ ശബ്ദത്തില്‍ ഷോയേബിന് വേണ്ടി വാദിച്ചാല്‍? ക്രിക്കറ്റ് ശരിക്കുമൊരു കായിക വിനോദമാവണമെങ്കില്‍ ക്രിക്കറ്റ് ക്ലബ്ബുകള്‍ ഉടലെടുക്കണം. എല്‍ ജി തന്നെ ഒരു ക്ലബ്ബ് ആരംഭിക്കട്ടെ. ഗാംഗുലിയേയും വോണിനേയും മുത്തയ്യ മുരളീധരനേയും അവര്‍ ഒരു വര്‍ഷത്തേക്ക് വിലക്കു വാങ്ങട്ടെ. പെപ്സിക്കുമാവാം ഒരു ക്ലബ്ബ്. സച്ചിനും ഷോയേബും ഗില്‍ ക്രിസ്റ്റും അവര്‍ക്കു വേണ്ടി ഇറങ്ങട്ടെ. ദേശീയതയുടെ മഞ്ഞക്കണ്ണട വെക്കാത്ത ആരാധകര്‍ക്കു വേണ്ടി ഇങ്ങിനെയുള്ള ക്ലബ്ബുകള്‍ ഗോദയിലിറങ്ങട്ടെ. ഓരോ മികച്ച കളിക്കാരനും കഴിവു പുറത്തെടുക്കുന്ന ആ അസുലഭ സുന്ദരമായ നിമിഷം ഒരു സ്വപ്നം മാത്രമാവും എന്ന് എനിക്കറിയാം. ടിവി മീഡിയായും രാഷ്ട്രത്തലവന്‍മാരും ആവശ്യപ്പെടുന്ന അഡ്ജസ്റ്റ്മെന്‍റ് കളികളില്‍ നിന്ന് പുറത്തുവരും വരെ ക്രിക്കറ്റ് എനിക്കൊരു കായിക വിനോദമേയല്ല. ഇപ്പോഴുള്ള ക്രിക്കറ്റ് വെറുക്കുന്നതുകൊണ്ട് ഞാന്‍ ഇന്ത്യക്കാരനല്ല എന്നു പറയുന്നവരോട് എന്തു മറുപടി പറയാന്‍??? TrackbacksThe trackback URL for this entry is: http://cachitea.spaces.live.com/blog/cns!4EE8E2DAD4E4DE66!122.trak Weblogs that reference this entry
|
|
|