March, 2005
വേറിട്ട ചില ചിന്തകള്‍
കരുണാകരനും കാനായി കുഞ്ഞിരാമനും : ചിത്രകലയുമായി ബന്ധമില്ലാത്ത സാധാരണക്കാരന് കരുണാകരന്‍റെ ചിത്രങ്ങള്‍ പുതുമയായി തോന്നാം. മ്യൂറലുകള്‍ കണ്ട് പരിചയിച്ച ഒരാള്‍ക്ക് അവയില്‍ വലിയ പുതുമയൊന്നും കാണാനാവില്ല. കരുണാകരന്‍റേത് വെറും ക്രാഫ്റ്റ് ആണ്. ഇതയാളെ ചിത്രങ്ങള്‍ വിറ്റുപോവാന്‍ സഹായിച്ചേക്കാം. അല്ലാതെ അരഞ്ഞാണമിട്ട് പെണ്ണുങ്ങള്‍ നില്‍ക്കുന്നത് വരക്കുന്നതില്‍ വലിയ പ്രസക്തിയുമില്ല, കലയുമില്ല.
കാനായിയുടെ സൃഷ്ടികള്‍ പലതും വലുപ്പം കൊണ്ട് ആളുകളുടെ കണ്ണ് തള്ളീക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാനായിയേക്കാള്‍ കഴിവുള്ള കലാകാരന്‍മാര്‍ കേരളത്തിലിന്നേറെയുണ്ട്. കാനായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. അതാണയാളുടെ വിജയം. സൃഷ്ടികളത്രക്ക് മഹത്തരങ്ങളാണെന്ന് എനിക്കഭിപ്രായമില്ല. (ജയന്‍ പാത്രമംഗലം - വെബ്ലോകത്തില്‍)
കെ.പി.എ.സിയും കാവാലവും : ഇന്ന് ലോകതീയറ്റര്‍ ഏറെ മുന്നോട്ടുപോയെങ്കിലും മലയാളി നൂറുവര്‍ഷം പിന്നിലാണ്. ഇതിന്‍റെ പ്രധാന പ്രശ്നം കെ.പി.എ.സി നമുക്കു നല്‍കിയ ഇടുങ്ങിയ ഒരു ചതുരത്തില്‍നിന്നും നമ്മുടെ നാടകങ്ങള്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ല. കെ.പി.എ.സി നമുക്ക് തന്നത് ഒരു നല്ല തീയറ്റര്‍ കള്‍ച്ചര്‍ അല്ല. സെന്‍റിമെന്‍സും, പ്രണയവും, കോമഡിയും ചേര്‍ത്ത ഒരു തമിഴ്നാടകരീതി മാത്രമാണ് ഇവര്‍ നമുക്ക് നല്‍കിയത്.
കാവാലം അടക്കമുളളവര്‍ നാടകത്തിലൂടെ നമുക്ക് തന്നത് ഒരു തെറ്റായ നാടോടി പാരമ്പര്യമാണ്. അതായത് നാടോടി പാരമ്പര്യത്തെക്കുറിച്ച് തെറ്റായ ധാരണയും, കുറെ കളളനാണയവുമാണ് ഇവര്‍ നല്‍കിയത്. ഇത് നമ്മുടെ നാടകമല്ല. തനത് നാടകവേദിക്ക് ജനകീയ ബന്ധമില്ല. 'അവനവന്‍ കടമ്പ'യിലൊക്കെ ആശാന്‍റെ കിരണങ്ങള്‍ കാണാമെങ്കിലും പിന്നീടു വന്നതൊക്കെ ഒന്നിന്‍റെ അനുകരണങ്ങള്‍ മാത്രം. 'കര്‍ണഭാര'വും 'കരിങ്കുട്ടി'യും ഒരേ പാറ്റേണിലാണ് ഇവര്‍ അവതരിപ്പിച്ചത്. (സതീഷ് കെ.സതീഷ് - പുഴയില്‍)