benny's profileബെന്നിPhotosBlogLists Tools Help
    October, 2005

    ലളിത വായനയ്ക്കൊരു മഴപ്പുസ്തകം

    ടോം ജെ മങ്ങാട്ട് എഡിറ്റ് ചെയ്ത് ഡിസി പ്രസിദ്ധീകരിച്ച മഴക്കാലം, വായനയ്ക്കൊരു മുതല്‍ക്കൂട്ടാണ്. മഴയുടെ തത്വശാസ്ത്രവും ശാസ്ത്രവും അന്വേഷിക്കുന്നവര്‍ക്ക് ഈ പുസ്തകം രസിക്കണമെന്നില്ല. മഴയെപ്പറ്റി പറഞ്ഞു തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ലെങ്കിലും, നമ്മുടെ സം‌വേദനക്ഷമതയുടെ രസമുകുളങ്ങള്‍ ത്വരിപ്പിക്കുന്ന മുപ്പതോളം ലേഖനങ്ങളിലൂടെ, അഴകാര്‍ന്ന ഒരു ചിത്രം കോറിയിടാന്‍ ടോമിന് കഴിയുന്നുണ്ട്.

    മഴപ്പുസ്തകത്തില്‍ നിന്ന് പെറുക്കിയെടുത്ത നുറുങ്ങുകള്‍:

    (മഴയെയും സംഗീതത്തെയും പറ്റി രവീന്ദ്രന്‍)
    ആദ്യത്തെ മഴത്തുള്ളി ഒന്ന്, രണ്ട്.. എന്നു പതിയും. പിന്നെ ഇടി, മിന്നല്‍... ചെറിയൊരു ചാറല്‍ മഴയാണ് പിന്നെ. അത് ഒന്നുകൂടി വേഗത്തിലാവും. പിന്നെ ഭയങ്കര ഇടിവെട്ടും മിന്നലുമാണ്. "അരയന്നമേ... ആരോമലേ" എന്ന പാട്ട് ശ്രദ്ധിച്ചാലറിയാം. അവിടെ ഒരു ചാറ്റല്‍ മഴയുടെ ഈണമാണ്. "ഏഴു സ്വരങ്ങളും" എന്ന പാട്ടിലെ "ആരോ പാടും ലളിതമധുരമയ ഗാനം‌പോലും കരളിലമൃതമഴ ചൊരിയും.." മഴയ്ക്ക് ശക്തി കൂടി വരുന്നതുപോലെയാണ് ആ വരികളുടെ മട്ട്.

    (കുട്ടനാട്ടിലെ മഴയെപ്പറ്റി തകഴി)
    മഴക്കാലത്ത്, രാത്രിയില്‍ ഒരു വിനോദമുണ്ട്. കാരി, വരാല്‍, കുറുവ തുടങ്ങിയ മീനുകള്‍ മുറ്റത്തും പറമ്പിലും ഓടിക്കളിക്കുകയല്ലേ. ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ അവയെ വെട്ടിപ്പിടിക്കും. വലിയ വരാലും ചമ്മ എന്നു പേരുള്ള ഒരു മീനുമാണ് മുഖ്യയിനങ്ങള്‍. ചമ്മ വരാലുപോലെ തന്നെയാണ്. പക്ഷേ രണ്ട് മീശയുണ്ട്. കുട്ടനാട്ടിലെ പെണ്ണുങ്ങളെല്ലാം ഇത്തരം മീന്‍പിടുത്തത്തില്‍ വിദഗ്ധരായിരുന്നു.

    (കടലിലെ മഴയെപ്പറ്റി സേവ്യര്‍ ബെഞ്ചമിന്‍)
    രാത്രിയില്‍ കടലില്‍ മഴ വരുന്നതിന് മുമ്പേ അപകടകാരിയായ മറ്റൊന്നെത്തും. കുത്തിക്കീറുന്ന തണുപ്പ്. ഒപ്പം ദേഹം ചുളിക്കുന്ന കാറ്റും. പിന്നെ വലിയ ഹുങ്കാരശബ്ദമുണ്ടാകും. ആളെ വിഴുങ്ങാന്‍ വരുന്ന ഭൂതത്തെപ്പോലെ വള്ളങ്ങളെ വളഞ്ഞ് ചുറ്റുനിന്നും ആര്‍ത്തനാദത്തോടെ വീശിയടിക്കും. കാണാനാവില്ല. ശബ്ദം കൊണ്ട് മഴ അടുത്തെത്തുന്നതും നമ്മളെ മൂടുന്നതും തിരിച്ചറിയാം. ഒന്നും ചെയ്യാനാവില്ല.

    (മഴയും മനുഷ്യനും എന്ന വിഷയത്തെ അധികരിച്ച് മിനി ചന്ദ്രന്‍)
    കോണ്‍ക്രീറ്റ് സൌധങ്ങള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും ഇടയില്‍ കഴിയുമ്പോഴും "ഇക്കൊല്ലവും മഴ ചതിക്കുമോ" എന്ന് നെഞ്ചത്തു കൈവച്ച് ആശങ്കപ്പെടുന്ന കര്‍ഷകന്‍റെ മനസ്സു കാത്തു സൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍.

    (ഹൈറേഞ്ചിലെ മഴയെപ്പറ്റി സുസ്മേഷ് ചന്ത്രോത്ത്)
    പാവുമുണ്ട് നെയ്യാനുപയോഗിക്കുന്ന നാല്‍പ്പതാം നമ്പര്‍ നൂലിന്‍റെ വണ്ണത്തില്‍ പെയ്യുന്ന മഴയാണ്‍ നാല്‍പ്പതാം നമ്പര്‍. നൂറാം നമ്പര്‍ നൂലുപോലെ തീരെ നേര്‍ത്തു പെയ്യുന്ന മഴ, നൂറാം നമ്പര്‍ മഴ. കൃഷിക്ക് ഏറ്റവും അനുയോജ്യമായ മഴ നാല്‍പ്പതാം നമ്പറാണ്. കുരുമുളക്, ഏലം, കാപ്പി എന്നിവയ്ക്കൊക്കെ ഈ മഴ ഗുണം ചെയ്യും. നൂറാം നമ്പര്‍ വിളകള്‍ക്ക് ദോഷമേ ഉണ്ടാക്കുകയുള്ളൂ. കാപ്പിയില്‍ കുരു കുറയും. ഏലത്തിനും ഇഞ്ചിക്കുമൊക്കെ വിളവ് കുറയും. തണുപ്പും കുളിരും കൂടുതല്‍ നൂറാം നമ്പറിനാണ്; അതുകൊണ്ടുതന്നെ അനാരോഗ്യകരവും. നൂറാം നമ്പറിന്‍റെ മറ്റൊരു പ്രത്യേകത ഒപ്പമെത്തുന്ന കനത്ത മഞ്ഞാണ്.

    (സാഹിത്യത്തിലെ മഴയെപ്പറ്റി ഇ സന്തോഷ്കുമാര്‍)
    ഖസാക്കിലെ അവസാന മഴയ്ക്ക് കോപാവേശങ്ങളില്ല. ഇടിയും മിന്നലുമില്ലാതെ നിന്നുപെയ്യുന്ന കാലവര്‍ഷത്തിന്‍റെ വെളുത്ത മഴയാണത്. നാശം വിതച്ച കൊറ്റുങ്കാറ്റ് കഴിഞ്ഞിരിക്കുന്നു. കൂമന്‍‌കാവങ്ങാടിയിലെ ഏറുമാടങ്ങളത്രയും നിലം‌പൊത്തിയിരിക്കുന്നു. അങ്ങാടിയില്‍ മിക്കവാറും ഒന്നും‌തന്നെ അവശേഷിച്ചിരുന്നില്ല. പിന്നെ മഴ മാത്രം പെയ്യുന്നു. ഉറങ്ങുകയും ശാന്തമാവുകയും ചെയ്യുന്ന മഴ. അനാദിയായ മഴവെള്ളത്തിന്‍റെ സ്പര്‍ശം.

    (രാഗങ്ങളും മഴയും എന്ന സമസ്യയെപ്പറ്റി രവിമേനോന്‍)
    അമൃതവര്‍ഷിണി പാടിയാല്‍ മഴ പെയ്യുമോ എന്ന ചോദ്യത്തിന് ഒരിക്കല്‍ ചെമ്പൈ നല്‍കിയ മറുപടി ഇതായിരുന്നു - "പെയ്യും. പാടുന്നവരുടെയും കേള്‍ക്കുന്നവരുടെയും മനസ്സിലാണെന്ന് മാത്രം'.

    (സിനിമയിലെ മഴയെപ്പറ്റി രമ എസ് കര്‍ത്ത)
    നായികയുടെ നനഞ്ഞാട്ടം ചിത്രീകരിക്കാന്‍ മാത്രം ഉദ്ദേശ്യം വെച്ചുകൊണ്ടുള്ള മഴനൃത്തങ്ങള്‍ മലയാളസിനിമയിലെ ചൂടുള്ള മസാലകള്‍ മാത്രമാണ്. ഉധാഹരണത്തിന്, അഴകിയ രാവണന്‍ എന്ന സിനിമയിലെ "പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ" എന്നു തുടങ്ങുന്ന ഗാനത്തിന് സിനിമയുമായി പറയത്തക്ക യാതൊരു ബന്ധവുമില്ല.

    (മഴയുടെ വികൃതികളെപ്പറ്റി സുരേഷ് പിള്ള)
    ലോകത്തില്‍ പല ഭാഗത്തും അസ്വാഭാവികമഴകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തവളകള്‍ മാത്രമല്ല, മത്സ്യവും കണവയും പുഴുക്കളും എന്തിനേറെ ചീങ്കണ്ണി പോലും മഴയായി പെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ജന്തുക്കളെ വര്‍ഷിച്ചതല്ലാതെയും മഴ കൌതുകം വിതയ്ക്കാറുണ്ട്. വര്‍ണ്ണമഴയും രക്തമഴയും അമ്ലമഴയും ആലിപ്പഴവുമെല്ലാം മഴയുടെ വികൃതികള്‍ തന്നെ.

    (മഴക്കാടിന്‍റെ ജൈവവൈവിധ്യത്തെപ്പറ്റി ജോര്‍ഡി ജോര്‍ജ്ജ്)
    ആധുനികലോകത്ത് ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ 80 ശതമാനവും മഴക്കാടുകളില്‍ ഉത്ഭവിച്ചവയാണ്. ആധുനികമനുഷ്യര്‍ ഉപയോഗിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ 200 എണ്ണം വരും. എന്നാല്‍ മഴക്കാടുകളില്‍ എത്രതരം പഴങ്ങളാണ് ഉള്ളതെന്നോ - മൂവായിരം. ഇതില്‍ രണ്ടായിരം പഴങ്ങള്‍ ആദിവാസികള്‍ ഭക്ഷണമാക്കുന്നു.

    (അനുഭവത്തെപ്പറ്റി ജോണ്‍ എബ്രഹാം)
    പെരുമഴയത്താണ് ഞാന്‍ കുട്ടനാട്ടില്‍ പോയി ഇറങ്ങുന്നത്. കടത്തുകാരന്‍ ഒഴുക്കാണെന്ന് പറഞ്ഞു. എന്‍റെ അപ്പന്‍റെ മരണമാണെന്ന് ഞാന്‍ പറഞ്ഞു. അവനു മനസ്സിലായി. അവന്‍ കഴുക്കോല്‍ എടുത്ത് ഊന്നുന്നു. ആറ്റില്‍ വാസ്തവത്തില്‍ വെള്ളത്തിന്‍റെ ഒഴുക്കുണ്ടായിരുന്നു. അവന്‍റെ കൂടെച്ചേര്‍ന്ന് ഞാനും കഴുക്കോല്‍ എടുത്ത് ഊന്നിയപ്പോള്‍ മാത്രമാണ് എന്‍റെ അപ്പന്‍റെ മരണത്തേക്കാള്‍ വലുതാണ് ഒഴുക്കെന്ന് മനസ്സിലായത്.
    October, 2005

    പാപ്പാന്‍റെ കരിങ്കാലിക്കഥയ്ക്ക് ഒരു അനുബന്ധം

     
    പാപ്പാന്‍റെ കരിങ്കാലിക്കഥ വായിച്ചപ്പോഴാണ് ഉദ്വേഗജനകമായ ഒരു അനുഭവകഥ ഓര്‍മ്മ വന്നത്. കഴിഞ്ഞ വര്‍ഷം മൂന്നുമാസക്കാലത്തോളം, ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു, കേരള ഐടി മിഷന് "നിയമം - നീതിനിര്‍‌വഹണം" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഇന്‍ററാക്റ്റീവ് സിഡി ഉണ്ടാക്കാന്‍. വെബ്‌ദുനിയയുടെ (വെബ്‌ലോകത്തിന്‍റെ) ഓഫീസന്ന് വെള്ളയമ്പലത്ത് ആയിരുന്നു. ഞാന്‍ താമസിച്ചിരുന്നത് ആയുര്‍‌വേദ കോളേജിനടുത്തുള്ള പ്രതിഭ ഹെറിറ്റേജിലും.

    അന്നൊരു ശനിയാഴ്ചയായതിനാല്‍ സിഡിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ രമേഷും (തമിഴന്‍, ചെന്നൈക്കാരന്‍), സിഡിയിലേക്ക് ആവശ്യമായ കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന സാജനും ഞാനും കൂടി പ്രതിഭ ഹെറിറ്റേജില്‍ ഒന്നുകൂടാം എന്ന് പ്ലാനിട്ടു. രാത്രി എട്ടിന് ജോലി അവസാനിപ്പിച്ച്, വെള്ളയമ്പലത്തുനിന്ന് ആയുര്‍‌വേദകോളേജ് ജംഗ്ഷനിലേക്ക് ഞങ്ങള്‍ ഓട്ടോ പിടിച്ചു.

    ഓട്ടോയിലിരുന്ന് പലതും പറയുന്നതിന് ഇടയില്‍, രമേഷിനും എനിക്കും, ഞങ്ങളുടെ ചെന്നൈ ഓഫീസ് റിസപ്ഷനിസ്റ്റ് അയച്ചുതന്ന ഒരു മെയിലിനെപ്പറ്റി സംസാരമുണ്ടായി. സാജന് ഈ മെയിലിനെപ്പറ്റി അറിയണമെന്നായി. സാജനു വേണ്ടി മെയിലിന്‍റെ ഉള്ളടക്കം മലയാളത്തില്‍ പറഞ്ഞുകൊടുക്കുന്ന ചുമതല ഞാനേറ്റെടുത്തു.

    ജിജ്ഞാസയുണര്‍ത്തുന്ന ഒരു സസ്പെന്‍സ് കഥയാണ് റിസപ്ഷനിസ്റ്റ് അയച്ചു തന്നെ മെയിലില്‍ ഉണ്ടായിരുന്നത്...

    സെക്കന്‍റ് ഷോ കഴിഞ്ഞ് വരുന്ന ഒരു കൌമാരക്കാരന്‍ പയ്യന്‍. സൈക്കിളിലാണ് വരവ്. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന വയല്‍ മുറിച്ചുകടന്നു വേണം ഈ പയ്യന് വീട്ടിലെത്താന്‍. സമയം രാത്രി 12 കഴിഞ്ഞിരിക്കുന്നു. ആരും തുണയില്ലാത്തതിനാല്‍ പേടിച്ചരണ്ടാണ് പയ്യന്‍ സൈക്കിള്‍ ചവിട്ടുന്നത്. ചറ്റും നോക്കി കാതുകൂര്‍പ്പിക്കുന്നുമുണ്ട്. നിലാവില്ല. കൂരാകൂരിരുട്ടുമാത്രം. കഷ്ടിച്ച് വരമ്പു കാണാമെന്നു മാത്രം. സകലദൈവങ്ങളെയും വിളിച്ച് പയ്യന്‍ സൈക്കിള്‍ ആഞ്ഞുചവിട്ടി.

    അധികം ചവിട്ടേണ്ടി വന്നില്ല, ആശ്വാസം വിളിച്ചറിയിക്കുന്ന ഒരു നിശ്വാസം പയ്യനില്‍ നിന്നുണ്ടായി. കാരണമെന്തെന്നല്ലേ, വയലിന് നടുക്ക് ഒരു വിളക്ക് കാണുന്നുണ്ട്. മനുഷ്യജീവികള്‍ പരിസരത്തുതന്നെ ഉണ്ടെന്ന അറിവാണ് പയ്യന്‍ ആശ്വാസമായത്. വെളിച്ചത്തിന് അടുത്തെത്താന്‍ പയ്യന്‍ ആഞ്ഞാഞ്ഞ് ചവിട്ടി.

    വെളിച്ചത്തിന് അടുത്തെത്തിയതും പയ്യന്‍ അത്ഭുതം കൊണ്ട് വാ പിളര്‍ന്നു. വയലിന്‍റെ ഒത്ത നടുക്കിരുന്ന് ഒരാള്‍, സെക്കന്‍റ് ഹാന്‍ഡ് പുസ്തകങ്ങള്‍ വില്‍ക്കുകയാണ്. വഴിയാത്രക്കാരില്ലാത്ത ഈ അര്‍ദ്ധരാത്രിയില്‍, അതും വയലിന്‍റെ നടുക്കിങ്ങനെ കുത്തിയിരുന്ന് വില്‍പ്പന നടത്തുന്നയാളെ പയ്യന്‍ സൂക്ഷിച്ചു നോക്കി. മനുഷ്യന്‍ തന്നെ. കൂനിക്കൂടിയിരിക്കുന്ന ഒരു വൃദ്ധന്‍. പയ്യന് ആശ്വാസമായി.

    പയ്യന്‍ താഴെയിറങ്ങി, സൈക്കിള്‍ സ്റ്റാന്‍റിലിട്ടു. വില്‍പ്പനക്കാരന്‍ പയ്യനെ പുസ്തകങ്ങള്‍ കാണാന്‍ ക്ഷണിച്ചു. നിരത്തി വെച്ചിരുന്ന പുസ്തകങ്ങള്‍ പയ്യന്‍ മറിച്ചുനോക്കി. അവസാനം, പഴകി ദ്രവിച്ച ഒരു പുസ്തകത്തിന് വില ചോദിച്ചു. വില്‍പ്പനക്കാരന്‍ 25 രൂപയാണ് പുസ്തകത്തിന് വില പറഞ്ഞത്. എന്നാല്‍ പയ്യന്‍റെ കയ്യില്‍ 10 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിരാശനായി സൈക്കിളില്‍ കയറാനൊരുങ്ങിയ പയ്യനെ വില്‍പ്പനക്കാരന്‍ തിരിച്ചു വിളിച്ചു. 10 രൂപ തന്നാല്‍ മതിയെന്നും പുസ്തകം എടുത്തുകൊള്ളൂ എന്നും അയാള്‍ പയ്യനോട് പറഞ്ഞു.

    പുസ്തകം വാങ്ങി പോവാനൊരുങ്ങിയ പയ്യനെ വില്‍പ്പനക്കാരന്‍ തടഞ്ഞു നിര്‍ത്തി, ഇത്രയും കൂടി പറഞ്ഞു, "ഈ പുസ്തകം അമൂല്യമായ ഒന്നാണ്. നീയൊരു സാധാരണ കുട്ടിയല്ല എന്നതിനാലാണ് 10 രൂപയ്ക്ക് ഞാനീ പുസ്തകം തന്നത്. ഈ പുസ്തകം നിന്നെ രസിപ്പിക്കും. എന്നാല്‍ ഒരു കാര്യം ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നു. ഒരുകാരണവശാലും പുസ്തകത്തിന്‍റെ അവസാനതാള്‍ നീ തുറക്കുകയോ വായിക്കുകയോ ചെയ്യരുത്. നീയങ്ങനെ ചെയ്താല്‍ പിന്നെയുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കില്ല. ഇനി നിനക്ക് പോവാം."

    ഒരിക്കലും അവസാനതാള്‍ മറിക്കില്ലെന്നും വായിക്കില്ലെന്നും ഉറപ്പു കൊടുത്തുകൊണ്ട് പയ്യന്‍ സൈക്കിളില്‍ കയറി. അവസാനം ഒന്നരമണിയോടെ പയ്യന്‍ വീട്ടിലുമെത്തി. വീട്ടില്‍ പിതാവ് ഉറങ്ങിയിരുന്നില്ല. എന്താണ് താമസിച്ചത് എന്ന പിതാവിന്‍റെ ചോദ്യത്തിന് പയ്യന്‍ മറുപടി പറഞ്ഞു; കൂടെ വയലില്‍ കണ്ട ഒരാളില്‍ നിന്ന് പുസ്തകം വാങ്ങിയ കാര്യവും.

    അസമയത്ത് പുസ്തകം വിറ്റിരുന്നയാളെപ്പറ്റിയുള്ള
    വിവരണം കേട്ട് പിതാവ് വിളറിവെളുത്തു. അജ്ഞാതനായ വില്‍പ്പനക്കാരന്‍റെ കയ്യില്‍ നിന്ന് പുസ്തകം വാങ്ങിയതിന് പയ്യന്‍ പൊതിരെ ചീത്ത കേട്ടു. പിറ്റേന്ന് രാവിലെ തന്നെ എവിടെയെങ്കിലും കൊണ്ടുപോയി പുസ്തകം ഉപേക്ഷിച്ചു കളയണമെന്ന് പയ്യനോട് പിതാവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും ഉറങ്ങാന്‍ പോയി.

    പുസ്തകവുമായി മുറിയില്‍ കയറിയ പയ്യന്‍ ചിന്താമഗ്നനായി. എന്തുകൊണ്ടാണ് പുസ്തകത്തിന്‍റെ അവസാനതാള്‍ കാണരുതെന്ന് വില്‍പ്പനക്കാരന്‍ മുന്നറിയിപ്പ് തന്നത്? എന്നാലതൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യം, പയ്യന്‍ മനസ്സിലുറപ്പിച്ചു. കിടക്കയില്‍ കിടന്ന്, പുസ്തകത്തിന്‍റെ ആദ്യതാള്‍ മുതല്‍ പയ്യന്‍ വായിച്ചുതുടങ്ങി. അങ്ങിനെ ഓരോതാളും അവസാനിപ്പിച്ച്, പുലരാന്‍ അല്‍പ്പസമയം മാത്രം ബാക്കിയുള്ളപ്പോള്‍‍, പയ്യന്‍ പുസ്തകത്തിന്‍റെ അവസാന ഭാഗത്തെത്തി. തുടര്‍ന്ന്, ചിന്തിച്ചുറപ്പിച്ച്, പയ്യന്‍ അവസാന താള്‍ മറിച്ചു.....

    "ക്ലൈമാക്സ് എത്തിയല്ലോ അല്ലേ. പക്ഷേ അതിനിടയില്‍ എന്‍റെ ക്ലൈമാക്സ്. ഓട്ടോ ഞാനിവിടെ നിര്‍ത്തുന്നു" രമേഷും സാജനും ഞാനും അതുഭത്തോടെ ഓട്ടോ ഡ്രൈവറെ നോക്കി. സ്റ്റാച്ച്യു ജംഗ്ഷന് തൊട്ടുമുമ്പായി ഓട്ടോ സൈഡാക്കിയിരിക്കുകയാണ് ഡ്രൈവര്‍. "നിങ്ങള്‍ മൂന്നുപേരും ഉടന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങണം." ഡ്രൈവര്‍ ആജ്ഞാപിച്ചു.

    യുവജനവേദി പ്രവര്‍ത്തകനായ സാജന്‍ കാരണം ചോദിച്ചു. നടന്നതൊക്കെ കണ്ടു എങ്കിലും, മലയാളം അറിയാത്തതിനാല്‍ രമേഷ് മൌനം ഭജിച്ചു. ഞാനും കാരണം പറയാന്‍ ഓട്ടോക്കാരനോട് ആവശ്യപ്പെട്ടു. " ടയര്‍ പഞ്ചറായെന്നോ, പെട്രോള്‍ തീര്‍ന്നെന്നോ, അല്ലെങ്കില്‍ ഞാന്‍ ആവഴി പോവുന്നില്ല എന്നോ നിങ്ങള്‍ക്ക് കരുതാം. ദയവു ചെയ്ത് വണ്ടിയില്‍ നിന്ന് ഇറങ്ങുക. എനിക്ക് ഓട്ടോക്കൂലി വേണ്ട."

    ഞങ്ങള്‍ മൂന്നുപേരും ഓട്ടോയില്‍ നിന്ന് ഇറങ്ങേണ്ട താമസം ഡ്രൈവറും വണ്ടിയും കുതിച്ചു പാഞ്ഞു. ഞങ്ങള്‍ക്കീ സംഭവം പേക്കിനാവായി അനുഭവപ്പെട്ടു. ഓട്ടോയില്‍ കയറി ഡ്രൈവര്‍ കുതിച്ചു പായുന്നത്, അത്ഭുതത്തോടു കൂടിയാണ് ഞങ്ങള്‍ കണ്ടുനിന്നത്.

    എന്തായിരിക്കാം അയാളെ ഭയപ്പെടുത്തിയത്, അല്ലെങ്കില്‍ പ്രകോപിപ്പിച്ചത്? പുസ്തകത്തിന്‍റെ അവസാനതാളിനെപ്പറ്റി ഞാന്‍ പറയാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ വണ്ടി നിറുത്തി ഞങ്ങളോട് ഇറങ്ങാന്‍ ആജ്ഞാപിച്ചത്. അവസാനതാളില്‍ എന്തായിരിക്കും എന്നാണ് അയാള്‍ ചിന്തിച്ചിരിക്കുക. നൂറു സംശയങ്ങളോടെ, വേറൊരു ഓട്ടോയില്‍ കയറി, ഹോട്ടലിലെത്തി, കള്ളടിച്ച് ഞങ്ങള്‍, വാതോരാതെ സംസാരിച്ചുകൊണ്ട്, വൃഥാ, സംശയനിവര്‍ത്തിക്ക് ശ്രമിച്ചു.
    October, 2005

    പോര്‍ണോഗ്രഫിയിലൂടെ സ്ത്രീസ്വാതന്ത്ര്യം?

    ഫെമിനിസം എന്ന ഇസത്തിന്‍റെ ഒരര്‍ത്ഥം തിരഞ്ഞെടുക്കാനുള്ള (തെരഞ്ഞെടുക്കാനുമുള്ള) സ്ത്രീസ്വാതന്ത്ര്യം എന്നാണ്. ഇതുതന്നെയാണോ പൂര്‍ണ്ണമായ അര്‍ത്ഥമെന്ന് അറിയില്ല. ആണ്‍പന്നിയായ എനിക്ക് അറിയാന്‍ കഴിയാത്ത മാനം പലതും ഈ ഇസത്തിന് ഉണ്ടായിക്കൂടെന്നും ഇല്ല. എന്തായാലും ഈ ഇസത്തിനും പോര്‍ണോഗ്രഫിക്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി ലതീഷ് മോഹന്‍, മാതൃഭൂമിയിലൊരു ലേഖനം എഴുതിയിട്ടുണ്ട്.

    ഒട്ടൊക്കെ ദുര്‍ഗ്രഹമാണ് ലേഖനമെങ്കിലും "One who rejects Pornography rejects Feminism' എന്ന് സ്ഥാപിക്കാന്‍ ലേഖനത്തിനായിട്ടുണ്ട്. പോര്‍ണോഗ്രഫിയെ എതിര്‍ക്കുന്നവര്‍ ഫെമിനിസത്തെയും എതിര്‍ക്കുന്നു എന്നത് മൌലികമായ ആശയമൊന്നുമല്ല. എങ്കിലും, ആപേക്ഷിക സിദ്ധാന്തപ്രകാരം, കേരളീയ സമൂഹത്തിന് ഇതൊരു മൌലികചിന്ത തന്നെയാണ്.

    (ലേഖനത്തില്‍ പറയുന്നില്ല എങ്കിലും) നെറ്റിലൂടെയുള്ള പോര്‍ണോഗ്രഫിയാണ് ലതീഷ് മോഹന്‍ ഉദ്ദേശിച്ചിട്ടുള്ളത് എന്നു തോന്നുന്നു. സ്വകാര്യതയില്‍ നിന്ന് സ്വകാര്യതയിലേക്ക്, എന്തെങ്കിലും കൈമാറാന്‍, ആണ്‍പന്നികളുടെ സാന്നിധ്യവും സഹായവുമില്ലാതെ, സ്ത്രീകളെ പ്രാപ്തരാക്കുന്ന ഒന്നാണല്ലോ നെറ്റ്. വ്യക്തിത്വം വെളിപ്പെടുത്താതെ ആണിനും പെണ്ണിനും ഒരുപോലെ മേയാവുന്ന ഇടവുമാണ് നെറ്റ്.

    പോണ്‍ ഇന്‍ഡസ്ട്രിയില്‍ വന്നുപെടുന്ന സ്ത്രീകളെല്ലാം "പറഞ്ഞ് പറ്റിക്കപ്പെടുന്നവര്‍" ആണെന്ന ധാരണ അസംബന്ധമാണെന്ന് ലതീഷ് എഴുതുന്നു. തിരഞ്ഞെടുക്കാനും തെരഞ്ഞെടുക്കാനും നെറ്റിലെ പോര്‍ണോഗ്രഫി സ്വാതന്ത്ര്യം തരുന്നു എന്നതിനാലാവാം ലേഖകന്‍ അങ്ങിനെ പറയുന്നത്. നെറ്റ് ഉപയോഗിക്കുന്ന, കേരളത്തിലെ സ്ത്രീ സമൂഹത്തെ സംബന്ധിച്ചിടത്തോളം, ഭാഗികമായിട്ടാണെങ്കിലും ഇത് ശരിയാണ്. പ്രലോഭനങ്ങളിലോ ഭീഷണിയിലോ വീണിട്ടുള്ളവര്‍ "പ്രൊഡക്ഷന്‍‍ എന്‍‍ഡില്‍"‍ ഉണ്ടാവാം എങ്കിലും "സ്വീകരണ എന്‍ഡില്‍" ആരും ആരെയും പറഞ്ഞ് പറ്റിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.

    നെറ്റ് വ്യാപകമായതോടെയാണ് പോര്‍ണോഗ്രഫി "മുഴുവന്‍" വ്യവസായമായത്. ദേശഭേദങ്ങളില്ലാതെ പോര്‍ണോ ചാറ്റും ചിത്രങ്ങളും ക്ലിപ്പുകളും അവതരിച്ചു. നെറ്റിന്‍റെ ആരംഭകാലഘട്ടത്തില്‍, വരണാധികാരമുള്ള, ആണ്‍പന്നികളെ ഉദ്ദേശിച്ചിട്ടാണ് ഇന്‍ഡസ്ട്രി മുന്നേറിയത്. സ്വകാര്യതയിലെ ഒഴിച്ചുകൂട്ടാനാവാത്ത ആവശ്യമായി നെറ്റ് മാറിയതോടെ, ലിംഗഭേദങ്ങളില്ലാതെ ഉപയോക്താക്കളെ രസിപ്പിക്കേണ്ട ഘട്ടത്തില്‍ ഇത് എത്തിക്കഴിഞ്ഞു. ഫെമിനിസത്തിന്‍റെ (സ്ത്രീകളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെ) ആദ്യ പൂക്കള്‍ വിരിയുന്നത് പോര്‍ണോഗ്രഫിയിലൂടെയാണെന്ന് ലേഖകന്‍ കരുതുന്നതില്‍ തെറ്റില്ല.

    MILF, TGP, BBW എന്നിങ്ങനെയുള്ള കീവേഡുകള്‍ ഉപയോഗിച്ച് ആണ്‍പന്നികളായ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍മാരെ വരെ പറ്റിക്കാമായിരുന്ന ഒരു കാലം, ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴോ? അസ്സലായി ശയരി പാടുന്ന സംഗീത ചന്ദ്രശേഖറെന്ന സിസ്റ്റം അഡ്മിന്‍, "Ever tried the key word, Lorna" എന്ന് കാതില്‍ ചോദിച്ചിട്ട് അധികകാലമായിട്ടില്ല. (സംഗീത ചന്ദ്രശേഖര്‍ ആരാധിക്കുന്ന, ലോണാ മോര്‍ഗന്‍ എന്ന പോണ്‍ സ്റ്റാര്‍ സംഭവമാണേ! മറ്റ് ആണ്‍പന്നികള്‍ക്കായി ഞാനിത് അവതരിപ്പിക്കുന്നു. സ്വകാര്യമാണ്, പുറത്തു പറഞ്ഞേക്കല്ലേ. സംഗീതയ്ക്ക് നന്ദിയും സ്തുതിയും, ചായയും വടയും!)

    പച്ചക്കുതിരയെന്ന മാസിക, കൊച്ചുപുസ്തകങ്ങളെപ്പറ്റി ഒരു പതിപ്പ് ഇറക്കിയിരുന്നു. ഏതൊക്കെയോ പ്രമുഖ വ്യക്തികളോട്, കൊച്ചുപുസ്തകം വായിച്ച അനുഭവമുണ്ടോ എന്ന് മാസികയുടെ ലേഖകര്‍ ആരാഞ്ഞു. ആരോടൊക്കെയാണ് ചോദിച്ചതെന്നും അവരുടെ മറുപടി എന്തായിരുന്നെന്നും ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ മാധവിക്കുട്ടി പറഞ്ഞ മറുപടി ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചിട്ടുണ്ട്, "ഞാനിത്തരം പുസ്തകങ്ങള്‍ വായിച്ചിട്ടില്ല. എനിക്കതിന്‍റെ ആവശ്യവും വന്നിട്ടില്ല" എന്നായിരുന്നു കുട്ടിയുടെ മറുപടി. കുട്ടി കള്ളം പറയുകയാണോ അതോ ആരെയെങ്കിലും ഭയക്കുന്നുണ്ടോ?


    ഇതിനുത്തരം ലതീഷ് മോഹന്‍ തന്നെ പറയുന്നു. പസ്സോളിനിയുടെ നായികമാര്‍ ഏതോ ബുദ്ധിപരമായ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതായും പോണ്‍ സിനിമകളിലെ നായികമാര്‍ വൃത്തികെട്ട കാര്യം ചെയ്യുന്നതായും നമ്മുടെ സമൂഹം വിലയിരുത്തുന്നു. രസകരമായ മറ്റൊരു കാര്യം. മാധവിക്കുട്ടിയുടെ ഒരു ചെറുകഥ സിനിമയാക്കിയപ്പോള്‍ (രുഗ്മിണിക്കൊരു പാവക്കുട്ടി) ബേബി അഞ്ജു എന്നൊരു പെണ്‍കുട്ടി അഭിനയിച്ചിരുന്നു. എന്തൊക്കെ പ്രശംസകളാണ് ആ കുട്ടിക്ക് കേരളം കൊടുത്തത്! പിന്നീട് ദക്ഷിണേന്ത്യന്‍ പോണ്‍ സ്റ്റാറായ ഷക്കീലയ്ക്കൊപ്പം അഞ്ജു (അക്ഷരാര്‍ത്ഥത്തില്‍) മത്സരിച്ച് അഭിനയിച്ചപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു.

    സമൂഹത്തിന്‍റെ ലിഖിതവും അലിഖിതവുമായ നിയമങ്ങളും തീര്‍ത്തും വ്യക്തിപരമായ ലൈഗിക താല്‍പ്പര്യങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവാറുണ്ട്. വിജയം ലഭിച്ചിരുന്നത് സാമൂഹിക ധാരണകള്‍ക്കും പരമ്പരാഗത ശരികള്‍ക്കുമാണ്. പോര്‍ണോഗ്രഫിയിലൂടെയെങ്കിലും ഇപ്പോള്‍ വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നുണ്ടെന്ന് സമ്മതിക്കേണ്ടി വരും. ഈ വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ ആണ്‍പന്നികളുടേതു മാത്രമല്ല, സ്ത്രീകളുടേതും കൂടിയാണ്.

    ഭരണകൂടങ്ങളില്‍ നിന്നും നിന്നും നിയമങ്ങളില്‍ നിന്നും വേറിട്ട് പ്രവൃത്തിക്കുന്ന ഇന്‍ഡസ്ട്രിയാണ് പോര്‍ണോഗ്രഫി. പോലീസിനെയും പട്ടാളത്തെയും നിയമങ്ങളെയും തൃണവല്‍ഗണിച്ച് (ഇവയ്ക്കൊക്കെ എതിരാണ് പോര്‍ണോഗ്രഫിയെന്ന് ഓര്‍ക്കുക) ഈ വ്യവസായം മുന്നേറുകയാണ്. സ്ത്രീകള്‍ക്ക് ഇവിടെ തിര/തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമുണ്ട്. ആണ്‍പന്നികളുടെ ഭരണകൂടങ്ങളോടും നിയമങ്ങളോടും ഏറ്റുമുട്ടുകയും സ്ത്രീകള്‍ക്ക് വരണസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്ന പോര്‍ണോഗ്രഫിയില്‍ ഫെമിനിസത്തിലേക്കുള്ള താക്കോല്‍ കാണും എന്നാണ് ലതീഷ് മോഹന്‍റെ വാദമുഖം.
    October, 2005

    എം പി നാരായണപിള്ളയുടെ സാഹിത്യവിചാരം

    റോസാദലങ്ങളും കുപ്പിച്ചില്ലുകളും എന്ന പംക്തിയില്‍‍ എം പി നാരായണപിള്ളയെ പറ്റി എസ് ജയചന്ദ്രന്‍‍ നായര്‍‍ എഴുതിയ രസകരമായൊരു കുറിപ്പ് താഴെ ചേര്‍ക്കുന്നു:

    എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും "നിര്‍മ്മിച്ചെടുക്കാന്‍ കഴിയുമെന്ന് നാണപ്പന്‍ വിശ്വസിച്ചിരുന്നു. കൊല്ലങ്ങള്‍ക്ക് മുമ്പ് വേളിയിലെ യൂത്ത് ഹോസ്റ്റലില്‍ ഒരു ക്യാമ്പില്‍ നാണപ്പന്‍ പങ്കെടുക്കുകയുണ്ടായി. ക്യാമ്പില്‍ സംബന്ധിക്കാന്‍ പോവും മുമ്പ് എം പി നാരായണപിള്ളയെന്ന നാണപ്പന്‍ കുസൃതിയോടെ പറഞ്ഞു: "ഞാനവിടെ പോകുന്നതെന്തിനെന്ന് അറിയാമോ ഇയാള്‍ക്ക്? സര്‍ഗ്ഗസാഹിത്യം എന്നൊന്നില്ലെന്ന് സ്ഥാപിച്ച് ഞാനവിടെ ചില അലമ്പല്‍ ഉണ്ടാക്കും."

    അതു തന്നെ നടന്നു. യുവകവികളുടെ സര്‍ഗ്ഗസം‌വാദത്തില്‍ ഇടപെട്ട് അദ്ദേഹം അവരോട് പറഞ്ഞു: "നിങ്ങള്‍ക്ക് ഒ എന്‍ വി കുറുപ്പാകണോ അതോ വയലാര്‍ രാമവര്‍മ്മയാകണോ?" കേട്ടിരുന്ന യുവ കുഡ്മങ്ങള്‍ അന്തം വിട്ടപ്പോള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു, "ഒരാഴ്ച കഠിനമായി ശ്രമിച്ചാല്‍ നിങ്ങളില്‍ ആര്‍ക്കുവേണമെങ്കിലും ഒ എന്‍ വിയോ വയലാറോ ആകാം". വെറുതെ പറഞ്ഞതായിരുന്നില്ല. അദ്ദേഹം അത് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു.

    (ചിന്തയും എഴുത്തും രണ്ടാണെന്നും ആദ്യത്തേതിനാണ് പ്രതിഭ വേണ്ടതെന്നും രണ്ടാമത്തേതിന് ക്രാഫ്റ്റ് മതിയാവും എന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാളാണ് ഞാനും.)
     
     
    October, 2005

    ലോകം ഒരു ഉണ്ടയാണ്!

    എഴുത്തൊരു ക്രാഫ്റ്റാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടാവുമെന്നു തോന്നുന്നില്ല. സിനിമയും അതുപോലെത്തന്നെ. എന്തിന് തെങ്ങു കയറ്റത്തിനുമുണ്ട് അതിന്‍റെ ക്രാഫ്റ്റ്. ഈ ക്രാഫ്റ്റൊന്നും ഭൂമിയില്‍ പിറന്നുവീണയുടനെ ആര്‍ക്കും കിട്ടാറില്ല. നിരീക്ഷിച്ചും പരീക്ഷിച്ചും വിജയിച്ചും പരാജയമടഞ്ഞും ഒക്കെയാണ് ഓരോരുത്തരുമിത് നേടിയെടുക്കുന്നത്. ഓരോരുത്തരും ഏറ്റവും നന്നായി ഈ ക്രാഫ്റ്റ് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു.

    എന്നാല്‍ മലയാളത്തിലെ പല അക്ഷരകലാ വര്‍ക്കര്‍മാര്‍ക്കും എഴുത്തിനൊരു ക്രാഫ്റ്റുണ്ട് എന്നതുതന്നെ അറിയില്ല എന്നത് വാസ്തവം.

    "ലോകം ഒരു ഉണ്ടയാണ്" എന്നൊരാശയം കയ്യിലുണ്ടെന്ന് വെക്കുക. ഇതെനിക്ക് ഒരു ചെറുകഥയായി എഴുതാന്‍ പറ്റും എന്നാണ് ഹരി പറയുന്നത്. അപ്പോള്‍ ഞാന്‍ ഇങ്ങനെ എഴുതും: "ഉറുമ്പ് പറഞ്ഞു, ലോകം ഒരു ഉണ്ടയാണ്." ഇനിയെനിക്ക് ഈ ചിന്തയെ കവിതയുടെ കുപ്പിയിലും കയറ്റാം. ഇതാ ഇങ്ങിനെ ചെയ്യുകയേ വേണ്ടൂ:

    "ലോകം
    ഒരു
    ഉണ്ട
    ആണ്!"

    കെ.വി തമ്പി, നീലന്‍, അനിതാ തമ്പി, റോസ്മേരി, ചെറിയാന്‍ കെ ചെറിയാന്‍, അയ്യപ്പന്‍ എന്നിങ്ങനെ മലയാളത്തിലെ അസംഖ്യം കവികള്‍ക്കും, "എങ്ങിനെ എഴുതുന്നുവെന്ന് നോക്കേണ്ട എന്ത് എഴുതുന്നു എന്ന് നോക്കിയാല്‍ മതി" എന്ന ഹരിയുടെ വാദത്തോടാണ് പ്രതിപത്തി. പരിപ്പു കൊണ്ട് ഉപ്പേരിയും ഇറച്ചിക്കറിയും വരെ ഉണ്ടാക്കിക്കളയും ഇവര്‍. ആരുടെ രസമുകുളങ്ങളാണ് ഇവര്‍ കോരിത്തരിപ്പിക്കുന്നത് എന്ന് അറിഞ്ഞാല്‍ മതിയായിരുന്നു!

    ഏതു പോലീസുകാരനും എന്ന പ്രയോഗത്തെപ്പോലെ, ഏതു സിനിമാക്കാരനും എന്ന പ്രയോഗവും അടുത്ത കാലത്ത് നിലവില്‍ വന്നിട്ടുണ്ട്. "ലോകം ഒരു ഉണ്ടയാണ്" എന്ന് മമ്മൂട്ടിയെക്കൊണ്ട് പറയിച്ച് ശുഭം എന്ന് എഴുതിക്കാണിച്ചാല്‍ സിനിമയാവുമെന്ന് സിനിമാക്കാര്‍ (പോലീസുകാര്‍ എന്ന മട്ടില്‍) പോലും സമ്മതിക്കില്ല.

    ഹേയ്, സിനിമയ്ക്കൊരു കഥ വേണ്ടേ, പാട്ടു വേണ്ടേ, നായിക വേണ്ടേ, ഫൈറ്റ് വേണ്ടേ, കോമഡി വേണ്ടേ, ലൊക്കേഷന്‍ വേണ്ടേ എന്ന് സിനിമാക്കാര്‍ തിരിച്ചു ചോദിക്കും. നമ്മുടെ പല അക്ഷരകലാ വര്‍ക്കര്‍മാരേക്കള്‍ ബുദ്ധി സിനിമാക്കാര്‍ക്കുണ്ട്. എന്നാല്‍ നമ്മുടെ അക്ഷരകലാ വര്‍ക്കര്‍മാര്‍ക്ക് ആശയത്തില്‍ മാത്രമാണ് താല്‍പ്പര്യം. ആശയം കണ്ടാല്‍ ചാടിവീണ് കയറിപ്പിടിച്ച് കവിതയായും ലേഖനമായും കഥയായും ഇവരത് പലതാക്കിക്കളയും.

    ക്രാഫ്റ്റ് പഠിച്ചെടുക്കുക കുറച്ച് വിഷമമാണ്. കവിതയ്ക്ക് വൃത്തം വേണം, അതിലുപരി ആന്തരികമായ ഒരു താളം വേണം. വരികള്‍ക്കും അതിലെ ആശയങ്ങള്‍ക്കും നൈരന്തര്യം വേണം. ഇത് പഠിച്ചെടുക്കാന്‍ സമയവും സന്ദര്‍ഭവും മനസ്സും ആവശ്യമാണ്. പഠിച്ചെടുത്താല്‍ തന്നെ അത് എഴുത്തില്‍ ഫലിപ്പിക്കാന്‍ സ്കില്‍ വേണം. ഇതിനൊന്നും സന്ദര്‍ഭവും സമയവും മനസ്സും സ്കില്ലും ഇല്ലാത്ത അക്ഷരകലാ വര്‍ക്കര്‍മാരുടെ മറുകണ്ടം ചാടലാണ് ആണും പെണ്ണും കെട്ട ചില കവിതകള്‍.

    വൃത്തവും പ്രാസവുമൊക്കെ ആശയത്തെ തളച്ചിടുന്നു എന്നാണ് പരാതി. മറിച്ചൊരു ചോദ്യമുണ്ട്. എങ്കില്‍ പിന്നെ എന്തിനാണ് ഈ കിടിലന്‍ ആശയങ്ങളെ കവിതയാക്കി ഉരുട്ടുന്നത്. എളുപ്പം, ഈ ആശയങ്ങള്‍ ലഘുലേഖകളാക്കി വീടുവീടാന്തരം കൊണ്ടു നടന്നു കൊടുക്കലല്ലേ? വൃത്തവും പ്രാസവും സ്കില്ലുള്ളവരെ തളച്ചിടുന്നതായി ഞാന്‍ കണ്ടിട്ടില്ല.

    കവിത വഴി ആശയപ്രചരണം നടത്തുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. നല്ലത്. എന്നാല്‍ കവിതയിലെ വരികളിലൂടെ ആശയം ആശയം തന്നെയായി ഊര്‍ന്നിറങ്ങുമ്പോള്‍ എന്തോ ഒരു വല്ലായ്ക. ആശയപ്രചരണ ചായ്‌വുള്ള, എന്നാല്‍ കവിതയുടെ ക്രാഫ്റ്റ് കയ്യിലില്ലാത്ത അക്ഷരകല വര്‍ക്കര്‍, മിനിമം ശ്രദ്ധിക്കേണ്ടതാണ് ടിവിയിലെയും എഫ് എം റേഡിയോയിലെയും പരസ്യങ്ങള്‍. എത്ര ഭംഗിയുള്ള, പ്രാസമൊപ്പിച്ച വരികളിലൂടെയാണ് പരസ്യങ്ങള്‍, നമുക്ക് ആവശ്യമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ കൂടി നമ്മെക്കൊണ്ട് വാങ്ങിപ്പിക്കുന്നത്?

    (പോളിന്‍റെ ചിന്തയില്‍, വൃത്തത്തെയും പ്രാസത്തെയും പറ്റി, സുനില്‍ തുടങ്ങിവെച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് ഹരി പറഞ്ഞതിന് മറുപടിയായി എഴുതിയത്.)

    October, 2005

    ഏതാണാ താരാട്ടുപാട്ട്?

    നാലു നാളായി നാട്ടിലായിരുന്നു. ആയുധപൂജയ്ക്ക് അവധി കിട്ടിയപ്പോള്‍ തൃശ്ശൂര്‍ക്ക് വെച്ചുപിടിച്ചു. 12, 13 തീയതികളില്‍ പെരുന്നാള്‍, പിന്നെ മിക്ക കൂട്ടുകാരും നാട്ടില്‍! ഇതില്‍പ്പരം വേറെയെന്ത് സന്തോഷം വേണം? പെരുന്നാളിന്‍റെ തലേന്ന് ചെറിയൊരു പ്രോഗ്രാമുണ്ടായിരുന്നു. വൈകിട്ട് ഏഴു മുതല്‍ അര്‍ദ്ധരാത്രി വരെ ചെറിയൊരു കുടിപ്പാര്‍ട്ടി. കള്ളും ബിയറും വിസ്കിയുമായി ഞങ്ങള്‍ കുന്നു കയറി. 

    തുലാവര്‍ഷത്തിന്‍റെ മുന്നോടിയായി ചക്രവാളത്തില്‍ അവിടവിടെ വെള്ളിടികള്‍. ഇടയ്ക്ക് മുറിഞ്ഞും പിന്നെ നിറഞ്ഞും മഴ. കാര്‍മേഘങ്ങള്‍ ആകാശത്ത് തിങ്ങിനിറഞ്ഞിരുന്നു. ചന്ദ്രനെ കാണാനില്ല. എന്നിട്ടും കുന്നിന്‍ മുകളില്‍ നാട്ടുവെളിച്ചം ആവോളമുണ്ടായിരുന്നു. കയറിയ പാടെ കുടി തുടങ്ങി. പിന്നെ ചര്‍ച്ചകളായി. ലിനക്സും വി ദിലീപും, പുഴയും ഹോക്കിംങ്ങ്‌സും കടന്ന് വിഷയം താരാട്ടുപാട്ടുകളെ കുറിച്ചായി. താരാട്ടുപാട്ടുകളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും ചേര്‍ക്കേണ്ട ഒരു പഴയ പാട്ടിനെപ്പറ്റി എനിക്കപ്പോള്‍ ഓര്‍മ്മവന്നു.

    തൊണ്ണൂറ്റിയെട്ടിലോ തൊണ്ണൂറ്റിയൊന്‍‌പതിലോ ആയിരിക്കണം, തമിഴ്നാട്ടില്‍ ഒരു മേഷ്ടരായി ഞാന്‍ ജോലി നോക്കിയിരുന്നു. ചെന്നൈ പട്ടണത്തില്‍ നിന്ന് കുറേയകലെയുള്ള ഒരു സ്കൂളിലായിരുന്നു ഉദ്യോഗം. കൊടുങ്ങയൂര്‍ എന്ന കുഗ്രാമത്തിലെ സേക്രഡ് ഹാര്‍ഡ് മെട്രിക്കുലേഷന്‍ എന്ന സ്കൂളില്‍. പഠിപ്പിച്ച് പഠിപ്പിച്ച് വലിയൊരു മാഷാവണം എന്നായിരുന്നു അന്ന് സ്വപ്നം. എന്‍റെ കരിയര്‍ ലൈന്‍, സെന്‍റ് ജോണ്‍സ് ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ ഗേറ്റിനോളം വളര്‍ന്നു.

    ഒരു ഒറ്റ മുറിയിലാണ് അന്ന് താമസം. 4 മണി മുതല്‍ അഞ്ചുമണി വരെയുള്ള ട്യൂഷനെടുപ്പ് ഒഴിച്ചു നിര്‍ത്തിയാല്‍ ഒന്നും ചെയ്യാനില്ലാത്ത സായാഹ്നങ്ങള്‍. ബോറടി മാറ്റാനും നാട്ടിലേക്ക് ചിന്തയിലെങ്കിലും ഒന്നു തിരിച്ചുപോവാനും എനിക്കന്നൊരു ടേപ് റെക്കോര്‍ഡര്‍ ഉണ്ടായിരുന്നു. കൂടെ രണ്ട് കാസറ്റുകളും. രണ്ടും ചെന്നൈയില്‍ ബേക്കറിക്കച്ചവടം നടത്തുന്ന എന്‍റെ പേപ്പന്‍ സമ്മാനിച്ചതാണ്.   

    കാസറ്റുകളിലൊന്ന് ഏതോ ഒരു തമിഴ് സിനിമയുടെ ശബ്ദരേഖയായിരുന്നു. മറ്റൊന്ന് മലയാളം പാട്ടുകളുടേതും. പഴക്കം കൊണ്ട് അത്  ഇടക്കിടെ കിരുകിരാ ശബ്ദം പുറപ്പെടുവിച്ചിരുന്നു. "നിരാശനീ കോകിലാ" (അതോ കോകിലം എന്നാണോ ആവോ? ഓര്‍മ്മയില്‍ കോകില എന്നാണ് തോന്നുന്നത്.) എന്നു തുടങ്ങുന്നൊരു പാട്ടായിരുന്നു ആദ്യത്തേത്. രണ്ടാമത്തേതൊരു താരാട്ടുപാട്ടും.

    "രാരാരിരാരാരിരാരോ രാരി രാരാരിരാരാരിരാരോ" എന്ന ട്യൂണിലാണ് പാട്ട്. അച്ഛന്‍ മകളെയോ മകനെയോ ഉറക്കുന്നതാണ് രംഗം. സമയം രാത്രിയേറെ ആയിക്കഴിഞ്ഞു. കുഞ്ഞ് ഉറങ്ങുന്നില്ല. കുഞ്ഞിനെ ഉറക്കാന്‍ അച്ഛന്‍, രാത്രിയില്‍ പ്രകൃതിക്കുണ്ടാവുന്ന മാറ്റങ്ങള്‍ പാടിക്കേള്‍പ്പിക്കുകയാണ്.

    "ഇല്ലാത്തതെല്ലാം ചിലച്ച്
    തമ്മിലില്ലാത്ത തല്ലും പിടിച്ച്
    പുല്ലാഞ്ഞി വേലിപ്പടര്‍പ്പില്‍
    വണ്ണാത്തിപ്പുള്ളും മയങ്ങീ പതുക്കെ" - എന്നാണ് അതിലെ ചില വരികളെന്ന് തോന്നുന്നു.

    ഞാനീ വരികള്‍ കുന്നിന്‍ മുകളില്‍ ലഹരി പിടിച്ചു പാടിയപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, കൂട്ടുകാരൊന്നും ആ പാട്ടു കേട്ടിട്ടില്ലെത്രെ.

    ഏത് സിനിമയിലേതാണ് ഈ പാട്ട്? പാടിയിരിക്കുന്നതാരാണ്? സംഗീതം നിര്‍‌വഹിച്ചതാര്? വരികളെഴുതിയതോ? ആര്‍ക്കെങ്കിലും അറിയാമോ?

    October, 2005

    അസ്സീസും റെജിമാണിയും ഷെര്‍‌ലക് ഹോംസും

    ഓള്‍ഡ് അഡ്മിറലിന്‍റെ അഞ്ഞൂറു മില്ലി കുപ്പിയുടെ മുക്കാലും എനിക്കിന്നലെ വിഴുങ്ങേണ്ടി വന്നു, ഭയം ഒഴിവാക്കാനായി. എല്ലാം മറന്നൊന്ന് ഉറങ്ങാന്‍ വേറെ വഴിയില്ലായിരുന്നു.

    ഓഫീസിലുള്ളപ്പോഴെല്ലാം യാഹൂ മെസ്സഞ്ചറില്‍ ഞാനുണ്ടാവാറുണ്ട്. കമ്പനിയുടെ ഓഫീസുകള്‍ പല സ്ഥലങ്ങളില്‍ ആയതിനാല്‍ ഈസി കമ്മ്യൂണിക്കേഷനുവേണ്ടി യാഹൂ മെസ്സഞ്ചര്‍ അത്യാവശ്യമാണ്. ആ മെസ്സഞ്ചറില്‍ കൂടിയാണ് ഭയം എന്നെത്തേടി വന്നത്.

    ഓഫീസ് വിട്ടിറങ്ങും മുമ്പ്, ബ്ലോഗില്‍ എന്തെങ്കിലും കുത്തിക്കുറിക്കലൊരു ശീലമാക്കാന്‍ തുടങ്ങിയതായിരുന്നു ഞാന്‍. സുവര്‍ണ്ണ നാലപ്പാട്ട് മാതൃഭൂമിയില്‍ എഴുതിയ രാഗചികിത്സയെ പറ്റിയുള്ള ലേഖനത്തെപ്പറ്റി ചിലതൊക്കെ ഞാന്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങിയതുമാണ്.

    പൊടുന്നനെയാണ് മെസ്സഞ്ചര്‍ വിന്‍ഡോയില്‍ നാലഞ്ച് സന്ദേശങ്ങള്‍ പാഞ്ഞു വന്നത്. "ചെന്നൈ ഇടക്കിടെ സന്ദര്‍ശിക്കാറുള്ള ആളാണ് ഞാനെന്നും അവിടെ എനിക്കൊരു ഫ്ലാറ്റ് ഉണ്ടെന്നും നമുക്കവിടെ ഹോമോ ആസ്വദിച്ചുകൂടെ' എന്നും ചോദിച്ചുകൊണ്ട് അസ്സീസ് എന്ന അപരിചതനില്‍ (ദുബായിലാണ് അയാള്‍) നിന്നാണ് സന്ദേശങ്ങള്‍ പ്രവഹിച്ചത്.

    കൂട്ടുകാരാരെങ്കിലും ഒപ്പിച്ച പണിയാവും ഇതെന്ന് കരുതി ഞാന്‍ മറുപടി അയച്ചില്ല. എന്നാല്‍, "ചെന്നൈയിലായാലും തിരുവനന്തപുരത്തായാലും എനിക്കു പ്രശ്നമില്ല. ഇവിടങ്ങളിലൊക്കെ ഇടക്കിടെ വന്നുപോകുന്നയാളാണ് ഞാന്‍" എന്ന് അസീസ് തുടര്‍ന്ന് സന്ദേശമയച്ചു. ചീത്തവിളിയുടെ കാര്യത്തില്‍ തരക്കേടില്ലാത്ത പരിജ്ഞാനം എനിക്കുള്ളതിനാല്‍ ഞാനൊന്ന് തിളങ്ങാന്‍ തീരുമാനിച്ചു. അവന്‍റെ രണ്ടു തലമുറ മുകളിലേക്ക് പോയാലും രണ്ടു തലമുറ താഴോട്ടു പോയാലും കഴുകിക്കളയാന്‍ പറ്റാത്ത ചില പ്രയോഗങ്ങള്‍ എന്നില്‍ നിന്നുണ്ടായി.

    പിന്നെ വന്ന സന്ദേശങ്ങളാണ് എന്നെ ഭയപ്പെടുത്തിയത്. "എന്‍റെ ഗാംങ്ങിനെ പറ്റി നിനക്ക് വേണ്ടത്ര ധാരണ നിനക്കില്ല. വേണമെങ്കില്‍ അവര്‍ നിന്നെ എന്‍റെ പക്കലെത്തിക്കും" എന്നായിരുന്നു അവന്‍ അയച്ചത്. "വികാരത്താല്‍ വിജൃംഭിതനായ എന്നെ പരിഹസിച്ചതിന് നിന്‍റെ തല ഞാന്‍ തകര്‍ക്കും" എന്നും "ഇപ്പോള്‍ വിട" എന്നും പറഞ്ഞ് അയാള്‍ ചാറ്റ് അവസാനിപ്പിക്കുകയും ചെയ്തു. ഞാനും ഒന്നും മിണ്ടിയില്ല.

    ഇന്ത്യക്കാരനല്ല എന്ന് അയാള്‍ എന്നോടു പറഞ്ഞിരുന്നു. സ്വവര്‍ഗ്ഗരതിയോട് എനിക്ക് വെറുപ്പാണെന്ന് ഞാനയാളോട് പറഞ്ഞിരുന്നു. കണ്ടുമുട്ടിയ മലയാളികളില്‍ 98 ശതമാനം പേരെയും സ്വവര്‍ഗ്ഗരതിക്കായി താന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഞാന്‍ ഓവര്‍ സ്മാര്‍ട്ടാവണ്ട എന്നും അയാള്‍ പറഞ്ഞു. മലയാളികളുടെ ലൈംഗികതാല്‍പ്പര്യ സ്റ്റാറ്റിസ്റ്റിക്സ് പോലും അറിയുന്നു അയാള്‍!

    ഓഫീസ് വിട്ടിറങ്ങിയതും, മുമ്പ് വാങ്ങി വെച്ചിരുന്ന ഓള്‍ഡ് അഡ്മിറലിന്‍റെ കുപ്പി പൊട്ടിച്ചു. അകാരണമായ ഭയമെന്ന പൊതിഞ്ഞു. ചിന്തയില്‍ നിന്ന് ഊരാനായി, ഷെര്‍‌ലക് ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍ കയ്യിലെടുത്ത് വായന തുടങ്ങി.

    ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കു ശേഷം വായനയും എന്നെ സ്വാന്തനിപ്പിക്കില്ലെന്ന് തോന്നി. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ ഇരുന്നപ്പോള്‍ വായിച്ച, ഇന്ത്യാ ടുഡേ മലയാളത്തിലെ ലേഖനങ്ങള്‍ മനസ്സിലേക്കിരച്ചുകയറി. സൂര്യനെല്ലിക്കേസിന്‍റെ വിധിയെപ്പറ്റിയായിരുന്നു ലേഖനങ്ങള്‍. സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടി തന്‍റെ ശരീരം,  മറ്റുള്ളവരുമായി പങ്കിട്ടത് എന്നായിരുന്നു കേസില്‍, കോടതിയുടെ അന്തിമവിധി.

    വയറുവേദനയും പുറം‌വേദനയുമായി പെണ്‍കുട്ടി വലഞ്ഞ സമയത്ത്, പ്രതികളായ ധര്‍മ്മരാജനും കൂട്ടരും പെണ്‍കുട്ടിയെ ഒരു ഡോക്ടറുടെ പക്കല്‍ എത്തിച്ചിരുന്നു. മൂത്രമൊഴിക്കാനോ മലശോധന നടത്താനോ കഴിയാതെ വിമ്മിഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടിയെ ഇന്ത്യാ ടുഡേയിലൂടെ ആ ഡോക്ടര്‍ ഓര്‍ക്കുന്നുണ്ട്. അവസാനം എനിമ കൊടുക്കുകയായിരുന്നു. കുട്ടിയെ ഉടന്തന്നെ ധര്‍മ്മരാജന്‍ കൊണ്ടുപോവുകയും ചെയ്തു.

    "നിന്‍റെ ഫോട്ടോ കണ്ട് എനിക്ക് കാമം തോന്നുന്നു" എന്നാണ് ചാറ്റിലൂടെ അസ്സീസ് പറഞ്ഞത്. ഞാന്‍ അവന്‍റെ പ്രലോഭനങ്ങള്‍ക്കൊന്നും വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഭീഷണിയും. സത്യത്തില്‍ അവന് ഗാംങ്ങ് ഉണ്ടായിരിക്കുമോ? അവരെന്നെ കണ്ടെത്തുമോ? ആണായ എനിക്കുപോലും ഭയം. സൂര്യനെല്ലിയിലെ, ഇരുപതുപോലും തികയാത്ത ആ പെണ്‍കുട്ടി, കൂട്ടബലാല്‍സംഗത്തെ സന്തോഷപൂര്‍‌വ്വം സ്വീകരിച്ചിരുന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

    റജിമാണി അവിരപ്പാട്ടുമായി (കൊറിയന്‍ സര്‍‌വകലാശാലയില്‍ ലക്ചറര്‍) ഞാന്‍ വഴക്കുണ്ടാക്കിയത് ഓര്‍ക്കുകയാണ്. റജി വിവാഹം ചെയ്തപ്പോള്‍ കുറേ ഫോട്ടോകള്‍ എനിക്ക് അയച്ചു തന്നിരുന്നു. വെബ്ലോകത്തില്‍ വിവാഹസംബന്ധിയായ ലേഖനങ്ങള്‍ വരുമ്പോള്‍ ഞാനീ ഫോട്ടോകള്‍ പലവട്ടം ഉപയോഗിച്ചിട്ടുണ്ട്, റജിയുടെ സമ്മതത്തോടെ. ഒരു ദിവസം റജി ചാറ്റില്‍ വന്ന് അവന്‍റെ വിവാഹഫോട്ടോകള്‍ സൈറ്റില്‍ നിന്ന് എടുത്തുനീക്കാന്‍ ആവശ്യപ്പെട്ടു.

    റജി അയച്ചുതന്ന ലിങ്കുകളില്‍ നിന്ന് ഞാനാ ഫോട്ടോകള്‍ മാറ്റി. ഇത് രണ്ടോ മൂന്നോ തവണ തുടര്‍ന്നു. വെബ്‌ലോകം മുഴുവന്‍ അരിച്ചുപെറുക്കി, അവന്‍റെയും ഭാര്യയുടെയും അവസാന ഫോട്ടോയും എടുത്തുകളയണമെന്ന് അവന്‍ ആവശ്യപ്പെട്ടപ്പോള്‍ എനിക്കു ദ്വേഷ്യം വന്നു. ഞാനവനോട് പറയുകയും ചെയ്തു.

    ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ സമ്മതമൊന്നും തന്നിട്ടില്ല എന്നായിരുന്നു അവന്‍റെ വാദം. മെസ്സെഞ്ചര്‍ ചാറ്റിലൂടെ സമ്മതം വാങ്ങിയത് എനിക്ക് അസ്സലായി ഓര്‍മ്മയുള്ളതുകൊണ്ട് ഞാനാ ഫോട്ടോ എടുത്തു കളഞ്ഞില്ല. സ്വകാര്യഫോട്ടോകള്‍ പരസ്യമാക്കുന്നത് നന്നല്ല എന്നാണ് അവന്‍ പറഞ്ഞത്. അവന്‍ ഭയപ്പെടുന്നത് എന്തിനെയാണെന്ന് എനിക്കിപ്പോള്‍ മനസ്സിലാവുന്നു. അവന്‍ ലോകമറിഞ്ഞിരിക്കുന്നു.

    ഷെര്‍‌ലക് ഹോംസ് വായന എന്നെ സ്വാന്തനിപ്പിച്ചില്ല എന്ന് ഞാന്‍ എഴുതിയല്ലോ. എന്നാലാ വായന ഗുണകരമായില്ല എന്നു പറഞ്ഞുകൂടാ. സ്വവര്‍ഗ്ഗരതിക്ക് എന്നെ ക്ഷണിച്ച് പരാജയമടഞ്ഞ അസ്സീസ്, പോടാ എന്നാണ് എന്നെ ചീത്ത വിളിച്ചത്. ഞാനവനെ കുണ്ടന്‍ എന്നു വിളിച്ചത് അവന് മനസ്സിലാവുകയും ചെയ്തു. അവന്‍ അവകാശപ്പെടുന്നപോലെ, മലയാളികളില്‍ കുണ്ടന്‍ പ്രയോഗം നടത്തി, മലയാളം പഠിച്ചതായിരിക്കുമോ? അല്ലെങ്കില്‍ വിദേശിയെന്ന ലേബലില്‍ എന്നെ പറ്റിക്കുന്ന ഏതെങ്കിലും മലയാളി തന്നെയാവുമോ? അല്ലെങ്കില്‍ അറബി - മലബാറി സങ്കരയിനമാവുമോ?

    അവന്‍റെ ഐഡി വെച്ച് നെറ്റില്‍ ഞാനൊരു തിരച്ചില്‍ നടത്തിയിരുന്നു. അവന്‍റെ പ്രോഫൈലും കണ്ടു. മലയാളിച്ഛായയുള്ള മുഖം. എന്നാല്‍ മലയാളിക്കില്ലാത്ത നിറം. ഇവന്‍ പല യാഹൂ ഗ്രൂപ്പുകളിലേക്കും അയച്ചിട്ടുള്ള സന്ദേശങ്ങള്‍ ഞാന്‍ തേടിപ്പിടിച്ച് വായിച്ചു. "നാളെ മസ്കറ്റിലെത്തുന്നു, സ്വവര്‍ഗ്ഗരതിക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മൊബൈലില്‍ ബന്ധപ്പെടണം" എന്നൊരു സന്ദേശം ഞാന്‍ കണ്ടു. വിചിത്ര സ്വഭാവക്കാരന്‍. ഇടക്കിടെ ഒമാനിലും മസ്കറ്റിലും ഇന്ത്യയിലെ പല സ്ഥലങ്ങളിലും അയാള്‍ ഹോമോകളെ തേടി നടക്കുന്നു.

    പ്രോഫൈലിലും സന്ദേശങ്ങളിലും മൊബൈല്‍ നമ്പര്‍ കൊടുക്കാന്‍ ധൈര്യമുള്ള ഇവന്‍ ആരായിരിക്കാം? എന്തിനാണിവന്‍ ഏഷ്യയില്‍ പലയിടങ്ങളിലും കറങ്ങി നടക്കുന്നത്? ലോകത്ത് എല്ലായിടത്തും എന്‍റെ ഗ്യാംങ്ങ് ഉണ്ടെന്ന ഭീഷണി എന്തിന്‍റെ മുന്നോടിയാണ്? ഇങ്ങിനെ നൂറുകൂട്ടം ചോദ്യങ്ങള്‍ ചോദിക്കാന്‍ ഷെര്‍‌ലക് ഹോംസ് വായന എന്നെ പ്രേരിപ്പിക്കുന്നു.

    സമയം മൂന്നു മണിയായി. നാലു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ ഓഫീസില്‍ പോണം. മുക്കാല്‍ക്കുപ്പിയുടെ കിക്ക് തരക്കേടില്ലാതെ നീളുന്നുണ്ട്. രാത്രിക്കുളിയില്ലാതെ തന്നെ ഇന്നുറങ്ങാം. കിക്ക് അവസാനിച്ചുകൂടാ. എഴുതിവെച്ചതൊക്കെ നാളെ ഓഫീസില്‍ എത്തിയിട്ട് പോസ്റ്റ് ചെയ്യാം. - ഗുഡ് മോണിംഗ്

    October, 2005

    സോവിയറ്റെന്നൊരു നാടുണ്ട്

    സോവിയറ്റെന്നൊരു നാടുണ്ട്, പോവാന്‍ കഴിഞ്ഞെങ്കില്‍ എന്തു ഭാഗ്യം എന്ന പഴയ കമ്മ്യൂണിസ്റ്റ് രചനകളെ വിജയന്‍ പരിഹസിച്ചപ്പോള്‍ എനിക്കു ദ്വേഷ്യം തോന്നി. ഈ വരികള്‍ പരിചയിക്കും മുമ്പേ, ഏതാണ്ട് ഇതേ പോലൊരു സ്വപ്നം എനിക്കുമുണ്ടായിരുന്നു.

    ജീവിതത്തില്‍ ഒരിക്കലെങ്കിലും സോവിയറ്റ് യൂണിയനില്‍ പോവാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഈയടുത്ത കാലത്തൊന്നുമല്ല, സ്കൂളില്‍ പഠിക്കുമ്പോള്‍. സോവിയറ്റ് യൂണിയന്‍റെ പുരോഗതിയിലോ, കമ്മ്യൂണിസത്തിലോ ആകൃഷ്ടനായല്ല, പകരം സുന്ദരമായ ഒരു നോവല്‍ വായിച്ചപ്പോള്‍ ഞാന്‍ ആഗ്രഹിച്ചതാണ്.

    റഷ്യയില്‍ നിന്നിറങ്ങുന്ന പത്രമായ പ്രവ്ദയുടെ എഡിറ്ററുമായി, അടുത്തിടെ ഞാന്‍ ചില കത്തിടപാടുകള്‍ നടത്തിയിരുന്നു. പണ്ടെന്നോ വായിച്ച ഒരു റഷ്യന്‍ നോവലിന്‍റെ മലയാള പരിഭാഷ സമ്മാനിച്ച ചില കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രം ഓര്‍മ്മിച്ചുകൊണ്ട്, നോവലിസ്റ്റിനെ കണ്ടെത്താന്‍ ഞാന്‍ നടത്തിയ വൃഥാ പരിശ്രമങ്ങളായിരുന്നു അവ.

    നോവലിന്‍റെ പേരും നോവലിസ്റ്റിന്‍റെ പേരും ഓര്‍മ്മയില്ലാതിരിക്കുക. കഥാപാത്രങ്ങളെ മാത്രം ഓര്‍ത്തെടുത്തുകൊണ്ട് നോവലിസ്റ്റിനെ ചികഞ്ഞെടുക്കാന്‍ ശ്രമിക്കുക - അതിനായിരുന്നു ഞാന്‍ ശ്രമിച്ചത്. 

    മുമ്പുണ്ടായിരുന്ന സോവിയറ്റ് യൂണിയനിലെ പ്രശസ്ത എഴുത്തുകാരാരും അങ്ങിനെയൊരു നോവല്‍ എഴുതിയതായി ഓര്‍ക്കുന്നില്ലെന്ന് പ്രവ്ദ എഡിറ്റര്‍ എനിക്ക് മറുപടി മെയില്‍ അയച്ചു. ഏതെങ്കിലും മൈനര്‍ എഴുത്തുകാരുടെ കൃതിയാവാം ഞാന്‍ വായിച്ചതെന്നും പറ്റുമെങ്കില്‍ എഴുതിയ ആളുടെ പേര് കണ്ടെത്തി അറിയിക്കാമെന്നും എഡിറ്ററുടെ മെയിലില്‍ ഉണ്ടായിരുന്നു.

    കര്‍ക്കിടകത്തിലെ മഴ നിര്‍ദ്ദാക്ഷിണ്യം മുറ്റത്ത് പതിച്ചുകൊണ്ടിരുന്ന ഒരു ദിവസമാണ് ഞാനാ നോവല്‍ വായിച്ചതെന്ന് ഓര്‍ക്കുന്നു. തുള്ളിക്കൊരുകുടം പേമാരിയായി, പുരപ്പുറത്തും മുറ്റത്തും കലിതുള്ളിയ കര്‍ക്കിടകമഴയില്‍ നിന്ന്, നോവലിലൂടെ, ഞാന്‍ ചെയ്യുകയറിയത് കരം കോച്ചും തണുപ്പുള്ള ശീതകാല പ്രഭാതത്തില്‍, ഉണര്‍ന്നെണീക്കാന്‍ മടിയുള്ള ഏതോ ഒരു സോവിയറ്റ് കുഗ്രാമത്തിലാണ്.

    കൌമാരപ്രായം പോലും എത്താത്ത ഒരു ചേച്ചിയും അനുജനുമാണ് നോവലിലെ മുഖ്യകഥാപാത്രങ്ങള്‍ - നദിയയും മിഥേയോനും. ഇവരുടെ മാതാപിതാക്കള്‍ കോളറ പിടിച്ചോ വസൂരി ബാധിച്ചോ മരിച്ചുപോയി. പിതാവില്‍ നിന്ന് പഠിച്ചെടുത്ത ആശാരിപ്പണിയിലൂടെ മിഥേയോനും, അമ്മയുടെ പാത പിന്തുടര്‍ന്ന് കോഴിയേയും ആടിനേയും വളര്‍ത്തി നദിയയും, തട്ടിമുട്ടി ജീവിക്കുന്നു.

    നദിയ ചേച്ചിയാണെന്ന് പറഞ്ഞാലൊന്നും മിഥേയോന്‍ ചെവി കൊടുക്കില്ല. ആണായ താന്‍ തന്നെയാണ് ഗൃഹനായകന്‍ എന്നാണ് ചെറുക്കന്‍റെ ഭാവം. സത്യം അങ്ങിനെയല്ല എന്ന് ഉള്ളില്‍ കൊണ്ടു നടക്കുന്നുണ്ടെങ്കിലും നദിയ അത് സമ്മതിച്ചു കൊടുക്കാറാണ് പതിവ്.

    നദിയയുടെ മൂക്ക്, മുകളിലേക്ക് സ്വല്‍പ്പം ഉയര്‍ന്ന് മുയലിന്‍റേതു പോലെയാണ്. (പില്‍ക്കാലത്ത്, മുയല്‍ മൂക്കുള്ള പെണ്ണുങ്ങളോടുള്ള എന്‍റെ പ്രേമത്തിന്‍റെ കാരണം ഇതായിരുന്നിരിക്കാം.) മാതാപിതാക്കള്‍ ഇല്ലാത്തതിനാല്‍, നദിയയേയും മിഥേയോനെയും നാട്ടുകാര്‍ക്ക് പിടിപ്പത് കാര്യമാണ്. നാട്ടുകാരുടെ സഹായഹസ്തം ഇവര്‍ക്കെപ്പോഴും ലഭിച്ചിരുന്നു.

    ഈ രണ്ടു സഹോദരങ്ങളും ഒരു സാഹസിക യാത്രയ്ക്ക് പോവുന്നതാണ് നോവലിന്‍റെ ഇതിവൃത്തം. ഗ്രാമത്തിന് പുറത്തുള്ള ചതുപ്പുനിലക്കാടുകളില്‍, വിളഞ്ഞു കിടക്കുന്ന ക്രാന്‍ബറിപ്പഴം തേടിയാണ് അവരുടെ യാത്ര. ഒരു ദിവസം, സൂര്യനുദിക്കും മുമ്പേ, നാട്ടുകാര്‍ ഉണരും മുമ്പേ, അപകടം പിടിച്ച ചതുപ്പുനിലക്കാട്ടിലേക്ക് ഇരുവരും യാത്ര തിരിക്കുന്നു.

    ഗ്രാമവഴികളില്‍ നിന്ന് തീര്‍ത്തും അപരിചിതങ്ങളായ കാട്ടുവഴികളിലേക്ക് അവര്‍ ഊളയിട്ടിറങ്ങി. കിഴക്ക് വെള്ള കീറാന്‍ തുടങ്ങി. കാട്ടിലെ പ്രഭാതം കുട്ടികള്‍ക്ക് പുതുമയുള്ളതായി. കാട്ടുകിളികളും ചെറിയ മൃഗങ്ങളും ആലപിക്കുന്ന പ്രഭാതഭേരി ആസ്വദിച്ചുകൊണ്ട് ചേച്ചിയും അനിയനും മുന്നോട്ട് പോവുകയാണ്.

    പിതാവിന്‍റെ, വലിയ വേട്ടക്കുപ്പായവും പാന്‍റ്‌സും ധരിച്ച്, എടുത്താല്‍ പൊന്താത്ത ഇരട്ടക്കുഴല്‍ തോക്കും തോളില്‍ വെച്ച് നെഞ്ചും വിരിച്ച് മിഥേയോന്‍ മുമ്പില്‍ നടന്നു. നദിയയാവട്ടെ, ക്രാന്‍ബറിപ്പഴങ്ങള്‍ ശേഖരിക്കാനുള്ള വലിയ കൂടയില്‍ ഉച്ചഭക്ഷണവും താങ്ങിപ്പിടിച്ച് പിന്നാലെയും. വഴിനീളെ ഈ വായാടികള്‍ ചിലച്ചു കൊണ്ടിരുന്നു.

    കയ്യിലുള്ള വടക്കുനോക്കിയന്ത്രം നോക്കിയാണ്‍ മിഥേയോന്‍ വഴി നിശ്ചയിച്ചിരുന്നത്. കാട്ടിലെവിടെയോ ചതുപ്പ് ഉണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞ് കുട്ടികള്‍ക്കറിയാം. ചതുപ്പിനെ മുതിര്‍ന്നവര്‍ക്ക് പോലും ഭയമാണ്. ചതുപ്പില്‍ പെടാതെ, ക്രാന്‍ബറിപ്പഴങ്ങള്‍ വിളഞ്ഞു കിടക്കുന്ന, കാടിന്‍റെ പകുതിയിലെത്താന്‍ വടക്കുനോക്കിയന്ത്രം വഴി കാണിക്കും എന്നാണ് മിഥേയോന്‍റെ വിശ്വാസം.

    വാതോരാതെ സംസാരിച്ച് നീങ്ങുന്ന കുട്ടികളുടെ മുമ്പില്‍ വഴിത്താര രണ്ടായി പിരിഞ്ഞു. ആളുകള്‍ അധികമൊന്നും സഞ്ചരിച്ചിട്ടില്ലാത്ത വഴിയാണ് മിഥേയോന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ നദിഅയ അത് എതിര്‍ത്തു. ആളുകള്‍ നടന്നുപോയിട്ടുള്ള വഴിയാവും കൂടുതല്‍ സുരക്ഷിതമെന്ന് അവള്‍ പറഞ്ഞു. വഴക്കായി, വക്കാണമായി, അവസാനം കുട്ടികള്‍ വഴി പിരിഞ്ഞു.

    നദിയയും മിഥേയോനും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാട് രഹസ്യങ്ങള്‍ നിറഞ്ഞതാണ്. ചില സമയങ്ങളില്‍ ഇവിടെയൊരു നിലവിളി ഉയരും.

    ഏതൊക്കെയോ മരങ്ങളുടെ പഴങ്ങള്‍ തിന്ന് കിളികള്‍ കാഷ്ഠിച്ച്, ചതുപ്പില്‍ വീണ രണ്ട് വ്യത്യസ്ത വിത്തുകള്‍ ഒരേയിടത്ത് മുളപൊട്ടി, കിളിര്‍ത്തു, പരസ്പരം മത്സരിച്ച് മാനം‌മുട്ടെ വളരാന്‍ തുടങ്ങി. ശാഖകളും തായ്ത്തടികളും കെട്ടുപിണഞ്ഞ്, വളരേണ്ടി വന്ന മരങ്ങള്‍ പിന്നീട് സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ച് പഴിക്കാന്‍ തുടങ്ങി. നല്ലൊരു കാറ്റു വീശുമ്പോള്‍ ശിഖരങ്ങളും ഇലകളും ആട്ടി ഈ മരങ്ങള്‍ നിശ്വാസമുതിര്‍ക്കും. അതാവാം ഈ നിലവിളി.

    ചതുപ്പുനിലക്കാടുകള്‍ സം‌രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഫോറസ്റ്റര്‍ ആന്‍റണിയും, അയാളുടെ പട്ടി താരയും ഈ കാട്ടിലെവിടെയോ ആണ് കുടില്‍ കെട്ടിക്കഴിഞ്ഞിരുന്നത്. പുറം‌ലോകമറിയാതെ ആന്‍റണി കുടിലില്‍ കിടന്നു മരിച്ചു. താരയിന്നും വേട്ടയാടി ചെറുമൃഗങ്ങളെ പിടിക്കും. കിട്ടിയ മൃഗത്തെ യജമാനന് കാഴ്ചവെക്കാന്‍ ശരവേഗത്തില്‍ ഓടി കുടിലില്‍ എത്തും. യജമാനന്‍ ജീവിച്ചിരുപ്പില്ലെന്ന ദുഖസത്യം, ഒരിക്കല്‍ക്കൂടി മനസ്സിലാക്കുന്ന താരയുടെ മോങ്ങലാവാം ഈ നിലവിളി.

    ഗ്രാമത്തിന് ശാപമായി ഒരു ചെന്നായ്ക്കൂട്ടം ഈ കാട്ടിലുണ്ടായിരുന്നു. തിമ്മന്‍ ചെന്നായ് ആയിരുന്നു ഈ കൂട്ടത്തിന്‍റെ നേതാവ്. ശല്യം സഹിക്കവയ്യാതായപ്പോള്‍ നാട്ടുകാര്‍ ശിക്കാരികളെ വാടകയ്ക്കെടുത്തു. കാടിളക്കി നാട്ടുകാര്‍, ചെന്നായ്ക്കളെ പുറത്തു ചാടിച്ചു. പുറത്തു ചാടിയ ചെന്നായ്ക്കളെ ശിക്കാരികള്‍ വെടിവെച്ചു വീഴ്ത്തി. കൂട്ടത്തില്‍ തിമ്മനും പുറത്തുചാടി. എന്നാല്‍ ശിക്കാരിയുടെ തോക്കില്‍ നിന്നുള്ള ഉണ്ടയ്ക്ക് തിമ്മന്‍റെ ഒരു ചെവി തെറിപ്പിക്കാനേ കഴിഞ്ഞുള്ളൂ. കൂട്ടരെല്ലാം നഷ്ടപ്പെട്ടതിന്‍റെ വിഷമത്തില്‍, ഒറ്റച്ചെവിയനായി കാട്ടിലെവിടെയോ ഇരുന്നുള്ള തിമ്മന്‍റെ, മനുഷ്യകുലത്തിനോടുള്ള വെറുപ്പിന്‍റെ, ഓലിയിടലാവാം ഈ നിലവിളി.

    ചതുപ്പിലേക്കെന്ന് അറിയാതെ ഇരുവഴികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന നദിയയ്ക്കും മിഥേയോനും എന്തു സംഭവിക്കും? അവര്‍ക്ക് ക്രാന്‍ബറിപ്പഴങ്ങള്‍ കിട്ടുമോ? ചതുപ്പ് അവരെ അപകടപ്പെടുത്തുമോ? കാട്ടിലെവിടെയോ ഉള്ള, തിമ്മന്‍റെയും താരയുടെയും ഭാഗധേയം എന്താണ്? ഇവയ്ക്കെല്ലാമുള്ള ഉത്തരമാണ് നോവലിന്‍റെ ബാക്കിഭാഗം.

    ഇത്രയും സുന്ദരമായ നോവലെഴുതിയ എഴുത്തുകാരാ (എഴുത്തുകാരീ) നിന്‍റെ പേരെന്താണ്? സോവിയറ്റ് റഷ്യ പൊട്ടിച്ചിതറിയപ്പോള്‍, ഏത് ഖണ്ഡത്തിലെ ചെറു ഗ്രാമത്തിലിരുന്നാണ് നീ പുതിയ കഥകള്‍ നെയ്തിരിക്കുക? എന്നെങ്കിലും, ആരെങ്കിലും നീയാരാണെന്ന് എന്നോടു പറയുമോ?
    October, 2005

    ഒരു ആസ്വാദനക്കുറിപ്പ് - മാപ്പാക്കുക

    കാട്ടുരാജാവിന്‍റെ കണ്ണുകള്‍ രണ്ടും കലമാനിന്‍റെ കൊമ്പുകളില്‍. മുയലുകള്‍ക്ക് അഹ്ലാദം. കാടു ക്ഷോഭിച്ചില്ല. 'നീതിയാണ് ഇത് എന്‍റെ കാടാണ്. ഒറ്റക്കുതിപ്പിന് ശക്തിയും പല്ലും. കാഴ്ച കവര്‍ന്നതോ കൊമ്പിന്‍ കൃപാണം.

    ഫാസിസം തന്ന പതാകയിലും പരിത്യാഗത്തിന്‍റെ ഭ്രൂണചിഹ്നം. അറിയുന്നു, കാടിന്‍റെ മൃഗരാജന്‍‍, കൊച്ചുമൃഗത്തിന്‍റെ രുചിഭേദപാഠം. മുയലായ് ജനിച്ചാല്‍ മതിയിനി. മൃഗമെന്ന പേരിന് ഉത്തരമാകാം. കാടു നശിച്ചാല്‍ മക്കള്‍ക്കു പോകാം, കൂടുകള്‍ തേടി, നഗര മൃഗശാലയില്‍.

    അറുത്ത കൈക്ക് ഉപ്പുതരാതെ, വെളിച്ചം കെടുത്തിയ വീടാണ് കാട്. പകയും രക്തദാഹവും നിറഞ്ഞ കാടിന്‍റെ കഥയിന്നു കഴിയുന്നു. അതൃപ്തിയുടെ കാറ്റില്‍ മുറിയുന്നു ശിഖരങ്ങള്‍. കാടിന്‍റെ ദേവത എണ്ണയും വിറകുമില്ലാതെ വെയിലില്‍ എരിയുന്നു.

    മൃഗത്തിന്‍റെ ഛായയുള്ള എന്‍റെ മുഖത്തെ അടിമകള്‍ ആക്രമിക്കുന്നതിനു മുമ്പ്, കാട്ടാറിന്‍റെ ഓരത്തിലൂടെ എനിക്കു പോകണം. ശാന്തിയുടെ ശ്മശാനമൂകതയ്ക്കടുത്ത് ഒരു കൂര വേണം.


    ഈ മുകളില്‍ വായിച്ചത്, കുറച്ച് വലിയ കയ്യക്ഷരത്തില്‍ എഴുതിയാല്‍ A 4 സൈസ് പേപ്പര്‍ നിറയില്ല. അത്രയ്ക്ക് ചെറിയൊരു രചനയാണിത്. ഞാനിത് വീണ്ടും വീണ്ടും വായിച്ചു. എഴുതിയ ആളിന്‍റെയും എന്‍റെയും Wave length പ്രശ്നം കൊണ്ടാവാം ഒന്നും മനസ്സിലാവുന്നില്ല. എങ്കിലും മനസ്സിലായി എന്ന് ഞാന്‍ കരുതുന്നത് എഴുതാം.

    സിംഹം വേട്ടയാടാന്‍ ഒരുങ്ങി നില്‍ക്കുന്നു. ഇരയൊരു കലമാനാണ്. കൊമ്പുകളില്‍ നോക്കി തക്കം പാര്‍ത്തു നില്‍പ്പാണ് സിംഹം. ഇതുകണ്ട മുയലുകള്‍ക്ക് സന്തോഷം, കാരണം ഇര കലമാനാണല്ലോ! കാടിനും മൃഗരാജന്‍റെ ചെയ്തിയില്‍ കോപമില്ല. കാട്ടുനീതി ഇങ്ങിനെത്തന്നെയാണ്.

    അങ്ങിനെ, കാത്തുനിന്ന സിംഹം ഒറ്റക്കുതിപ്പ്. ശക്തിയും പല്ലും സിംഹത്തിന്‍റെ കയ്യില്‍. പക്ഷേ കലമാന്‍ കൊമ്പിന്‍ കൃപാണം, കാഴ്ച കവര്‍ന്നുവെത്രെ. സിംഹത്തിന്‍റെ കണ്ണുകളെ കവരുന്ന രീതിയില്‍ ആകര്‍ഷണീയങ്ങളായിരുന്നോ കലമാനിന്‍റെ കൊമ്പുകള്‍? അതോ ഉന്നം തെറ്റിച്ചാടി, കൊമ്പ് കണ്ണില്‍ കൊണ്ട് സിംഹത്തിന്‍റെ കാഴ്ച നഷ്ടപ്പെട്ടു എന്നാവുമോ? മനസ്സിലായില്ല. വരട്ടെ, പാരഗ്രാഫ് മൂന്ന് ഇനിയും ബാക്കിയുണ്ടല്ലോ? ഒന്നു പിടിച്ചുനോക്കാം.

    ഫാസിസം തന്ന പതാകയിലും പരിത്യാഗത്തിന്‍റെ ഭ്രൂണചിഹ്നമുണ്ടെന്നാണ് അടുത്ത വാചകം. ഫാസിസം ആര്‍ക്കാണ് പതാക കൊടുത്തത്? സിംഹത്തിനോ മുയലിനോ അതോ കലമാനോ? അതോ കാടിനു മൊത്തമോ? കലമാനിനു മുകളില്‍ ചാടി വീണു അതിനെ കൊലപ്പെടുത്തുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. അപ്പോള്‍, തന്നെ, തന്നെ! സിംഹത്തിനിപ്പോള്‍ കണ്ണുകളില്ല. കൊമ്പിന്‍ കൃപാണം കണ്ണു തുരക്കുകയായിരുന്നു. ഫാസിസ്റ്റ് ചെയ്തിക്കിടയിലും സിംഹം ചെയ്യേണ്ടി വന്ന ഈ ത്യാഗം നോക്കണേ!

    ഫാസിസത്തിന്‍റെ പതാകയിലും, പരിത്യാഗം അങ്ങിനെ, ആലിലക്കണ്ണനായി ശയിക്കുന്നുണ്ടെന്ന് സാരം! പലതും ത്യാഗം ചെയ്തിട്ടു തന്നെയാണ് ഫാസിസ്റ്റുകളും തത്വശാസ്ത്രം പിന്‍‌പറ്റുന്നത് എന്ന് വ്യംഗ്യം.

    കൊച്ചുമൃഗത്തിന്‍റെ പാഠഭേദപരമായ രുചിവൈഭവം മൃഗരാജന്‍ അറിയുന്നുണ്ടെന്നാണ് അടുത്ത വാചകം. കലമാന്‍ മാംസത്തിന്‍റെ രുചി, തന്‍റെ കാഴ്ച നഷ്ടപ്പെടുത്തിയ വിധിവൈപരീത്യമാവാം സിംഹത്തെക്കൊണ്ട് ഈ മോണോലോഗ് അടിപ്പിക്കുന്നത്. മുയലായി ജനിച്ചാല്‍ മതിയെന്നാണ് സിംഹത്തിന്‍റെ അടുത്ത ആത്മഗതം. കാടു നശിച്ചാല്‍, മക്കള്‍ക്ക് നഗരത്തിലെ മൃഗശാലയില്‍ പോവാമെന്നും സിംഹം ആത്മഗതിക്കുന്നുണ്ട്. അറുത്ത കൈക്ക് ഉപ്പുതരാതെ, വെളിച്ചം കെടുത്തിയ വീടാണ് കാട് എന്ന് വേദനിക്കുന്നുമുണ്ട്.

    അടുത്ത വാചകങ്ങള്‍ പറയുന്നത് സൂത്രധാരനാണെന്നു തോന്നുന്നു, അല്ലെങ്കില്‍ കോറസ്സാവാം. പകയും രക്തദാഹവും നിറഞ്ഞ കാടിന്‍റെ കഥ ഇന്നു കഴിയുന്നു എന്നാണത്. പോരാത്തതിന് അതൃപ്തിയുടെ കാറ്റില്‍ ശിഖരങ്ങള്‍ മുറിയുന്നുമുണ്ട്.

    എങ്ങിനെയാണ് കാടിന്‍റെ കഥ കഴിഞ്ഞത് എന്ന് മനസ്സിലായില്ല. അതിനു മാത്രം എന്തെങ്കിലും സംഭവിച്ചതായി മുമ്പുള്ള വാചകങ്ങളില്‍ സൂചനയുമില്ല. ചിലപ്പോള്‍ വിഷയിയും വിഷയവും എന്ന ലൈനില്‍ ചിന്തിച്ച സിംഹത്തിന് തോന്നിയതാവുമോ ഇത്? പക്ഷേ, കാട്ടുദേവത എണ്ണയും വിറകുമില്ലാതെ വെയിലില്‍ ഉരുകുന്നത് എന്തിനെന്നു എത്ര "യോസിച്ചും"പിടിതരുന്നില്ല. കഷ്ടകാലം നേരത്തു കുഷ്ഠം പിടിക്കുമെന്ന് കേട്ടിട്ടുണ്ട്. അതുപോലെയാവുമോ ഇത്?

    എവിടെയായിരുന്നു കാട്ടുദേവത ഇതുവരെ? ഒരുപക്ഷേ കാടിനെത്തന്നെയാണോ കാട്ടുദേവതയായി ഉപമിച്ചിരിക്കുന്നത്? ശിഖരങ്ങള്‍ കൊഴിഞ്ഞു വീണ് കാടിന് കഷണ്ടി കയറുന്നു എന്ന് മുമ്പൊരു വാചകത്തില്‍ പറഞ്ഞിട്ടുമുണ്ട്. കഷണ്ടിയില്‍ വെയില്‍ അടിക്കുമ്പോള്‍ ഉരുകുന്ന അവസ്ഥയുണ്ടാവും. അല്ലെങ്കില്‍ കണ്ണു നഷ്ടപ്പെട്ട സിംഹം തന്നെയാണോ കാട്ടുദേവതയും? (ആണോ? അല്ലെങ്കില്‍ പെണ്ണാവും - തൃശ്ശൂര്‍ രവിയോട് കടപ്പാട്)

    മൃഗത്തിന്‍റെ മുഖച്ഛായയുള്ള, തന്‍റെ മുഖത്തെ അടിമകള്‍ ആക്രമിക്കുമെന്നാണ് സിംഹത്തിന്‍റെ ഇപ്പോഴത്തെ ഭയം. കണ്ണുപോയ സിംഹത്തെ കുറുനരിയും കുറുക്കനും ആക്രമിച്ചെന്നു വരും. അങ്ങിനെ സംഭവിക്കും മുമ്പ് കാട്ടാറിന്‍റെ ഓരത്തെത്താന്‍ കൊതിക്കുകയാണ് സിംഹം. ചാവാന്‍ നേരത്ത് സ്വല്‍പ്പം വെള്ളം സിപ്പ് ചെയ്യാനാവും.

    ഇനി അന്തിമ വാചകം, ഇതൊരു ആഗ്രഹ പ്രകടനം കൂടിയാണ് - ശാന്തിയുടെ ശ്മശാന മൂകതയ്ക്കടുത്ത് സിംഹത്തിനൊരു കൂര വേണമെത്രെ. കാട്ടിലിറങ്ങി നടക്കാന്‍ ഭയമുള്ളവരാണല്ലോ കൂര കെട്ടി പ്രതിഷ്ഠയാവുന്നത്! പോരാത്തതിന് കലാംജി പോലും രാഷ്ട്രപതി ഭവനു മുമ്പില്‍ മുളങ്കൂര തീര്‍ത്ത കഥ, മംഗളം പത്രം (ഒരു രൂപാ നോട്ടു കൊടുത്താല്‍.....) വഴി കേരളക്കരയാകെ പാട്ടായിട്ടുമുണ്ട്.

    ഇങ്ങിനെ, കലമാനിന്‍റെ കൊമ്പു കൊണ്ട് കണ്ണു നഷ്ടപ്പെട്ട സിംഹത്തിന്‍റെ കദനകഥ എഴുതിയിരിക്കുന്നത് ആരെന്നല്ലേ? നമ്മുടെ പ്രിയകവി അയ്യപ്പന്‍! മാതൃഭൂമിയുടെ ഓണപ്പതിപ്പില്‍, "അടിമകളുടെ ആക്രമണം" എന്ന പേരിലാണ് തൊണ്ടിസാധനം വന്നത്. കവിതയെ മനസ്സിലാക്കാനുള്ള വ്യഗ്രതയില്‍, വരികള്‍ക്കിടയിലുള്ള അകലം എടുത്തുമാറ്റി, 4  പാരഗ്രാഫ് ഗദ്യമാക്കിയതില്‍ വായനക്കാര്‍ മാപ്പാക്കണം.

    ഇനിയെല്ലാവര്‍ക്കും, കവിത വായിച്ച് "അയ്യപ്പത്തിന്തകത്തോം" പാടാവുന്നതാണ്.
    October, 2005

    ഓഫീസ് തമാശകള്‍ - ഐടി (അ)സംബന്ധം

     
    ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാരിലെത്തിക്കുക എന്നൊരു ദൌത്യം അടുത്തിടെ എന്‍റെ കമ്പനി ഏറ്റെടുത്തു. ഉല്‍പ്പന്നങ്ങളെപ്പറ്റി, സാധാരണക്കാര്‍ക്ക് വായിച്ചു മനസിലാക്കാന്‍ പറ്റുന്ന തരത്തില്‍, മലയാളത്തിലൊരു പരിശീലന പുസ്തകമാണ് മേല്‍പ്പറഞ്ഞ കമ്പനിക്ക് വേണ്ടത്. അവര്‍ ഇംഗ്ലീഷില്‍ ഇറക്കിയിട്ടുള്ള പരിശീലന പുസ്തകം മലയാളീകരിക്കുകയേ വേണ്ടൂ, കൂടെ കുറേ പരിശീലന ഫയലുകളും. എന്നാല്‍ ഒന്‍പതിനായിരം പേജാണ് അതിലുള്ളത്! ഞങ്ങളെക്കൊണ്ടു മാത്രം, നിശ്ചിത സമയപരിധിക്കുള്ളില്‍ ലോക്കലൈസേഷന്‍ നടത്താന്‍ പറ്റില്ലെന്നു സാരം.

    അങ്ങിനെയാണ് റിട്ടയേഡ് കേരളാ സര്‍‌വകലാശാല പ്രഫസ്സറായ ഒരു മാന്യദേഹത്തിനെ ഞങ്ങള്‍ സമീപിച്ചത്. പുള്ളി സംഗതി ഏറ്റെടുത്തു. ക്ലീന്‍ ക്ലീനാക്കി ഒരു മാസത്തിനകം സംഭവം കയ്യില്‍ തന്നു. അങ്ങിനെ ക്ലീന്‍ ക്ലീനാക്കി കയ്യില്‍ കിട്ടിയ സാധനം, അച്ചടിച്ചിറക്കാനുള്ള പരുവത്തിലാക്കണമല്ലോ? അതിനായി പ്രൂഫ് റീഡിംഗിന് ഇറങ്ങിയ ഞാന്‍ ചിരിച്ചു ചിരിച്ചു ബോധം കെട്ട മട്ടിലാണിപ്പോള്‍. കേരള സര്‍‌വകലാശാല വ്യാഘ്രത്തിന്‍റെ ചില രസകരങ്ങളായ ലോക്കലൈസേഷന്‍ പീസുകളില്‍ നിന്ന് ഒരെണ്ണം ഇതാ. താഴെത്തന്നെ ഇംഗ്ലീഷ് മൂലവും കൊടുത്തിരിക്കുന്നു.

    മൊഴിമാറ്റിയത്:
    ഈ പാഠത്തില്‍ ഞങ്ങള്‍ ചര്‍‌ച്ച ചെയ്യുന്ന അവസാനത്തെ പ്രധാന സാങ്കേതിക വെബ് രേഖാ ചിത്രണ പരിഗണന ഫയല്‍ വലിപ്പമാണ്, അത് ഡൌണ്‍ ലോഡ് വേഗതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഒരു വെബ് സര്‍‌ഫര്‍ ആയ നിങ്ങള്‍ ദൃശ്യമാവാന്‍ 10 സെക്കന്‍‌ഡുകളില്‍ അധികം എടുക്കുന്ന താളുകള്‍‌ക്കായി കാത്തിരിക്കുമ്പോള്‍, അക്ഷമരായി നിങ്ങളുടെ മൌസ് കൊണ്ട് ചെണ്ട കൊട്ടുന്നതായി ഒരു പക്ഷെ നിങ്ങള്‍ സ്വയം പിടിക്കപ്പെട്ടിട്ടുണ്ടാകാം. (അല്ലെങ്കില്‍ അതിലും കൂടുതല്‍ സാധ്യത, സാവധാനത്തിലുള്ള താള്‍ മുഴുവനായും പ്രദര്‍‌ശിപ്പിക്കുന്നതിനു മുമ്പായി ക്ലിക്കടിച്ച് പോയിക്കൊണ്ടിരിക്കുക) ഒരു വെബ് രൂപകല്‍‌പ്പന ചെയ്യുന്ന വ്യക്തിയായ നിങ്ങള്‍ക്ക് ആ അക്ഷമ വികാരം പിടിച്ചു നിര്‍‌ത്തേണ്ടി വരും. നിങ്ങള്‍ വെബ് താളുകള്‍ രൂപകല്‍‌പ്പന ചെയ്യുമ്പോഴും വേര്‍ഡ് ആര്‍ട്ട് ഉപയോഗിക്കുമ്പോഴും, നിങ്ങള്‍ എല്ലായ്പോഴും നിങ്ങളുടെ രൂപകല്‍‌പ്പനയില്‍ ഒരു ദൃഷ്ടിയും മറ്റേ ദൃഷ്ടി മറ്റുള്ളവരുടേതിലും താങ്ങിനിര്‍‌ത്തുക. (അത് ഏകദേശം വേദനാജനകമായി തോന്നുന്നു സത്യം!)

    മൂലം:
    The last major “technical” Web graphics consideration that we cover in this lesson is file size, which is directly related to download speeds. As a Web surfer, you’ve probably caught yourself drumming your mouse impatiently while waiting for pages that take longer than 10 seconds to display (or, even more likely, clicking away before the slow page ever fully displays). As a Web designer, you need to hold on to that impatient feeling. When you design Web pages and use Web art, you should always keep one eye on your design and another eye on the user’s perspective. (That almost sounds painful!)

    സംഗതി, സംഭവമായിട്ടില്ലേ? ഓരോ പ്രാവശ്യം ചിരിക്കുമ്പോഴും എനിക്കു ഒരു രൂപാ വെച്ച് തരാന്‍ മറക്കരുത്. (ഇത്തരം പീസുകള്‍ വേണമെന്നുള്ളവര്‍, ബഹളമുണ്ടാക്കാതെ ക്യൂവില്‍ വരിക)

    ഇതോടെ സത്തിയം എന്ന?

    ആഷാമേനോന്‍, യാത്രാവിവരണങ്ങള്‍ എഴുതിത്തുടങ്ങിയതോടെ തളിരിട്ടതാണ് ഇപ്പോഴത്തെ യാത്രാവിവരണ സാഹിത്യം. മലയാളത്തിലിപ്പോള്‍ യാത്രാവിവരണ സാഹിത്യം പൂത്തുലഞ്ഞു നില്‍പ്പാണ്. പി. സുരേന്ദ്രന്‍ ഇത്തരം സാഹിത്യമെഴുതാനാണ് ജീവിതം തന്നെ മാറ്റിവെച്ചിരിക്കുന്നത്. ഡി. വിനയചന്ദ്രന്‍റേതായി മാധ്യമം ഓണപ്പതിപ്പിലൊരു യാത്രാവിവരണമുണ്ട്. "ഇന്ത പാണിയില്‍ മറുപടിയും എഴുതുവേന്‍" എന്ന് വിവരണത്തിന്‍റെ അവസാനത്തില്‍ വായനക്കാരെ ഭയപ്പെടുത്തുന്നുമുണ്ട്. വീരേന്ദ്രകുമാറും വിട്ടു കൊടുക്കുന്ന ഭാവമില്ല. ആമസോണ്‍ യാത്രകളും കടന്ന് ഈ മനുഷ്യന്‍ അങ്ങനെ, വീടും കുടിയുമില്ലാതെ, സഞ്ചരിക്കുകയാണ്. സക്കറിയയുടെ ആഫ്രിക്കന്‍ യാത്രകള്‍ മറന്നില്ലല്ലോ, അല്ലേ? യേത്? സര്‍ക്കാര്‍ വക യാത്രകള്‍, എത്ര പ്രാവശ്യം നമുക്കൊക്കെയായി പങ്കു വെച്ചിരിക്കുന്നു, നമ്മുടെ സച്ചിദാനന്ദന്‍. ചുറ്റും നോക്കിയാല്‍, എല്ലാ അക്ഷരകലാ വര്‍ക്കേഴ്സും യാത്രാവിവരണം എഴുതുന്നതിന്‍റെ തിരക്കിലാണ്. യാത്രാവിവരണം എഴുതുന്നത് പണ്ടത്തെ മഹാകാവ്യ രചന പോലെ ഒരു സംഭവമായി മാറിക്കഴിഞ്ഞോ? ഇതോടെ സത്തിയം എന്ന?
    July, 2005

    ശ്രീജന്‍റെ മാതൃഭൂമി ലേഖനത്തിന് മറുപടി

    വി സി ശ്രീജനെ ആദ്യം അറിയുന്നത് ഒരു കാര്‍‍ട്ടൂണ്‍‍ കവിതയിലൂടെയാണ് (അതോ കാര്‍ട്ടൂണിലൂടെയോ?). ആരാണത് എഴുതിയത് (അതോ വരച്ചതോ?) എന്ന് ഓര്‍‍മ്മയില്ല. ചത്തു കിടക്കുന്ന പുലിയെ, പല ഇസങ്ങളിലും പെട്ട നിരൂപകര്‍‍ വിശകലനം ചെയ്യുന്നതാണ് അതിന്‍റെ പ്രമേയമെന്ന് തോന്നുന്നു‍. ചത്തു കിടക്കുന്ന പുലിയെ വിശകലനം ചെയ്യാന്‍ ശ്രീജന്‍ ഭാരതീയ സാഹിത്യ വിമര്‍ശനം പ്രയോഗിക്കുന്നതിനെ പരിഹസിക്കുന്ന വരികളോ വരകളോ ആണ് ശ്രീജനെപ്പറ്റി കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മയില്‍ വരിക.

    മലയാളത്തിലെ പല വിമര്‍ശകരുടെയും പുസ്തകങ്ങള്‍ വായിക്കാറുണ്ടെങ്കിലും ശ്രീജനെ വായിക്കാന്‍ പറ്റിയില്ല. എങ്കിലും സുഹൃത്തുക്കള്‍ വഴി, സമകാലികങ്ങളില്‍ വരുന്ന നാട്ടുവര്‍ത്തമാനങ്ങള്‍ വഴി, ശ്രീജനെ ചിലപ്പോഴൊക്കെ കണ്ടുമുട്ടാറുണ്ട്. ഇങ്ങിനെയുള്ള അവസാനത്തെ കണ്ടുമുട്ടല്‍, ചിന്തയില്‍ ശിവന്‍ നടത്തിയ ഒരു പോസ്റ്റിലൂടെയാണ്. ആധുനികോത്തരതയെ എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ ശ്രീജന്‍റെ പേരും ശിവന്‍ ചേര്‍ത്തിരുന്നു.

    ഓ.. മറന്നുപോയി! ഭാഷാപോഷിണിയില്‍ - ഇക്കൊല്ലത്തെ വാര്‍ഷികപ്പതിപ്പില്‍ - ശ്രീജനുമായി കെ എം നരേന്ദ്രന്‍ നടത്തുന്നൊരു അഭിമുഖം ഞാന്‍ വായിച്ചിരുന്നു. നരേന്ദ്രന്‍ സ്വനഗ്രാഹിയന്ത്രം കൊണ്ടുപോയിക്കാണില്ല എന്നു തോന്നുന്നു. അല്ലെങ്കില്‍ നരേന്ദ്രന്‍, ശ്രീജന്‍റെ ഭയങ്കര ആരാധകന്‍ ആയിരുന്നിരിക്കണം. കാരണം, അവിടെയും ഇവിടെയും തൊടാതെ വളരെ നന്നായി ശ്രീജനെ ഈ അഭിമുഖത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്, ചെടിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, മൌലികമായ ഒന്നും മറുപടികളില്‍ ഇല്ലാതിരുന്നിട്ടുകൂടി!

    സംഭവമെന്തായാലും ഈ ലക്കം മാതൃഭൂമിയില്‍ ശ്രീജന്‍ നേരിട്ടെഴുതിയ "ദളിതവാദവും നിരൂപണവും" എന്ന ലേഖനം എനിക്ക് 'ക്ഷ' ബോധിച്ചു. ശ്രീജനെ മനസ്സിലാക്കാന്‍ വൈകിയതെന്തേ എന്ന് കുണ്ഠിതവുമുണ്ടായി.

    ദളിതവാദത്തെപ്പറ്റി പി കെ രാജശേഖരന്‍ പറഞ്ഞ ചില അപ്രിയ സത്യങ്ങള്‍ ചിലര്‍ക്കെങ്കിലും രസിച്ചില്ല. അവരത് തെളിഞ്ഞും മറഞ്ഞും പല സമകാലികങ്ങളിലും അവതരിപ്പിച്ചു. ഇതിനിടയിലാണ് പി കെ രാജശേഖരന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് "അടിയന്‍ ലച്ചിപ്പോം" എന്ന് ആര്‍ത്തുവിളിച്ച് വി സി ശ്രീജന്‍ മാതൃഭൂമിയില്‍ കയറിപ്പറ്റുന്നത്. ദളിതരോട് നോട്ടത്തിന്‍റെ ദിശ മാറ്റാനും സവര്‍ണ്ണരോടുള്ള കലഹം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്യുന്ന ശ്രീജന്‍റെ വാദമുഖങ്ങള്‍ എന്നാല്‍ ആവും വിധം വിശകലനം ചെയ്യാന്‍ ഒരുമ്പെടുകയാണ് ഇവിടെ.

    "യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ചുവെച്ച് ദളിതരെയും ദളിത് പ്രശ്നങ്ങളെയും ഇപ്പോഴുള്ള നിലയില്‍ തന്നെ മാറ്റമില്ലാതെ നിലനിര്‍ത്താനുള്ള പ്രത്യയശാസ്ത്രമാണ് ദളിതവാദം" എന്നാണ് രാജശേഖരന്‍റെ കണ്ടെത്തല്‍. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരുമെഴുതി. എന്നാല്‍ രാജശേഖരന്‍റെ പുതിയ ദളിതവാദത്തെ (ആധുനികോത്തര ദളിതവാദം - ശ്രീജന്‍ സമ്മതിക്കില്ലെങ്കിലും) പൂര്‍ണ്ണമായി പിന്തുണച്ചുകൊണ്ടും ഈ വാദത്തിന് ആവശ്യത്തിലധികം കോപ്പു കൂട്ടിക്കൊണ്ടും പുറത്തുവന്ന ശ്രീജന്‍റെ ലേഖനത്തെപ്പറ്റി രണ്ട് വാക്ക് പറയാതെ വയ്യ!

    ദളിതവാദത്തില്‍ അന്തര്‍ഹിതമായ (?) ചില പൊതുതത്വങ്ങള്‍ കണ്ടെത്തിക്കൊണ്ടാണ് ശ്രീജന്‍ തന്‍റെ ലേഖന പടയോട്ടം ആരംഭിക്കുന്നത്. ദളിതവാദം ഈ പൊതുതത്വങ്ങളില്‍ വിശ്വസിക്കുന്നു എന്നാണ് ശ്രീജന്‍റെ വിശ്വാസം. (ശ്രീജന്‍റെ വിശ്വാസം ശ്രീജനെ രക്ഷിക്കട്ടെ!) പൊതുതത്വങ്ങള്‍ എന്താണെന്നും അവയ്ക്കുള്ള മറുപടി എന്തായിരിക്കണമെന്നും നമുക്കു കാണാം.

    പൊതുതത്വം 1: സമൂഹത്തിലെ അസമത്വങ്ങള്‍ ശാശ്വതമായി ഇല്ലാതാക്കാന്‍ കഴിയും. സാഹിത്യവും കലയും കൊണ്ട് സമൂഹത്തിലെ അസമത്വം പോലുള്ള യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

    ആദ്യ പൊതുത്വത്തില്‍ തന്നെ കല്ലു കടിക്കുന്നു. സമൂഹത്തിലെ അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും എന്ന് ശഠിക്കുന്നത് കമ്മ്യൂണിസ്റ്റ് / മാര്‍ക്സിസ്റ്റ് അനുയായികളാണ്. ദളിതവാദമല്ല. സാഹിത്യവും കലയും കൊണ്ട് അസമത്വത്തെ ചെറുക്കാന്‍ കഴിയുമെന്ന് ദേശാഭിമാനി പേനയുന്തുകാര്‍ മാത്രമേ ധരിച്ചുവശായിട്ടുണ്ടാവൂ. ദളിത് കമ്മ്യൂണിസ്റ്റുകളും ഇങ്ങിനെ ചിന്തിക്കുന്നുണ്ടാവാം. ശ്രീജന് എതിര്‍ക്കേണ്ടത് കമ്മ്യൂണിസത്തെയാണോ, ദളിതവാദത്തെയാണോ? അതോ രണ്ടുമാണോ? മനസ്സിരുത്തി ശ്രീജന്‍ ചിന്തിക്കുന്നത് നന്ന്.

    പൊതുതത്വം 2: വിദൂരഭൂതകാലത്തില്‍ നടന്ന അക്രമങ്ങള്‍ വേണമെങ്കില്‍ ഇന്നു തിരുത്താനും പരിഹരിക്കാനും കഴിയും. മുന്‍ തലമുറ അനുഭവിച്ച പീഢനങ്ങളും വേദനകളും ദശകങ്ങള്‍ കഴിഞ്ഞാലും പിന്‍ തലമുറ ഭാവനാത്മകമായി അനുഭവിക്കും.

    യേശുദാസിനെ കടലോര ക്രിസ്ത്യാനിയെന്ന് സക്കറിയ ആക്ഷേപിച്ചിട്ട് അധികകാലം ആയിട്ടില്ല. സക്കറിയയും മനോരമാകുടുംബവും ബ്രാഹ്മണരില്‍ നിന്ന് നേരിട്ട് നസ്രാണികളായി മാറിയ ആഢ്യവര്‍ഗ്ഗമല്ലയോ! മാര്‍ഗ്ഗം കൂടികള്‍ എത്ര തലമുറ കഴിഞ്ഞാലും പരിഹാസത്തിന് പാത്രമാവും എന്ന് ചുറ്റും നോക്കിയാല്‍ മനസ്സിലാവും. ഇത് ഞാന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സമൂഹത്തിലെ മാത്രം ദളിത പ്രശ്നമാണ്. മറ്റ് സമൂഹങ്ങള്‍ക്ക് അവരുടേതായ അനുഭവങ്ങള്‍ പറയാനുണ്ടാവും.

    ശ്രീജന്‍റെ രണ്ടാം പൊതുതത്വത്തെപ്പറ്റി ഇനിയും ആഴത്തില്‍ ചിന്തിച്ചാല്‍ ഒന്നേ പറയാനുള്ളൂ. അബോധമനസ്സും ആര്‍ക്കിടൈപ്പുകളും എന്ന വിഷയത്തെ അധികരിച്ച് ഇന്നുവരെ ഇറങ്ങിയിട്ടുള്ള പുസ്തകങ്ങളില്‍ ഏതെങ്കിലും ഒന്ന് ശ്രീജന്‍ വായിക്കണം. ചിലപ്പോള്‍ ശ്രീജന് ബുദ്ധി വന്നേക്കാം.

    പൊതുതത്വം 3: പഴയ ശത്രുക്കളോട് മുന്‍‌ഗാമികള്‍ക്ക് ഉണ്ടായിരുന്ന അമര്‍ഷം തീര്‍ക്കാന്‍ ഇന്ന് അവരുടെ പിന്‍ തലമുറയോട് യുദ്ധം പ്രഖ്യാപിച്ചാല്‍ മതിയാവും.

    പഴയ ശത്രുക്കള്‍ ഇപ്പോഴും പ്രബലരാണെങ്കില്‍ യുദ്ധം അനിവാര്യം തന്നെ. തലമുറകള്‍ക്ക് മുമ്പ് ദളിതരെ കടിച്ച കൊതുകിന്‍റെ പിന്‍ തലമുറക്കാരാണ് ഇന്നും അവരെ കടിക്കുന്നത്. കടിയും കൊണ്ട്, ആസനത്തില്‍ കയ്യും വെച്ച് മിണ്ടാതെയിരിക്കണം എന്നാണോ ശ്രീജന്‍റെ ഗീതോപദേശം?

    ശ്രീജന്‍റെ അടുത്ത വാദം ഇതാ - "താണുകൊടുക്കാന്‍ മനസ്സില്ലാത്ത വിധം സ്വയം മാറാനും മാറ്റിപ്പണിയാനും കഴിയണമെങ്കില്‍ ദളിതന് ലോകപരിചയം വേണം. ലോകപരിചയത്തിന്‍റെ ഭാഗമായി കലയും സാഹിത്യവും വരാം. എന്നാല്‍ സാഹിത്യം കൊണ്ട് അസമത്വം ഇല്ലാതാക്കാന്‍ കഴിയില്ല. കാരണം കൂടെ ചേര്‍ന്നു കരയാനുള്ള തരളതയേ സാഹിത്യം നല്‍കുകയുള്ളൂ.'

    കലയും സാഹിത്യവും മാത്രമാണ് ദളിതവാദമെന്ന് ധരിച്ചുവശായിരിക്കുകയാണ് പാവം ശ്രീജന്‍. ദളിതന് ദളിതവാദം പ്രചരിപ്പിക്കാന്‍ സാഹിത്യവും കലയും വേണമെന്ന് ആരാണ് പറഞ്ഞത്? അക്ഷരം കൊണ്ട് കാണിക്കുന്ന കസര്‍ത്തുകളെല്ലാം സാഹിത്യമാവുമോ? അതോ, മാര്‍ക്സിന്‍റെ മൂലധനം പോലും സാഹിത്യസൃഷ്ടിയാണെന്ന് ശ്രീജന്‍ വാദിച്ചുകളയുമോ?

    ഇവിടെ, സം‌വാദത്തില്‍ പങ്കെടുത്ത് സിബു പറഞ്ഞത് ഓര്‍മ്മ വരികയാണ് - "കവിതയും കഥയും എഴുതുന്ന സാഹിത്യകാരന്മാരുടെ സാമൂഹികവിമര്‍ശനത്തെ മമ്മൂട്ടിയുടെയും മോഹന്‍‌ലാലിന്‍റെയും സാമൂഹികവിമര്‍ശനം പോലെ തന്നെയേ കാണേണ്ടതുള്ളൂ. തുമ്പിയെ കല്ലെടുപ്പിക്കുന്ന പോലെ ഭാരിച്ചതും ചേരാത്തതുമായ ഒരു ജോലിയാണ്‌ സാഹിത്യകാരന്മാര്‍ക്ക്‌ നമ്മള്‍ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്‌. വികാരരഹിതമായി വിശകലനം ചെയ്യേണ്ടുന്നൊരു കാര്യത്തിന്റെ താക്കോല്‍ വികാരജീവികള്‍ക്കാണ്‌ കിട്ടിയിരിക്കുന്നത്‌ എന്നു വിശ്വസിക്കാന്‍ പ്രയാസം.' സത്യം, നൂറു ശതമാനം!

    വിചിത്രമാണ് ശ്രീജന്‍റെ അടുത്ത വിചിന്തനം. ഇങ്ങ് തലശ്ശേരിയില്‍ ഇരിക്കുന്നയാള്‍ വിചാരിച്ചാല്‍ ബീഹാറിലെ ദളിതപീഢനം ഇല്ലാതാക്കാന്‍ പറ്റില്ലെന്ന്! ഹൌ! എത്ര പ്രായോഗികമതിയാണ് ശ്രീജന്‍. അതായത് നമുക്കിടപെടാന്‍ പറ്റാത്ത പ്രശ്നങ്ങളെപ്പറ്റി ചിന്തിച്ച് തല പുണ്ണാക്കേണ്ട എന്ന് സാരം! നല്ല വിമര്‍ശന (തത്വ) ചിന്ത അല്ലേ?

    കേരളത്തില്‍ സവര്‍ണ്ണ മേധാവിത്വം ഉണ്ടെന്ന് വസ്തുനിഷ്ഠമായി തെളിയിക്കാന്‍ പറ്റില്ല എന്ന് ശ്രീജന്‍. മാത്രമല്ല, അങ്ങിനെയൊന്ന് ഉണ്ടെങ്കില്‍ തന്നെ, ദളിതരോടുള്ള പഴയ മനോഭാവം മാറ്റി, സവര്‍ണ്ണരുടെയുള്ളില്‍ നല്ല മറ്റൊരെണ്ണം പതിച്ചു വെയ്ക്കാന്‍ ആര്‍ക്കുകഴിയും എന്നാണ് ശ്രീജന്‍റെ മഹാചോദ്യം. ഇങ്ങിനെ ഉത്തരമില്ലാത്ത മഹാസമസ്യകള്‍, വിക്രമാദിത്യ മഹാരാജാവിന്‍റെയടുത്ത് വേതാളം ചോദിച്ചതായി മാത്രമേ കേട്ടറിവുള്ളൂ.

    ഇനിയുമുണ്ട്, ശ്രീജന്‍റെ കുതര്‍ക്കങ്ങള്‍. ബ്രാഹ്മണര്‍ സംസ്കാരമില്ലാത്തവര്‍ ആണെന്ന് തെളിയിക്കാന്‍ അംബേദ്കര്‍ 'പോലും' അനവധി ലേഖനങ്ങള്‍ എഴിതിയിട്ടുണ്ടെത്രെ. ഇന്നത്തെ നിയമം വെച്ച് പണ്ടത്തെ പൂര്‍‌വികരെ കുറ്റം വിധിക്കുന്നത് വസ്തുനിഷ്ഠമായ ചരിത്രരചനാരീതിയല്ല എന്ന് ശ്രീജന്‍ നമ്മെ സാദരം ഓര്‍മ്മപ്പെടുത്തുന്നു.

    എന്നാല്‍ നളിനി ജമീലയുടെയും മറ്റും വിപ്ലവകഥകള്‍ വായിച്ച്, പണ്ടത്തെ താത്രിക്കുട്ടിയെ ആദ്യ ഫെമിനിസ്റ്റായും സമുദായ ഉദ്ധാരകയായും ചിത്രീകരിക്കാന്‍ ആരൊക്കെയോ പെടാപ്പാടു പെടുന്നത് ശ്രീജന് കാണാന്‍ പറ്റുന്നില്ല. ശ്രീജന്‍റെ നോട്ടത്തില്‍ ദളിതന് ഒരു നിയമം, സവര്‍ണ്ണന് മറ്റൊന്ന്, എന്നാണെന്നു തോന്നുന്നു.

    ദളിതരോട് ചിന്തക്കരുത് എന്നാണ് ശ്രീജന്‍റെ അഭ്യര്‍ത്ഥന. ഇതാ കാണുക - 'മര്‍ദകരുടെ പിന്‍‌ഗാമികളെ ശകാരിച്ചാല്‍ പോവുന്നതല്ല, മര്‍ദനങ്ങളുടെ തെളിവുകള്‍ സൃഷ്ടിക്കുന്ന ആത്മനിന്ദ. തന്‍റെ കൂട്ടര്‍ മര്‍ദിക്കപ്പെട്ടിരുന്നു എന്ന അറിവു തന്നെ എല്ലാ ആത്മവിശ്വാസവും നശിപ്പിക്കും.' അപ്പോള്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ പറ്റിയ മരുന്ന് പഴയതെല്ലാം മറക്കുക എന്നതാണ്! ഹൌ, എന്തൊരു കരിയര്‍ ഗൈഡന്‍സ്!

    ഇതിനേക്കാളൊക്കെ രസാവഹമായ ഒരു നിരീക്ഷണം ലേഖനത്തിന്‍റെ അവസാന ഭാഗത്തുണ്ട്. 'പോസ്റ്റ് മോഡേണിസം കയറ്റി അയയ്ക്കുന്ന ചിന്തകരുള്ള അമേരിക്കപോലെയുള്ള സാമ്രാജ്യത്വ ശക്തികളുടെ താല്‍പ്പര്യമാണ് മൂന്നാം‌ലോക രാജ്യങ്ങളിലെ അടിപിടികള്‍ ഒരിക്കലും തീരാന്‍ പാടില്ല എന്നത്. അത് ഫലിച്ചിട്ടുണ്ടെന്ന സൂചനയാണ് ബ്രാഹ്മണിസത്തേക്കാള്‍ നമ്മള്‍ സ്വാഗതം ചെയ്യേണ്ടത് ആഗോളവാദത്തെയും ഉദാരീകരണത്തെയും ആണെന്ന ദളിതവാദം.'

    ഇതു വായിച്ചപ്പോഴാണ് ആ ഗുട്ടന്‍സ് പിടികിട്ടിയത്. ആഗോളവാദത്തെയും ഉദാരീകരണത്തെയും പ്രശംസിക്കുന്ന, എന്നാല്‍ ബ്രാഹ്മണിസത്തെ തള്ളിപ്പറയുന്ന ആധുനികോത്തരവാദത്തെയാണ് ശ്രീജന്‍ എതിര്‍ക്കുന്നത്. യേത്? സംഭവം മനസ്സിലായോ?

    കഴിഞ്ഞില്ല. അടുത്ത ഖണ്ഡികയില്‍ ട്രപ്പീസു കളിക്കാരന്‍റെ ലാഘവത്തോടെ ശ്രീജനൊരു മലക്കം മറിയല്‍ നടത്തുന്നുണ്ട് - 'ആധുനികോത്തരതയിലെ സത്വസങ്കല്‍പ്പത്തിന് പുതിയ കാലത്തിന് പറ്റാത്തത്ര പഴക്കമുള്ള ഒരു മതഗോത്ര സ്വഭാവമുണ്ട്. ആധുനികോത്തരത വേണ്ടത്ര ആധുനികോത്തരമാവത്തതിന്‍റെ ഫലമാണിത്.'

    അതായത് ആഗോളവാദത്തെയും ഉദാരീകരണത്തെയും അല്ല ആധുനികോത്തരത പ്രശംസിക്കേണ്ടതെന്ന് സാരം. പകരം (ഇന്ത്യന്‍ പശ്ചാത്തലത്തില്‍) ഹിന്ദുമത-ഗോത്രങ്ങളെയാണെന്ന് സാരം. പക്ഷേ, ഇവിടെയും ശ്രീജന് Logic error പറ്റുന്നു. നാലോ അഞ്ചോ നൂറ്റാണ്ടിന്‍റെ ചരിത്രമെന്ന ഉള്ളിത്തോലും കടന്ന്, കൂടുതല്‍ ആഴത്തിലേക്ക് മുങ്ങാംകുഴിയിട്ടാണ് ദളിതന്‍ വീണ്ടെടുപ്പിന് ശ്രമിക്കുന്നത്. അതായത് "മതങ്ങള്‍ക്കും മുമ്പ്" എന്നൊക്കെ ചിന്തിക്കാന്‍ ശ്രീജന്‍ മനസ്സിനെ പരിശീലിപ്പിക്കുന്നത് നന്നായിരിക്കും.

    ഇതാ അടുത്ത ധിഷണാപരമായ (?) മറ്റൊരു കുതര്‍ക്കം! ഘടനാവാദാനന്തരചിന്തയുടെ വ്യാഖ്യാതാക്കളുടേതായി പരിചയപ്പെടുത്തിയാണ് ശ്രീജന്‍ ഇത് മുന്നോട്ട് വെക്കുന്നത്. "താനൊരു ജൂതന്‍ ആണെന്ന് പറയുമ്പോഴും ഈ പറയുന്നതില്‍ നിന്ന് പറയുന്നയാള്‍ വ്യത്യസ്തനായിരിക്കും. സത്യത്തിന്‍റെ ചെറിയൊരു അംശം മാത്രമേ ഈ വാക്കുകള്‍ ഉള്‍ക്കൊള്ളുന്നുള്ളൂ. തന്‍റെ സത്വം എന്നു പറയേണ്ടത് മറ്റ് ജൂതന്‍മാരില്‍ നിന്ന് തനിക്കുള്ള വ്യത്യാസങ്ങളെയാണ്. അല്ലാതെ ജൂത്ന്മാര്‍ക്കും തനിക്കുമുള്ള പൊതുവായ സ്വഭാവലക്ഷണങ്ങളെയല്ല. അങ്ങിനെ വരുമ്പോള്‍ താന്‍ ദളിതനാണെന്ന പ്രഖ്യാപനം തന്‍റെ സത്വത്തെ സ്ഥാപിക്കുകയല്ല, പകരം അതിനെ മറച്ചു വെക്കുകയാവും ചെയ്യുക."

    തര്‍ക്കം ഭേഷായിട്ടുണ്ട്. വ്യക്തി കേന്ദ്രീകൃത ചിന്തകളും പ്രവൃത്തികളുമാണ് ആരില്‍നിന്നും ശ്രീജന്‍ പ്രതീക്ഷിക്കുന്നത്. ശാന്തം പാപം! ആരുമിനി മാര്‍ക്സിസ്റ്റാണ്, ഹിന്ദുമതക്കാരാണ്, നസ്രാണിയാണ്, ആര്‍ എസ് എസ്സാണ്, ജനതാദള്ളാണ് , ഇന്ത്യക്കാരനാണ് എന്നൊന്നും പറയാന്‍ പാടില്ല. ഇങ്ങിനെ പറയുന്നത് നമ്മുടെ സത്വത്തെ ഹനിക്കലാവും. (എന്‍റെ സുഹൃത്ത് ജോണ്‍സണ്‍ എഴുതിയ ഡിക്ടറ്റീവ് നോവലില്‍ "സിമിത്തേരിയില്‍ നിന്ന് ഡിക്ടറ്റീവ് ജോസിന്‍റെ നേര്‍ക്ക് ഒരു "സുത്തം" ചാടിവീണു എന്ന് വായിച്ചിട്ടുണ്ട്. ഈ സുത്തമാണോ ശ്രീജന്‍റെ സത്വം?!)

    ഇരിക്കുന്ന കൊമ്പു തന്നെ ഇങ്ങിനെ കുതര്‍ക്കങ്ങള്‍ കൊണ്ട് മുറിക്കാതിരിക്കാന്‍ ആരെങ്കിലും ശ്രീജനെ ഉപദേശിച്ചാല്‍ നന്ന്. കൊമ്പോടിഞ്ഞു വീണാല്‍ നട്ടെല്ലു തന്നെ ഒടിയാം!

    March, 2005

    എന്‍റെ ഭാഷയെ തിരിച്ചു തരിക

    (എഴുത്തച്ഛന്‍ പുരസ്കാരം ഏറ്‍റുവാങ്ങി മലയാളത്തിന്‍റെ ഇതിഹാസകാരന്‍ ഒ.വി.വിജയന്‍ കൈപ്പടയില്‍ എഴുതി എം.ജി.ശശിഭൂഷണ്‍ വായിച്ച മറുപടി. പാര്‍ക്കിന്‍സണ്‍ രോഗം തളര്‍ത്തിയ ശേഷം വിജയന്‍ പങ്കെടുത്ത പ്രധാന പൊതു ചടങ്ങിലൊന്നായിരുന്നു അത്. 2002 ഡിസംബര്‍ ഏഴിന് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്‍റ്‍റണിയില്‍ നിന്നും പുരസ്കാരം വാങ്ങാനായി വിജയനെത്തിയത് ഭാര്യ ഡോ തരേസയോടൊപ്പമാണ്.)

    ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു പരുക്കന്‍ ഫലിതമാണെന്ന തെറ്‍റിദ്ധാരണ അവശേഷിച്ചെന്നു വരാം. എങ്കിലും ഞാന്‍ അതുപറയട്ടെ. ഈ പുരസ്കാരത്തിന്‍റെ പേരു പേറുന്ന മഹാസാന്നിദ്ധ്യത്തിന്‍റെ മറ പിടിച്ചിട്ട്.

    നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്‍റൊരു തരത്തില്‍. നൂറ്‍റാണ്ടുകളിലൂടെ കൊച്ചുളികളും ചെറുചുറ്‍റികകളും അലസമായി പണി ചെയ്യുന്നു. വലിയ സന്ദേഹങ്ങളില്ലാതെ. സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്‍റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്‍റെ മാറ്‍റ് മനസിലാകാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ.

    ശബ്ദപാളികള്‍ ആഹ്ളാദത്തിന്‍റെ ശക്തിയില്‍, അടര്‍ന്ന് ഘനതലങ്ങളില്‍ പതിക്കുംപോഴാണ് സാഹിതി ഉടലെടുക്കുന്നത്. ഈ ശബ്ദപാളികള്‍ ഇന്ന് ദുര്‍ബലങ്ങളാണ്. അവയുടെ ഭൌതികാടിസ്ഥാനം തുള വീണു കിടക്കുകയാണിന്ന്. തുള വീണ ഭാഷ! ഓര്‍ത്തുനോക്കിയാല്‍ ഭയാനകം. തുളവീണ ഭാഷയില്‍ ചിന്തിച്ച് അരികു ഭാഷയില്‍ ചിന്തയില്ലാതെ ശബ്ദിച്ച്, വികലമായ ഇങ്കരിയസ്സിന്‍റെ കോമാളിമാലകളണിഞ്ഞ് ഗള്‍ഫന്‍ മണലില്‍ മുഖം നഷ്ടപ്പെടുംപോള്‍ അപമാനത്തിന്‍റെ തൃപ്തി ചക്രം പൂര്‍ത്തിയാകുന്നു.

    എന്‍റെ കുട്ടിക്കാലത്ത് ഒരു ഭാഷയുണ്ടായിരുന്നു. അത് ആകാശങ്ങളിലെ ദ്രാവിഡമായിരുന്നു. സുഖാലസ്യങ്ങളില്‍ പുലരാന്‍ കാത്തു കിടന്ന കുട്ടികളെ ഈ ദ്രാവിഡം തൊട്ടുവിളിച്ചു. കൂടെ ഏതോ ആദിസംസ്കാരത്തിന്‍റെ സരളതാളങ്ങളും. കുട്ടി പുലരിപൊട്ടുന്നത് അറിയുന്നുവോ? അറിയുന്നു. തന്നിലേക്കു തന്നെ ഉള്‍വലിയുന്ന ശരീരത്തിന്‍റെ അമൃതാലസ്യമാണിത്. ആവതും നുണയൂ. ഉഷ:സന്ധ്യയില്‍ കുട്ടി ചിരിക്കുന്നു. തന്നോടു സംസാരിച്ച ഗംഭീരസ്വരം എന്താണ്?

    ഏതോ സഹസ്രിമയുടെ വിരല്‍ത്താളം, കരിമ്പനപ്പട്ടകളില്‍ കാറ്‍റുപിടിക്കുന്നതിന്‍റെ ശബ്ദമാണത്. ചുരം കടന്ന് പാലക്കാട്ടേക്ക് വീശുന്ന കിഴക്കന്‍ കാറ്‍റ്. ഇന്ന് കിഴക്കന്‍ കാറ്‍റില്ല. കരിംപനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്‍റെ ഭാഷയുടെ സ്ഥായം വകം കൊട്ടിടയങ്ങുന്നു. എന്‍റെ ഭാഷ, മലയാളം, ആ വലിയ ബധിരതയിലേക്കു നീങ്ങുന്നു. എനിക്ക് എന്‍റെ ഭാഷയെ തിരിച്ചു തരിക.

    March, 2005

    ക്രിക്കറ്റ് വിരോധവും ഇന്ത്യന്‍ പൌരത്വവും

    അത്യാവശ്യം പ്രസിദ്ധ നിരൂപകനായ പി. കെ. രാജശേഖരന്‍ ക്രിക്കറ്റിനെപ്പറ്റി ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ഓര്‍മ്മയില്‍ നിന്ന് എഴുതുകയാണ്. (കൃഷ്ണന്‍ നായര്‍ ശൈലിയില്‍ ഒരു കാച്ച് കാച്ചിയതാണേ!) ഡി സി ബുക്ക്‌സാണ് അത് പ്രസിദ്ധീകരിച്ചത്. പുസ്തകം എന്‍റെ നാട്ടിലെ അലമാരയില്‍ ഇരിപ്പുണ്ട്. എന്നാല്‍ ഇതുവരെയും ഞാനത് വായിച്ചിട്ടില്ല - എന്തിന് കയ്യിലെടുത്ത് ഒന്നു മറിച്ചു നോക്കിയിട്ടുമില്ല.

    ഒ. വി. വിജയനെപ്പറ്റി എഴുതിയ പിതൃഘടികാരം വായിച്ചതു മുതല്‍‍ പി. കെ. രാജശേഖരന്‍റെ ഒരു സൃഷ്ടിയും ഞാന്‍ വിടാറില്ല. എന്നാല്‍ ഈ പുസ്തകം (ഡി സി അതിന്‍റെ മൂന്നും നാലും പതിപ്പുകള്‍ ഇറക്കിയെന്നു തൊന്നുന്നു.) ഞാന്‍ തൊട്ടു നോക്കാത്തത് എന്തുകൊണ്ടാണ് എന്നറിയാന്‍ എനിക്കും കൌതുകമുണ്ട്. അതു പരിശോധിക്കുകയാണ് ഇവിടെ.

    അപ്പാപ്പനും അപ്പനുമെല്ലാം നാട്ടിലെ വലിയ ഫുട്‌ബോള്‍ ആരാധകരായിരുന്നു. ലോകകപ്പ് നടക്കുമ്പോള്‍ ടിവിയില്‍ കളി കാണാനായി ഫുട്‌ബോള്‍ ആരാധകര്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നത് എനിക്കോര്‍മ്മയുണ്ട്. കളി നടന്നുകൊണ്ടിരിക്കുമ്പോള്‍ കളിയുടെ വിശകലനം നടത്തുന്ന അപ്പനുവേണ്ടിയാണ് ഇവരൊക്കെ വീട്ടില്‍ വരുന്നത്. കളി മുറുകുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അമ്മ കട്ടന്‍ ചായ ഉണ്ടാക്കിക്കൊടുക്കും. ലോകകപ്പ് ഫുട്‌ബോള്‍ അങ്ങിനെ വീട്ടില്‍ ഒരു രാത്രിയുത്സവമായിരുന്നു. കളിയുടെ സ്പിരിറ്റ് മാത്രമാണ് ഞങ്ങളുടെ രാത്രികളെ ഉത്സവങ്ങളാക്കിയത്.

    ഫുട്‌ബോള്‍‍ ആരാധകനായതുകൊണ്ടല്ല ഞാന്‍‍ ക്രിക്കറ്റ് വിരോധിയായി മാറിയത്. ഫുട്‌ബോള്‍ എന്നല്ല, അച്ചുട്ടി, കോട്ടിക്കായ കളി (ഗോലികളി എന്നും പറയും) തൊട്ട് കബഡി വരെ എനിക്കിഷ്ടമാണ്. ക്രിക്കറ്റിനും മറ്റുള്ള കായിക വിനോദങ്ങള്‍ക്കും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട് എന്നാണ് എന്‍റെ ആദ്യ നിരീക്ഷണം. നാടന്‍ കോഴിയും ബ്രോയിലര്‍ ചിക്കനും പോലെ.

    കളിക്ക് ഒരു നിയമമുണ്ട്. ഒന്നാമത്തെ നിയമം കളി കളിക്ക് വേണ്ടിയുള്ളതാവണം എന്നുള്ളതാണ്. ഒന്നാം നിയമം തന്നെ തെറ്റിക്കുന്ന ക്രിക്കറ്റിനെ ഒരു കായിക വിനോദമായി കാണാന്‍ മനസ്സില്ലാത്തതുകൊണ്ടാണ് ഞാന്‍ പി. കെയുടെ പുസ്തകവും തമസ്കരിച്ചത്. കഥകളിയിലെ കല്ലടിക്കോടന്‍ - കപ്ലിങ്ങാടന്‍ ശൈലികളെപ്പോലെ ഇന്ത്യാ - പാക് ടീമുകളെപ്പറ്റി സംസാരിക്കുന്ന national jingoist-കളാണ് ഭൂരിഭാഗം ആരാധകരും ക്രിക്കറ്റിനെ വിനോദമല്ലാതാക്കുന്നു.

    ടെന്നീസില്‍ എനിക്ക് സെറീനയെ ഇഷ്ടപ്പെടാം, ഫുട്‌ബോളില്‍ റൊനാള്‍ഡീഞ്ഞോയേയും. എന്നാല്‍ ക്രിക്കറ്റില്‍ ഞാന്‍ ശോയേബ് അക്തറെ ഇഷ്ടപ്പെട്ടുകൂട എന്നു പറയുന്ന ഒരു സംസ്കാരമാണ് നമ്മുടേത്. ഒരു നസ്രാണിയായതിനാല്‍‍, ഷോയേബിനോടുള്ള എന്‍റെ ഇഷ്ടം പലരും സഹിച്ചേക്കും. എന്നാല്‍ ഞാനൊരു മുസ്ലീമാണെങ്കില്‍, ഷോയേബ് എന്‍റെ ഇഷ്ടതാരമാണെങ്കില്‍, ഇഷ്ട നടനുവേണ്ടി വാദിക്കുന്ന അതേ ശബ്ദത്തില്‍ ഷോയേബിന് വേണ്ടി വാദിച്ചാല്‍?

    ക്രിക്കറ്റ് ശരിക്കുമൊരു കായിക വിനോദമാവണമെങ്കില്‍ ക്രിക്കറ്റ് ക്ലബ്ബുകള്‍ ഉടലെടുക്കണം. എല്‍ ജി തന്നെ ഒരു ക്ലബ്ബ് ആരംഭിക്കട്ടെ. ഗാംഗുലിയേയും വോണിനേയും മുത്തയ്യ മുരളീധരനേയും അവര്‍ ഒരു വര്‍ഷത്തേക്ക് വിലക്കു വാങ്ങട്ടെ. പെപ്സിക്കുമാവാം ഒരു ക്ലബ്ബ്. സച്ചിനും ഷോയേബും ഗില്‍ ക്രിസ്റ്റും അവര്‍ക്കു വേണ്ടി ഇറങ്ങട്ടെ. ദേശീയതയുടെ മഞ്ഞക്കണ്ണട വെക്കാത്ത ആരാധകര്‍ക്കു വേണ്ടി ഇങ്ങിനെയുള്ള ക്ലബ്ബുകള്‍ ഗോദയിലിറങ്ങട്ടെ. ഓരോ മികച്ച കളിക്കാരനും കഴിവു പുറത്തെടുക്കുന്ന ആ അസുലഭ സുന്ദരമായ നിമിഷം ഒരു സ്വപ്നം മാത്രമാവും എന്ന് എനിക്കറിയാം.

    ടിവി മീഡിയായും രാഷ്ട്രത്തലവന്‍മാരും ആവശ്യപ്പെടുന്ന അഡ്ജസ്റ്റ്മെന്‍റ് കളികളില്‍ നിന്ന് പുറത്തുവരും വരെ ക്രിക്കറ്റ് എനിക്കൊരു കായിക വിനോദമേയല്ല. ഇപ്പോഴുള്ള ക്രിക്കറ്റ് വെറുക്കുന്നതുകൊണ്ട് ഞാന്‍ ഇന്ത്യക്കാരനല്ല എന്നു പറയുന്നവരോട് എന്തു മറുപടി പറയാന്‍???
    March, 2005

    വേറിട്ട ചില ചിന്തകള്‍

    കരുണാകരനും കാനായി കുഞ്ഞിരാമനും : ചിത്രകലയുമായി ബന്ധമില്ലാത്ത സാധാരണക്കാരന് കരുണാകരന്‍റെ ചിത്രങ്ങള്‍ പുതുമയായി തോന്നാം. മ്യൂറലുകള്‍ കണ്ട് പരിചയിച്ച ഒരാള്‍ക്ക് അവയില്‍ വലിയ പുതുമയൊന്നും കാണാനാവില്ല. കരുണാകരന്‍റേത് വെറും ക്രാഫ്റ്റ് ആണ്. ഇതയാളെ ചിത്രങ്ങള്‍ വിറ്റുപോവാന്‍ സഹായിച്ചേക്കാം. അല്ലാതെ അരഞ്ഞാണമിട്ട് പെണ്ണുങ്ങള്‍ നില്‍ക്കുന്നത് വരക്കുന്നതില്‍ വലിയ പ്രസക്തിയുമില്ല, കലയുമില്ല.

    കാനായിയുടെ സൃഷ്ടികള്‍ പലതും വലുപ്പം കൊണ്ട് ആളുകളുടെ കണ്ണ് തള്ളീക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാനായിയേക്കാള്‍ കഴിവുള്ള കലാകാരന്‍മാര്‍ കേരളത്തിലിന്നേറെയുണ്ട്. കാനായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. അതാണയാളുടെ വിജയം. സൃഷ്ടികളത്രക്ക് മഹത്തരങ്ങളാണെന്ന് എനിക്കഭിപ്രായമില്ല. (ജയന്‍ പാത്രമംഗലം - വെബ്ലോകത്തില്‍)

    കെ.പി.എ.സിയും കാവാലവും : ഇന്ന് ലോകതീയറ്റര്‍ ഏറെ മുന്നോട്ടുപോയെങ്കിലും മലയാളി നൂറുവര്‍ഷം പിന്നിലാണ്. ഇതിന്‍റെ പ്രധാന പ്രശ്നം കെ.പി.എ.സി നമുക്കു നല്‍കിയ ഇടുങ്ങിയ ഒരു ചതുരത്തില്‍നിന്നും നമ്മുടെ നാടകങ്ങള്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ല. കെ.പി.എ.സി നമുക്ക് തന്നത് ഒരു നല്ല തീയറ്റര്‍ കള്‍ച്ചര്‍ അല്ല. സെന്‍റിമെന്‍സും, പ്രണയവും, കോമഡിയും ചേര്‍ത്ത ഒരു തമിഴ്നാടകരീതി മാത്രമാണ് ഇവര്‍ നമുക്ക് നല്‍കിയത്.

    കാവാലം അടക്കമുളളവര്‍ നാടകത്തിലൂടെ നമുക്ക് തന്നത് ഒരു തെറ്റായ നാടോടി പാരമ്പര്യമാണ്. അതായത് നാടോടി പാരമ്പര്യത്തെക്കുറിച്ച് തെറ്റായ ധാരണയും, കുറെ കളളനാണയവുമാണ് ഇവര്‍ നല്‍കിയത്. ഇത് നമ്മുടെ നാടകമല്ല. തനത് നാടകവേദിക്ക് ജനകീയ ബന്ധമില്ല. 'അവനവന്‍ കടമ്പ'യിലൊക്കെ ആശാന്‍റെ കിരണങ്ങള്‍ കാണാമെങ്കിലും പിന്നീടു വന്നതൊക്കെ ഒന്നിന്‍റെ അനുകരണങ്ങള്‍ മാത്രം. 'കര്‍ണഭാര'വും 'കരിങ്കുട്ടി'യും ഒരേ പാറ്റേണിലാണ് ഇവര്‍ അവതരിപ്പിച്ചത്. (സതീഷ് കെ.സതീഷ് - പുഴയില്‍)

    Computer-ന് മലയാള സമാന്തരപദം

    Compute എന്ന ക്രിയാപദത്തില്‍ നിന്ന് ഉണ്ടായ Computer എന്ന നാമരൂപത്തെ ഒട്ടുമിക്ക ഭാഷകളും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. എങ്കിലും Glocalization -ന്‍റെ (Globalization + Localization = Glocalization) ഈ ഉത്തരാധുനിക കാലത്തില്‍ ഈ പദത്തിന് തനത് ഭാഷകളില്‍ സമാന്തരപദം കണ്ടെത്താന്‍ ഉള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. മറ്റ് ലോകഭാഷകളോട് എപ്പോഴും ആരോഗ്യപരമായ മത്സരസ്വഭാവം പ്രകടിപ്പിക്കുന്ന തമിഴ് 'കനിനി' എന്ന പദമാണ് Computer -ന് സമാന്തരപദമായി തെരഞ്ഞെടുത്തത്.

    തമിഴില്‍ നിന്നും സംസ്കൃതത്തില്‍ നിന്നും പലതും കടമെടുത്ത് നല്ലൊരു ഭാഷയായി മാറിയ മലയാളത്തില്‍ Computer എന്ന പദത്തെ ദ്യോതിപ്പിക്കാന്‍ പറ്റിയ ഒരു പദമില്ല എന്നത് പരിതാപകരമായ സ്ഥിതിയാണ്. എം. കൃഷ്ണന്‍ നായരും പന്‍മന രാമചന്ദ്രന്‍ നായരും സാനുമാഷും മറ്റും ഉത്സാഹിച്ചാല്‍ ഇതിനൊരു പരിഹാരം ആയേക്കും. എന്നാല്‍ വിവരസാങ്കേതികതാ മേഖലയോട് പലപ്പോഴും പുറം തിരിഞ്ഞു നില്‍ക്കുന്ന മലയാള ബുദ്ധിജീവികളില്‍ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിക്ക വയ്യ!

    സാങ്കേതികതയുടെ Technology പ്രാദേശികവല്‍ക്കരണ Localization സം‌രംഭങ്ങളില്‍ കുറച്ചൊക്കെ പങ്കെടുക്കാന്‍ സാധിച്ച എനിക്ക് Computer എന്നതിന് ഒരു സമാന്തരപദം മലയാളത്തില്‍ നല്‍കാന്‍ കഴിയും എന്ന മിഥ്യാധാരണയാണ് ഈ കുറിപ്പിനടിസ്ഥാനം. Compute എന്ന പദത്തിന്‍റെ അര്‍ത്ഥം 'കണക്കുകൂട്ടുക' എന്നാണല്ലോ. സംസ്കൃതത്തില്‍ അതിന്‍ 'ഗണനം' എന്നു പറയും. അപ്പോള്‍ തമിഴ്, Computer -ന് 'കനിനി" എന്ന പേര്‍ നല്‍കുമ്പോള്‍, മലയാളത്തില്‍ അതിന് സമാനമായ പദം 'ഗണിനി' അല്ലേ? ഇങ്ങിനെയൊരു പദം മലയാള ഭാഷ പോലെത്തന്നെ, തമിഴിനേയും സംസ്കൃതത്തേയും അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്നും ഓര്‍മ്മിപ്പിക്കട്ടെ.

    മലയാള ഭാഷാ പ്രേമികളില്‍ നിന്ന് വിദഗ്ധാഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്

    നക്കീരന്‍ മോഡല്‍ പത്രപ്രവര്‍ത്തനം

    വര്‍ഷം എട്ടോ ഒന്‍പതോ ആയിക്കാണും തമിഴ് വായിക്കാന്‍ തുടങ്ങിയിട്ട്. ബിറ്റ് പുസ്തകങ്ങള്‍ വായിക്കാന്‍ പഠിച്ച ഭാഷ പിന്നീട് ജീവസന്ധാരണത്തിനും വഴി വെച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ! "ഭാഷ പഠിക്കൂ, അവ നിങ്ങളെ രക്ഷിക്കും"

    എന്ന് പണ്ടേതോ, ഭാഷാസഹായിയുടെ പരസ്യത്തില്‍ വായിച്ചത് ഓര്‍മ്മ വരുന്നു. എന്തായാലും ഇങ്ങിനെയൊക്കെ തമിഴ് പഠിച്ചു, പേശി നടക്കും എന്നെ, രണ്ടുദിവസം മുന്‍പ് നമ്മുടെ നക്കീരന്‍ ഗോപാലന്‍ പറ്റിച്ചു.

    നയന്‍‌താര ഒരു കൊച്ചുകള്ളിയാണല്ലോ! കല്യാണം കഴിക്കില്ല, ആണ്‍തുണ വേണ്ട എന്നൊക്കെ വനിതയ്ക്ക് അഭിമുഖം കൊടുത്ത ആയമ്മയെ മോഹന്‍‌ലാലിനെപ്പോലെ എനിക്കും ക്ഷ പുടിക്കും. ആയമ്മയെ വെച്ചാണ് നക്കീരന്‍ ഗോപാലന്‍ എന്നെ പറ്റിച്ചത്. കാലത്തു ടി വി എസ് ചാമ്പിന്‍റെ ഹാന്‍ഡിലില്‍ ചോറ്റുപാത്രവും തൂക്കിയിട്ട് ഓഫീസിലേക്കുള്ള യാത്രയില്‍

    ഞാനതു കണ്ടു - പുതിയ ലക്കം നക്കീരന്‍റെ മള്‍ട്ടികളര്‍ പോസ്റ്റര്‍ പരസ്യം!

    നയന്‍‌താര, നമിത
    ബ്ലൂഫിലിം സിഡിക്കായി അലയും കുമ്പല്‍

    (മൊഴിമാറ്റം : നയന്‍‌താര, നമിത
    ബ്ലൂഫിലിം സിഡിക്കായി അലയും കൂട്ടം)

    ഇതായിരുന്നു കാച്ച് ലൈന്‍. ആനന്ദലബ്ധിക്കിനി എന്തുവേണം? ഉടന്‍ ഞാന്‍ ഉണര്‍ന്നു. ആയമ്മ പതുക്കെ ലൈനിലേക്ക് വരികയാണല്ലോ എന്നു ചിന്തിച്ച്, അടുത്തു കണ്ട കടയില്‍ കയറി, 6 രൂപാ കൊടുത്ത് "മൂഡ്സ് പ്ലീസ്" എന്നു പറയും ലാഘവത്തോടെ നക്കീരന്‍റെ പുതിയ ലക്കം സ്വന്തമാക്കി.

    ഒറ്റവീര്‍പ്പിന് നയന്‍‌താരയുടെ കവര്‍ സ്റ്റോറി വായിച്ചു കഴിഞ്ഞപ്പോഴാണ് നക്കീരന്‍ ഗോപാലന്‍ വിദഗ്ധമായി എന്നെ പറ്റിച്ച കാര്യം പിടികിട്ടിയത്. വായനക്കാര്‍ക്കു വേണ്ടി കവര്‍ സ്റ്റോറിയുടെ ചുരുക്കം ഇതാ :-

    ചെന്നൈയില്‍ സകലമാന വീട്ടുകളിലും ബ്ലൂഫിലിം സിഡി സുലഭം. ചില ഏജന്‍റുകളാണ് ഇത്തരം സിഡികള്‍ വീടുകളില്‍ ഡോര്‍ ഡെലിവറി നടത്തുന്നത്. ഈ ഏജന്‍റുകള്‍ക്ക് ഇപ്പോഴാവശ്യം നയന്‍‌താര, നമിതയുടെ ബ്ലൂഫിലിം സിഡികളാണ്.

    കാരണം ഈ സിഡികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

    സത്യം പറഞ്ഞാല്‍ നക്കീരന്‍ ഗോപാലന്‍ എന്നെ പറ്റിച്ചു എന്നറിഞ്ഞിട്ടും എനിക്കയാളോടുള്ള ബഹുമാനം കൂടിയിട്ടേയുള്ളൂ. തെങ്ങുകയറ്റം, പാട്ടുപാടല്‍, പാറപൊട്ടിക്കല്‍, അഭിനയം തുടങ്ങി കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വരെയുള്ള നിരവധി ജീവസന്ധാരണ ഉപാധികളില്‍ ഒന്നു മാത്രമാണ് പത്രപ്രവര്‍ത്തനം എന്നു എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നക്കീരന്‍ ഗോപാലന് എന്‍റെ നമോവാകം!
    January, 2005

    സാറാജോസഫിന്‍റ്‍റെ കടപ്പുറം സദ്യ

    തൃപ്പയാര്‍ കടപ്പുറത്ത് സാറാജോസഫ് മീന്‍ വെച്ചു വിളംപുന്നതിന്‍റ്‍റെ ചിത്രങ്ങള്‍ പത്രങ്ങളില്‍. സുനാമി ദുരന്തത്തെത്തുടര്‍ന്ന് കഷ്ടത്തിലായ മത്സ്യബന്ധന വ്യവസായത്തെ സഹായിക്കാന്‍ നാട്ടുകാര്‍ നടത്തിയ സദ്യയിലാണ് സാറാജോസഫ് മത്സ്യം വെച്ചു വിളംപിയത്. വൈശാഖന്‍റ്‍റെ വായിലേക്ക് സാറാജോസഫ് മീന്‍ കഷണം വെച്ചു കൊടുക്കുന്നതിന്‍റ്‍റെ ചിത്രമാണ് മനോരമയില്‍. പ്രണയത്തെപ്പറ്‍റിയുള്ള എന്‍റ്‍റെ സങ്കല്‍പ്പങ്ങള്‍ മാറ്‍റണോ? എന്തായിരിക്കും വൈശാഖനേയും സാറട്ടീച്ചറെയും ഒന്നിപ്പിക്കുന്നത്? ഈ വയസ്സുകാലത്ത് ഇങ്ങിനെ പ്രണയം പൊട്ടിമുളക്കുന്നതെങ്ങിനെ?

    January, 2005

    ഈറനിലകളും നിലാവുള്ള രാവും

    ഇന്നലെ, ഷാജുവിന്‍റ്‍റെ എസ് എം എസ് വന്നിരുന്നു, ഈറന്‍ ഇലകളില്‍ നിലാവു വീണ് തിളങ്ങുന്ന രാത്രികളിലേക്ക് ഇടക്കെങ്കിലും തിരിച്ചു പോകണം എന്ന ഓര്‍മ്മിപ്പിക്കലുമായി. ജോലി, യാത്ര, വീട് - ഇതൊഴികെ ഇപ്പോള്‍ ഒന്നിനും സമയം കിട്ടുന്നില്ല. എസ് എം എസ് വായിച്ചതിനു ശേഷം, രാത്രിയേറെച്ചെന്ന്, ഞാന്‍ വിജയന്‍റ്‍റെ തലമുറകള്‍ വായിക്കാനെടുത്തു. മുഴുവന്‍ വായിക്കാന്‍ സമയമില്ലാത്തതിനാല്‍, മുന്‍പ് വായിച്ചപ്പോള്‍ അടയാളപ്പെടുത്തിയ കുറച്ച് അധ്യായങ്ങള്‍ വായിച്ചു. പഴയ പച്ചപ്പിലേക്ക് വായനയിലെങ്കിലും തിരിച്ചുപോകാന്‍ ഒരു ശ്രമം! വളരെ ആശ്വാസം തോന്നി. കുന്നും നിലാവും പാടവും മഴയും എല്ലാം ഇനിവരാത്തവണ്ണം തിരിച്ചു പോയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, ഇതൊക്കെയുള്ള എന്‍റ്‍റെ നാട്ടില്‍ തന്നെയാവണം വിശ്രമജീവിതം എന്നേ ഇപ്പോള്‍ പറയാന്‍ പറ്‍റുന്നുള്ളൂ.

    January, 2005

    മലയാളവ്യാകരണവും കാലവും

    മലയാളത്തില്‍ എത്ര കാലങ്ങളുണ്ട്? മൂന്നെന്ന് പണ്ഡിതന്‍മാര്‍. എന്നാല്‍ മലയാളത്തിന്‍റ്‍റെ അടിമമനോഭാവം കണക്കിലെടുക്കുകയാണെങ്കില്‍ കേരളവുമായി സാമൂഹികമായ ബന്ധം പുലര്‍ത്തിയിരുന്ന എല്ലാ ഭാഷകളില്‍ നിന്നുമുള്ള കാലങ്ങള്‍ മലയാളഭാഷ കടമെടുത്തിരിക്കുന്നതായി കാണുന്നു. നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഈ കാലഭേദങ്ങള്‍ കണക്കിലെടുക്കാതെ എങ്ങിനെയാണ് മലയാള വ്യാകരണ പഠനം പൂര്‍ണ്ണമാവുക? ഇരിഞ്ചയം രവിയുടെ പ്രായോഗിക വ്യാകരണം എന്ന പുസ്തകം ഇതിനൊരു പ്രായോഗിക പരിഹാരം വെക്കുന്നു. വര്‍ത്തമാനകാലത്തില്‍ 4 വിഭാഗങ്ങളും ഭൂതകാലത്തില്‍ 5 വിഭാഗങ്ങളും ഭാവികാലത്തില്‍ 7 വിഭാഗങ്ങളും രവി മുന്നോട്ടു വെക്കുന്നു. എനിക്കു തോന്നുന്നത്, ഇനിയും നിരവധി കാല വിഭാഗങ്ങള്‍ മലയാളത്തില്‍ കണ്ടെത്താമെന്നാണ്.