benny's profileബെന്നിPhotosBlogLists Tools Help

Blog


    November, 2005

    വരമൊഴിയെ മെരുക്കാന്‍ ഒരു കൈ സഹായിക്കൂ

    സുഹൃത്തുക്കളേ, എനിക്ക് അടിയന്തിരമായി സഹായം ആവശ്യമുണ്ട്. മൈക്രോസോഫ്റ്റിന്‍റെ ഒരു ടൂള്‍ ഉപയോഗിച്ചാണ് ഞാന്‍ യൂണിക്കോഡ് ടൈപ്പ് ചെയ്യുന്നത്. നിങ്ങളില്‍ പലരും യൂണിക്കോഡ് ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്നത് വരമൊഴിയല്ലേ? പക്ഷേ, വരമൊഴിയില്‍ നിന്ന് യൂണിക്കോഡിലേക്ക് എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചില്ലക്ഷരങ്ങള്‍ എല്ലാം ബോക്സുകളാവുന്നു. എന്തുകൊണ്ടാണിങ്ങനെ?

    വരമൊഴി ഉപയോഗിച്ച് എനിക്കു ചില്ലറ ജോലികളുണ്ട്. മൈക്രോസോഫ്റ്റിന്‍റെ ടൂള്‍ എനിക്കീ ജോലിക്ക് ഉപയോഗിച്ചു കൂടാ. (വിശദമായി പിന്നെ പറയാം.) വിന്‍ഡോസ് എക്സ്പിയിലാണ് ഞാനീ ജോലി ചെയ്യേണ്ടത്. എസ്പി2 പാക്കും ഉണ്ടായിരിക്കും. മലയാളം IMEയെ വിശ്വസിക്കാന്‍ കൊള്ളില്ല. തോന്നിയ നിലയ്ക്കാണ് അതിന്‍റെ പ്രവര്‍ത്തനം.
     
    എനിക്കേല്‍പ്പിച്ചിട്ടുള്ള ജോലി ചെയ്യാന്‍ വരമൊഴി മാത്രമാണ് ശരണം. എന്നാല്‍ വരമൊഴിയിലെ ചില്ലക്ഷര പ്രശ്നം എന്നെ വലയ്ക്കുന്നു. വരമൊഴി FAQവില്‍ പോയി, അവിടെ പറഞ്ഞിരിക്കുന്ന പോലെയൊക്കെ ചെയ്തു. എന്നിട്ടും വരമൊഴി വഴങ്ങുന്നില്ല.  വരമൊഴിയിലെ ചില്ലക്ഷര പ്രശ്നം പരിഹരിക്കാന്‍ ആരെങ്കിലുമൊന്നു സഹായിക്കൂ. (Please mail me at benny@webdunia.com)

    അനുബന്ധം 1

    സഹായം കിട്ടി. പെരിങ്ങോടരുടെ മൊഴി കീമാപ്പ് എന്റെ രക്ഷക്കെത്തി. മൊഴി ഉപയോഗിച്ചാണ് ഞാനീ അനുബന്ധം ടൈപ്പ് ചെയ്യുന്നത്. ഇപ്പോള്‍ യൂണീക്കോഡ് ടൈപ്പ് ചെയ്യല്‍ എത്രയോ എളുപ്പമായി! സഹായിച്ച പെരിങ്ങോടര്‍ക്കും അനില്‍കുമാറിനും റോക്സിക്കും നന്ദി!

    അനുബന്ധം 2

    അപ്പോള്‍ സിബ്വോ, വരമൊഴിയും മെരുങ്ങി. സിബു പറഞ്ഞ ലൊക്കേഷനില്‍ നിന്ന് വരമൊഴി ഡൌണ്‍‌ലോഡ് ചെയ്തു. അപ്പോഴും പ്രശ്നം തന്നെ. അവസാനം മെഷീനൊന്നു ഷട്ട്‌ഡൌണ്‍ ചെയ്തു റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ദാ എല്ലാം ശരിയായി. ഇപ്പോള്‍ വരമൊഴി അസ്സലായി ചില്ലക്ഷരം റെന്‍‌ഡര്‍ ചെയ്യുന്നു.
    October, 2005

    ഭാഷാതല്‍പ്പരര്‍ക്ക് ജോലിസാധ്യത

    നൌകരിയിലും മോണ്‍സ്റ്ററിലും "ഇരകളെ" കിട്ടാതാവുമ്പോള്‍, കമ്പനികള്‍ക്ക് ദൈവം തമ്പുരാന്‍ തന്നെ ശരണം. ഹൈ എന്‍ഡ് പ്രോഗ്രാമിംഗും ക്രിയേറ്റീവ് ഡിസൈനിംഗും തൊട്ട് പാട്ടെഴുതാന്‍ വരെയുള്ള സകല ഗുലുമാല്‍ ജോലികള്‍ക്കും വേണ്ട റസ്യൂമെകള്‍ ജോബ് സൈറ്റുകളിലുണ്ട്. എന്നാല്‍ "water water everywhere, but, not a drop to drink at all" (വെള്ളം വെള്ളം സര്‍‌വ്വത്ര, തുള്ളി കുടിക്കാനില്ലെത്രെ എന്ന് ലോക്കലൈസേഷന്‍!) എന്നു പറഞ്ഞ പോലെയാണ് പല കമ്പനികളും, പ്രത്യേകിച്ച് ലാംഗ്വേജ് കമ്പ്യൂട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവ.

    ലിനക്സിന്‍റെയും വിന്‍ഡോസ് എക്സ്പിയുടെയും മലയാളം പതിപ്പുകള്‍ അടുത്തുതന്നെ വിപണിയില്‍ ലഭ്യമാവും. (ലിനക്സ്, മലയാളം പതിപ്പ് ഇറക്കിക്കഴിഞ്ഞോ?) അവ എത്തിയാല്‍? കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മോണിറ്ററില്‍ തെളിയുന്നത് മലയാളമായിരിക്കും. എന്തിനും ഏതിനും കമ്പ്യൂട്ടറില്‍ മലയാളം എന്ന അവസ്ഥ. നമ്മളിത് അസ്സലായി പരിചയിച്ചു എന്നിരിക്കട്ടെ. ഇംഗ്ലീഷ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ നമ്മള്‍ വെറുത്തുപോവില്ലേ? അല്ലെങ്കില്‍ അവഗണിക്കില്ലേ? കേരളാ ബ്ലോഗ് റോളില്‍ കയറി, മലയാളം മാത്രം തെരഞ്ഞു പിടിച്ചു വായിക്കുന്നവരെ എനിക്കറിയാം. ഇംഗ്ലീഷ് വായിച്ചാല്‍ മനസ്സിലാകാത്തത് കൊണ്ടല്ല അവരിതു ചെയ്യുന്നത്. അവരുടെ ശീലമാണ് ഇവിടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

    അപ്പോള്‍, മലയാളം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ നിലവില്‍ വന്നാല്‍, മലയാളികള്‍ അവഗണിച്ചേക്കാവുന്ന സോഫ്റ്റ്‌വെയറുകള്‍ നിരവധിയുണ്ട്. ഇവ നിര്‍മ്മിക്കുന്ന കമ്പനികള്‍ സ്വാഭാവികമായി എന്താണു ചെയ്യുക? ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നും! ഇവരും, നിര്‍മ്മിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ക്ക് മലയാളം പതിപ്പിറക്കാന്‍ തുടങ്ങും. ചില കമ്പനികള്‍ ഓടുന്ന നായയ്ക്ക് ഒരുമുഴം മുമ്പേ നീട്ടിയെറിയും. മലയാളം ഓപ്പറേറ്റിംഗ് സിസ്റ്റം വരും മുമ്പേ, ഇങ്ങിനെയുള്ള കമ്പനികള്‍ അവരുടെ സോഫ്റ്റ്‌വെയറുകള്‍ക്ക് മലയാളം പതിപ്പിറക്കും.

    ഞാന്‍ ജോലി ചെയ്യുന്ന കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സോഫ്റ്റ്‌വെയറുകള്‍ക്ക് ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ ഇറക്കുന്നതിലാണ്. മൊബൈല്‍, പിഡിഎ, പാം, കമ്പ്യൂട്ടര്‍ എന്നിവയുടെയൊക്കെ ആപ്ലിക്കേഷനുകള്‍ (പ്രയോഗങ്ങള്‍) ഇന്ത്യന്‍ ഭാഷകളിലേക്ക് ലോക്കലൈസ് (പ്രാദേശികവല്‍ക്കരണം) ചെയ്യലാണ് ജോലി. ഒപ്പം മൊബൈല്‍ പോലുള്ള ഉപകരണങ്ങള്‍ക്കും സോഫ്റ്റ്‌വെയറുകള്‍ക്കും ഒപ്പം വരുന്ന യൂസര്‍ ഗൈഡുകള്‍ (ഉപയോക്തൃ സഹായികള്‍) മൊഴിമാറ്റം ചെയ്യലും.

    ലോക്കലൈസേഷനെന്ന പദത്തിന് മൊഴിമാറ്റം എന്ന അര്‍ത്ഥം പലരും കൊടുത്തു കണ്ടിട്ടുണ്ട്. അതു ശരിയാണെന്ന് തോന്നുന്നില്ല, പകരം, മൊഴിമാറ്റവും ഉള്‍പ്പെടുന്ന ഒരു പ്രോസസ്സ് (പ്രക്രിയ) ആണത്. പ്രാദേശിക ഭാഷയില്‍, സ്പെല്‍ ചെക്കറും (ലിപി പരിശോധനോപാധി) ഗ്രാമര്‍ ചെക്കറും (വ്യാകരണ പരിശോധനോപാധി) ഉണ്ടാക്കുക തൊട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഭാഷാന്തരീകരണം വരെ ലോക്കലൈസേഷന്‍റെ പരിധിയില്‍ വരുന്നു. ട്രാന്‍സ്‌ലിറ്ററേഷന്‍ (ലിപ്യന്തരണം?) അടിസ്ഥാനമാക്കി, മലയാളം ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന വരമൊഴിയുടെ സൃഷ്ടിയും ലോക്കലൈസേഷന്‍റെ പരിധിയില്‍ വരും.

    ജോബ് സൈറ്റുകള്‍ വിളറിപ്പോവുന്ന തൊഴില്‍ മേഖലകളില്‍ ഒന്നാണ്, ലാംഗ്വേജ് കമ്പ്യൂട്ടിംഗും ഭാഷാപരിജ്ഞാനവും കൈകോര്‍ക്കുന്ന ലോക്കലൈസേഷന്‍ ഭൂമിക. സൈറ്റായ സൈറ്റൊക്കെ പരതിയിട്ടും, ഇണങ്ങുന്ന ഒരു റസ്യൂമെ കണ്ടെടുക്കാന്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ആവുന്നില്ല. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയും ഇതിന് അപവാദമല്ല.

    Copy എന്ന പദം ഏതാണ്ടെല്ലാ ആപ്ലിക്കേഷനുകളിലും കാണാം. ക്രിയയായും നാമമായും ഈ ഇംഗ്ലീഷ് പദത്തിന് നിലനില്‍പ്പുണ്ട്. എന്നാലത് മലയാളത്തിലേക്ക് മാറ്റുമ്പോഴോ? "പകര്‍ത്തുക" എന്നും "പകര്‍പ്പ്" എന്നും പറഞ്ഞ് ഒപ്പിക്കാം അല്ലേ? അപ്പോള്‍ Copy and Paste എന്നൊരു സ്ട്രിംഗ് (പദശ്രേണി) ഉപയോക്തൃ സഹായിയില്‍ ഉണ്ടെങ്കില്‍ മൊഴിമാറ്റം എങ്ങിനെ ചെയ്യും? "പകര്‍ത്തി, ഒട്ടിക്കുക" എന്നോ? "പകര്‍ത്തി" എന്നു പറയുമ്പോള്‍ തന്നെ ക്രിയ പൂര്‍ണ്ണമായിക്കഴിഞ്ഞു, പിന്നെ "ഒട്ടിക്കുക" എന്നു പറയുന്നതിന്‍റെ പ്രസക്തി?

    അപ്പോള്‍ പിന്നെ "പകര്‍പ്പെടുക്കുക" എന്ന ക്രിയാരൂപമേ നമ്മുടെ മുന്നിലുള്ളൂ. ഇത് ഉപയോഗിച്ചാല്‍ എല്ലാം ഒരുവിധം ശരിയാവുമെന്ന് തോന്നുന്നു. "പകര്‍പ്പെടുക്കുക", "പകര്‍പ്പ്" എന്നിവയില്‍ പ്രാസമുണ്ട്. ഒപ്പം തന്നെ "പകര്‍പ്പെടുത്ത് ഒട്ടിക്കുക" എന്നു പറയുന്നതിന് സ്വാഭാവികതയും ഉണ്ട്.

    പദത്തിന്, ആപ്ലിക്കേഷന്‍ അനുവദിച്ചേക്കാവുന്ന നീളം, കണക്കില്‍ എടുക്കാതെയാണ് ഞാന്‍ പ്രശ്നപരിഹാരം ഉണ്ടാക്കിയത്. ഞാനീ ചെയ്തതിനേക്കാള്‍ ഭംഗിയായി, Copy പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നവര്‍ ഏറെയുണ്ട്. അവര്‍ക്കു വേണ്ടിയാണ് ഈ കുറിപ്പ്. ലോക്കലൈസേഷനില്‍ ഹരമുള്ള, മലയാളഭാഷയെ സ്നേഹിക്കുന്ന ബിരുദധാരികള്‍ ആരെങ്കിലും ഇത് വായിക്കുകയാണെങ്കില്‍ എന്നെ ബന്ധപ്പെടുക. അഞ്ചോളം ഒഴിവുകള്‍ ഇപ്പോള്‍ കമ്പനിയിലുണ്ട്.
    October, 2005

    ഓഫീസ് തമാശകള്‍ - ഐടി (അ)സംബന്ധം

     
    ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാരിലെത്തിക്കുക എന്നൊരു ദൌത്യം അടുത്തിടെ എന്‍റെ കമ്പനി ഏറ്റെടുത്തു. ഉല്‍പ്പന്നങ്ങളെപ്പറ്റി, സാധാരണക്കാര്‍ക്ക് വായിച്ചു മനസിലാക്കാന്‍ പറ്റുന്ന തരത്തില്‍, മലയാളത്തിലൊരു പരിശീലന പുസ്തകമാണ് മേല്‍പ്പറഞ്ഞ കമ്പനിക്ക് വേണ്ടത്. അവര്‍ ഇംഗ്ലീഷില്‍ ഇറക്കിയിട്ടുള്ള പരിശീലന പുസ്തകം മലയാളീകരിക്കുകയേ വേണ്ടൂ, കൂടെ കുറേ പരിശീലന ഫയലുകളും. എന്നാല്‍ ഒന്‍പതിനായിരം പേജാണ് അതിലുള്ളത്! ഞങ്ങളെക്കൊണ്ടു മാത്രം, നിശ്ചിത സമയപരിധിക്കുള്ളില്‍ ലോക്കലൈസേഷന്‍ നടത്താന്‍ പറ്റില്ലെന്നു സാരം.

    അങ്ങിനെയാണ് റിട്ടയേഡ് കേരളാ സര്‍‌വകലാശാല പ്രഫസ്സറായ ഒരു മാന്യദേഹത്തിനെ ഞങ്ങള്‍ സമീപിച്ചത്. പുള്ളി സംഗതി ഏറ്റെടുത്തു. ക്ലീന്‍ ക്ലീനാക്കി ഒരു മാസത്തിനകം സംഭവം കയ്യില്‍ തന്നു. അങ്ങിനെ ക്ലീന്‍ ക്ലീനാക്കി കയ്യില്‍ കിട്ടിയ സാധനം, അച്ചടിച്ചിറക്കാനുള്ള പരുവത്തിലാക്കണമല്ലോ? അതിനായി പ്രൂഫ് റീഡിംഗിന് ഇറങ്ങിയ ഞാന്‍ ചിരിച്ചു ചിരിച്ചു ബോധം കെട്ട മട്ടിലാണിപ്പോള്‍. കേരള സര്‍‌വകലാശാല വ്യാഘ്രത്തിന്‍റെ ചില രസകരങ്ങളായ ലോക്കലൈസേഷന്‍ പീസുകളില്‍ നിന്ന് ഒരെണ്ണം ഇതാ. താഴെത്തന്നെ ഇംഗ്ലീഷ് മൂലവും കൊടുത്തിരിക്കുന്നു.

    മൊഴിമാറ്റിയത്:
    ഈ പാഠത്തില്‍ ഞങ്ങള്‍ ചര്‍‌ച്ച ചെയ്യുന്ന അവസാനത്തെ പ്രധാന സാങ്കേതിക വെബ് രേഖാ ചിത്രണ പരിഗണന ഫയല്‍ വലിപ്പമാണ്, അത് ഡൌണ്‍ ലോഡ് വേഗതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഒരു വെബ് സര്‍‌ഫര്‍ ആയ നിങ്ങള്‍ ദൃശ്യമാവാന്‍ 10 സെക്കന്‍‌ഡുകളില്‍ അധികം എടുക്കുന്ന താളുകള്‍‌ക്കായി കാത്തിരിക്കുമ്പോള്‍, അക്ഷമരായി നിങ്ങളുടെ മൌസ് കൊണ്ട് ചെണ്ട കൊട്ടുന്നതായി ഒരു പക്ഷെ നിങ്ങള്‍ സ്വയം പിടിക്കപ്പെട്ടിട്ടുണ്ടാകാം. (അല്ലെങ്കില്‍ അതിലും കൂടുതല്‍ സാധ്യത, സാവധാനത്തിലുള്ള താള്‍ മുഴുവനായും പ്രദര്‍‌ശിപ്പിക്കുന്നതിനു മുമ്പായി ക്ലിക്കടിച്ച് പോയിക്കൊണ്ടിരിക്കുക) ഒരു വെബ് രൂപകല്‍‌പ്പന ചെയ്യുന്ന വ്യക്തിയായ നിങ്ങള്‍ക്ക് ആ അക്ഷമ വികാരം പിടിച്ചു നിര്‍‌ത്തേണ്ടി വരും. നിങ്ങള്‍ വെബ് താളുകള്‍ രൂപകല്‍‌പ്പന ചെയ്യുമ്പോഴും വേര്‍ഡ് ആര്‍ട്ട് ഉപയോഗിക്കുമ്പോഴും, നിങ്ങള്‍ എല്ലായ്പോഴും നിങ്ങളുടെ രൂപകല്‍‌പ്പനയില്‍ ഒരു ദൃഷ്ടിയും മറ്റേ ദൃഷ്ടി മറ്റുള്ളവരുടേതിലും താങ്ങിനിര്‍‌ത്തുക. (അത് ഏകദേശം വേദനാജനകമായി തോന്നുന്നു സത്യം!)

    മൂലം:
    The last major “technical” Web graphics consideration that we cover in this lesson is file size, which is directly related to download speeds. As a Web surfer, you’ve probably caught yourself drumming your mouse impatiently while waiting for pages that take longer than 10 seconds to display (or, even more likely, clicking away before the slow page ever fully displays). As a Web designer, you need to hold on to that impatient feeling. When you design Web pages and use Web art, you should always keep one eye on your design and another eye on the user’s perspective. (That almost sounds painful!)

    സംഗതി, സംഭവമായിട്ടില്ലേ? ഓരോ പ്രാവശ്യം ചിരിക്കുമ്പോഴും എനിക്കു ഒരു രൂപാ വെച്ച് തരാന്‍ മറക്കരുത്. (ഇത്തരം പീസുകള്‍ വേണമെന്നുള്ളവര്‍, ബഹളമുണ്ടാക്കാതെ ക്യൂവില്‍ വരിക)
    March, 2005

    Computer-ന് മലയാള സമാന്തരപദം

    Compute എന്ന ക്രിയാപദത്തില്‍ നിന്ന് ഉണ്ടായ Computer എന്ന നാമരൂപത്തെ ഒട്ടുമിക്ക ഭാഷകളും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. എങ്കിലും Glocalization -ന്‍റെ (Globalization + Localization = Glocalization) ഈ ഉത്തരാധുനിക കാലത്തില്‍ ഈ പദത്തിന് തനത് ഭാഷകളില്‍ സമാന്തരപദം കണ്ടെത്താന്‍ ഉള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. മറ്റ് ലോകഭാഷകളോട് എപ്പോഴും ആരോഗ്യപരമായ മത്സരസ്വഭാവം പ്രകടിപ്പിക്കുന്ന തമിഴ് 'കനിനി' എന്ന പദമാണ് Computer -ന് സമാന്തരപദമായി തെരഞ്ഞെടുത്തത്.

    തമിഴില്‍ നിന്നും സംസ്കൃതത്തില്‍ നിന്നും പലതും കടമെടുത്ത് നല്ലൊരു ഭാഷയായി മാറിയ മലയാളത്തില്‍ Computer എന്ന പദത്തെ ദ്യോതിപ്പിക്കാന്‍ പറ്റിയ ഒരു പദമില്ല എന്നത് പരിതാപകരമായ സ്ഥിതിയാണ്. എം. കൃഷ്ണന്‍ നായരും പന്‍മന രാമചന്ദ്രന്‍ നായരും സാനുമാഷും മറ്റും ഉത്സാഹിച്ചാല്‍ ഇതിനൊരു പരിഹാരം ആയേക്കും. എന്നാല്‍ വിവരസാങ്കേതികതാ മേഖലയോട് പലപ്പോഴും പുറം തിരിഞ്ഞു നില്‍ക്കുന്ന മലയാള ബുദ്ധിജീവികളില്‍ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിക്ക വയ്യ!

    സാങ്കേതികതയുടെ Technology പ്രാദേശികവല്‍ക്കരണ Localization സം‌രംഭങ്ങളില്‍ കുറച്ചൊക്കെ പങ്കെടുക്കാന്‍ സാധിച്ച എനിക്ക് Computer എന്നതിന് ഒരു സമാന്തരപദം മലയാളത്തില്‍ നല്‍കാന്‍ കഴിയും എന്ന മിഥ്യാധാരണയാണ് ഈ കുറിപ്പിനടിസ്ഥാനം. Compute എന്ന പദത്തിന്‍റെ അര്‍ത്ഥം 'കണക്കുകൂട്ടുക' എന്നാണല്ലോ. സംസ്കൃതത്തില്‍ അതിന്‍ 'ഗണനം' എന്നു പറയും. അപ്പോള്‍ തമിഴ്, Computer -ന് 'കനിനി" എന്ന പേര്‍ നല്‍കുമ്പോള്‍, മലയാളത്തില്‍ അതിന് സമാനമായ പദം 'ഗണിനി' അല്ലേ? ഇങ്ങിനെയൊരു പദം മലയാള ഭാഷ പോലെത്തന്നെ, തമിഴിനേയും സംസ്കൃതത്തേയും അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്നും ഓര്‍മ്മിപ്പിക്കട്ടെ.

    മലയാള ഭാഷാ പ്രേമികളില്‍ നിന്ന് വിദഗ്ധാഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്